പിതാവിനോടും അയാള്‍ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവുമാണെന്ന് ഒമര്‍ ബിന്‍ ലാദന്‍; 'ഇസ്രയേലില്‍ പോകാന്‍ ആഗ്രഹം'

പിതാവിനോടും അയാള്‍ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവുമാണെന്ന് ഒമര്‍ ബിന്‍ ലാദന്‍;  'ഇസ്രയേലില്‍ പോകാന്‍ ആഗ്രഹം'

''സ്വന്തം മക്കളെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശത്രുക്കളെ വെറുക്കാന്‍ സമയം കണ്ടെത്തിയയാളാണ് പിതാവ് ബിന്‍ ലാദന്‍''.

പാരിസ്: അമേരിക്ക വധിച്ച കൊടും ഭീകരന്‍ ഉസാമാ ബിന്‍ ലാദനെ തള്ളിപ്പറഞ്ഞ് മകന്‍ ഒമര്‍ ബിന്‍ ലാദന്‍. പിതാവിനോടും അയാള്‍ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവുമാണെന്നും അല്‍ ഖ്വയ്ദയുടെ തലവനാകാനുളള അവസരം താന്‍ തള്ളുകയായിരുന്നെന്നും ഒമര്‍ പറഞ്ഞു. ഒരു ഇസ്രായേലി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അല്‍ ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ ആണ്‍മക്കളില്‍ ഇളയവനാണ് ഒമര്‍.

വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ അയല്‍ക്കാരായി സമാധാനത്തില്‍ കഴിയുന്ന ലോകമാണ് നമുക്ക് വേണ്ടത്. അല്‍ ഖ്വയ്ദയുടെ തലപ്പത്തേക്ക് വരാനുള്ള അവസരം വന്നെങ്കിലും അത് നിഷേധിക്കുകയായിരുന്നു. പിതാവ് ബിന്‍ ലാദന്‍ സ്വന്തം മക്കളെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശത്രുക്കളെ വെറുക്കാന്‍ സമയം കണ്ടെത്തിയയാളാണ്. പിതാവിനെ കുറിച്ച് അറിയുകയും അദ്ദേഹത്തിന്റെ ജീവിതം മനസിലാക്കുകയും ചെയ്തപ്പോള്‍ ജീവിതം പാഴാക്കിക്കളഞ്ഞതായി തോന്നി. ഞാനതെല്ലാം ഉപേക്ഷിച്ചു പോരുമെന്ന് എനിക്ക് അന്നുതന്നെ തോന്നിയിരുന്നു.

നിലവില്‍ ഫ്രാന്‍സില്‍ താമസിക്കുന്ന ഒമറിന് അമേരിക്കയും ഇസ്രായേലും സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ട്. തന്റെ ഭാര്യ ജൂത വംശജയാണെന്നും ഇസ്രായേല്‍കാരിയായ അവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒമര്‍ അഭിമുഖത്തില്‍ പറഞ്ഞു. 2001 ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്ത ഒസാമ ബിന്‍ ലാദനെ 2011 മെയില്‍ അമേരിക്കന്‍ സേന പാക്കിസ്ഥാനില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.