അഫ്ഗാന്‍ സര്‍ക്കാരില്‍ അതിഭീകരര്‍ ഇടംപിടിച്ചതില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ വിഷയം അവതരിപ്പിക്കും

അഫ്ഗാന്‍ സര്‍ക്കാരില്‍ അതിഭീകരര്‍ ഇടംപിടിച്ചതില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍  വിഷയം അവതരിപ്പിക്കും

ന്യൂഡല്‍ഹി: അഫ്ഗാന്‍ സര്‍ക്കാരില്‍ താലിബാന്റെ തന്നെ അതിഭീകര വിഭാഗയായ ഹഖ്ഖാനി നെറ്റ് വര്‍ക്കിനെ ഉള്‍പ്പെടുത്തിയതില്‍ അതൃപ്തി വ്യക്തമാക്കി ഇന്ത്യ. ഇതു സംബന്ധിച്ച നിലപാട് ഇന്ത്യ അമേരിക്കയെയും റഷ്യയെയും അറിയിച്ചു.

താലിബാനെ തല്‍ക്കാലം തള്ളിപ്പറയില്ല. അമേരിക്കയുടെ നിലപാടിനൊപ്പം ഇന്ത്യ നില്‍ക്കും എന്ന സൂചനയാണ് പുറത്തു വരുന്നത്. സിഐഎ മേധാവി വില്ല്യം ജെ ബേര്‍ണ്‌സ് ഇന്ത്യയുടെ നിലപാട് അറിയാനാണ് ഡല്‍ഹിയില്‍ എത്തിയത്.

പാകിസ്ഥാന്‍ ഭീകര സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ ഇടപെടാനുള്ള സാധ്യത ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ വില്ല്യം ബേണ്‌സുമായി ചര്‍ച്ച ചെയ്തു. റഷ്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നിക്കോളെ പെട്രൂഷെവുമായും ഡോവല്‍ ചര്‍ച്ച നടത്തി. കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കുന്നതുള്‍പ്പടെയുളള വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന.


അഫ്ഗാനിസ്ഥാന്‍ മണ്ണ് ഭീകരര്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കും എന്ന ആശങ്കയും ഇരു രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിച്ചു. താലിബാനെക്കുറിച്ചുള്ള നിലപാട് ഐക്യരാഷ്ട്ര രക്ഷാ സമിതി തീരുമാനിക്കാനിരിക്കെ ഇന്ത്യ പ്രകടിപ്പിക്കുന്ന ആശങ്കയ്ക്ക് പ്രസക്തിയേറുകയാണ്.

താലിബാന്‍ സര്‍ക്കാരില്‍ ആഭ്യന്തര ചുമതല ഹഖ്ഖാനി നെറ്റ് വര്‍ക്കിലെ സിറാജുദ്ദീന്‍ ഹഖ്ഖാനിക്കാണ്. 2008 ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിച്ചതിന് പിന്നില്‍ ഹഖ്ഖാനി നെറ്റ് വര്‍ക്കായിരുന്നു. മേഖലയില്‍ ഭീകര സംഘടനകള്‍ ശക്തിപ്പെടുന്നതിലുളള ഇന്ത്യയുടെ ആശങ്ക നാളെ ചേരുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പ്രകടിപ്പിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.