ഐ.എന്‍.എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണി കപ്പല്‍ശാലയ്ക്ക് അകത്തുനിന്ന് തന്നെയെന്ന് സൂചന

ഐ.എന്‍.എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണി കപ്പല്‍ശാലയ്ക്ക് അകത്തുനിന്ന് തന്നെയെന്ന് സൂചന

കൊച്ചി: രാജ്യത്തിന്റെ അഭിമാനമായ ഐ.എന്‍.എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഇമെയില്‍ വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ വഴിത്തിരിവ്.

കപ്പല്‍ശാലയെക്കുറിച്ചു വ്യക്തമായ ധാരണയുള്ളയാളാണ് സന്ദേശം അയച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇ-മെയില്‍ സന്ദേശമയച്ച ഐ.പി വിലാസം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കപ്പല്‍ശാലയ്ക്ക് അകത്തു നിന്നാണ് സന്ദേശം എത്തിയത് എന്ന ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് കപ്പല്‍ശാലയിലെ അഞ്ച് ഉദ്യോഗസ്ഥരില്‍നിന്ന് പോലീസ് ചൊവ്വാഴ്ച മൊഴിയെടുത്തു. കപ്പല്‍ശാലയുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം ഭീഷണി സന്ദേശത്തിലുള്ളതിനാല്‍ കൂടുതല്‍ ജീവനക്കാരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. കൊച്ചി കപ്പല്‍ശാലയിലെ മുന്‍ ജീവനക്കാരോ കരാര്‍ തൊഴിലാളികളോ ആകും സന്ദേശം അയച്ചതെന്നാണ് സംശയിക്കുന്നത്. പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടാകും.

കൊച്ചി കപ്പല്‍ശാലയിലെ ഉദ്യോഗസ്ഥര്‍ക്ക് ഓഗസ്റ്റ് 24 നാണ് ഇമെയില്‍ മുഖേന ഭീഷണി സന്ദേശം ആദ്യം ലഭിച്ചത്. കഴിഞ്ഞ ആഴ്ചയാണ് രണ്ടാമത്തെ സന്ദേശമെത്തിയത്. തുടര്‍ന്ന് കപ്പല്‍ശാലയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കനത്ത സുരക്ഷയാണ് കപ്പല്‍ശാലയ്ക്കുള്ളത്. സംസ്ഥാന പോലീസ്, കോസ്റ്റല്‍ പോലീസ്, നേവി എന്നിവരടങ്ങിയ പ്രത്യേക സംഘം കപ്പല്‍ശാലയ്ക്കു പുറത്തെ സുരക്ഷ ഏറ്റെടുത്തു. സി.ഐ.എസ്.എഫ്. അകത്തും സുരക്ഷ തുടരും. കൊച്ചി കായലില്‍ രാത്രി പട്രോളിങ്ങും ഉണ്ടാകും. നങ്കൂരമിട്ടിരിക്കുന്ന മറ്റ് നാല് കപ്പലുകളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

കപ്പല്‍ശാലയിലേക്കുള്ള ജീവനക്കാരെ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ചൊവ്വാഴ്ച ജോലിക്ക് പ്രവേശിപ്പിച്ചത്. ഇത് വരും ദിവസങ്ങളിലും തുടരും. വന്‍ തുക ബിറ്റ്കോയിനായി നല്‍കിയില്ലെങ്കില്‍ ബോംബിടുമെന്നാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം.

പാകിസ്താന്‍ ഏജന്റുമാരുടെ സമ്മര്‍ദം തനിക്കുമേല്‍ ഉണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ ബോംബുകള്‍ പൊട്ടിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കേസന്വേഷണം പോലീസ് എന്‍.ഐ.എ.യ്ക്ക് കൈമാറിയേക്കുമെന്നും സൂചനയുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.