സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു; കോളേജുകള്‍ തുറക്കുന്നു

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു; കോളേജുകള്‍ തുറക്കുന്നു


തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു.

ഒക്ടോബര്‍ നാല് മുതല്‍ ടെക്‌നിക്കല്‍, പോളി ടെക്‌നിക്ക്, മെഡിക്കല്‍ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര കോഴ്‌സുകളുടെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി എല്ലാ ഉന്നത വിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്സിനെങ്കിലും എടുത്ത അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വച്ച് തുറക്കാം. ബയോബബിള്‍ മാതൃകയില്‍ വേണം തുറന്നു പ്രവര്‍ത്തിക്കാന്‍.

കോവിഡ് പ്രതിരോധത്തിന് സമാന്തരമായി നിപ പ്രതിരോധവും ഏര്‍പ്പെടുത്തും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേവാര്‍ഡ് നിപ പ്രതിരോധ വാര്‍ഡാക്കും. ഇവിടെ അധികമായി ജീവനക്കാരെ നിയമിക്കും. നിപ പ്രതിരോധത്തിന് എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധം ഏകോപിപ്പിക്കാന്‍ നിപ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. നിപ പ്രതിരോധത്തിന് എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. മന്ത്രിമാര്‍ നിപ പ്രതിരോധ യജ്ഞത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുകയാണെന്നും ജാഗ്രത തുടര്‍ന്നാല്‍ പുതിയ കേസുകള്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ജനസംഖ്യയുടെ 76.15 ശതമാനം പേര്‍ക്ക് (2,18,54,153) ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേര്‍ക്ക് (82,46,563) രണ്ട് ഡോസ് വാക്‌സിനും നല്‍കി. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 92 ശതമാനത്തിലധികം പേര്‍ക്ക് ഒറ്റ ഡോസും 48 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.