സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തേക്കുള്ള കുടിവെള്ളം നല്‍കുന്ന സിഡ്‌നിയിലെ പ്രധാന ജലസംഭരണി പ്രദേശത്ത് ഡിങ്കോ നായ്ക്കളെയും കുറുക്കന്മാരെയും കൊല്ലാന്‍ സര്‍ക്കാര്‍ വിഷം കലര്‍ത്തിയ ഭക്ഷണം ആകാശത്തുനിന്ന് വിതറാന്‍ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി അവിടേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. സര്‍ക്കാര്‍ നീക്കത്തിനെതിരേ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്. ജലാശയ മേഖലയില്‍ വ്യോമമാര്‍ഗമുള്ള ഈ വിഷം വിതറല്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ വാദിക്കുന്നു.
വാറഗാംബ ഡാം ഉള്‍പ്പെടുന്ന ലോക പൈതൃക മേഖലയായ ഗ്രേറ്റര്‍ ബ്ലൂ മൗണ്ടന്‍സിന്റെ വിവിധ ഭാഗങ്ങളിലാണ് മാംസത്തില്‍ വിഷം കലര്‍ത്തി വിതറാന്‍ ഒരുങ്ങുന്നത്. 1080 എന്നറിയപ്പെടുന്ന മാരക വിഷമാണ് ഇതിനായി ഉപയോഗിക്കുന്നത്. തദ്ദേശീയമായ മൃഗങ്ങളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡിങ്കോ ഇനത്തിലുള്ള നായ്ക്കളെയും കുറുക്കന്മാരെയും കൊല്ലുന്നതെന്നാണ് സര്‍ക്കാര്‍ വാദം.
വാറഗാംബ ഡാമിന്റെ വൃഷ്ടിപ്രദേശം
അണക്കെട്ടിന്റെ പരിസരത്തുള്ള കുറ്റിക്കാട്ടില്‍ മാംസം വിതറാനാണ് തീരുമാനം. മേഖലയിലേക്കുള്ള പ്രവേശനം സര്‍ക്കാര്‍ നിരോധിച്ചു. ബൈക്ക് റൈഡിംഗ്, മോട്ടോര്‍ ബോട്ടിംഗ് എന്നിവയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലും ഇത്തരത്തില്‍ വിഷം കലര്‍ത്തിയ ഭക്ഷണം വിതറിയിരുന്നു. ഈ മാസവും നായ്ക്കളെ കൊല്ലുന്ന പദ്ധതി തുടരാനാണ് സര്‍ക്കാര്‍ നീക്കം. ജലപാതകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വിഷം വീഴില്ലെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം പരിസ്ഥിതി വിദഗ്ദ്ധരായ ശാസ്ത്രജ്ഞര്‍ ഈ വിഷയത്തില്‍ നിരവധി ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ ജനിതക ശാസ്ത്രജ്ഞയും ഡിങ്കോ നായ്ക്കളെക്കുറിച്ച് ഗവേഷണവും നടത്തുന്ന ഡോ. കെയ്‌ലി കെയ്ന്‍സ് ഡിംഗോകള്‍ ഓസ്ട്രേലിയയിലെ മികച്ച വേട്ടക്കാരാണെന്നും അവ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഉറച്ചു വിശ്വസിക്കന്നു. ഈ ജീവികളെ ഇത്തരത്തില്‍ നിയന്ത്രിക്കുകയാണെങ്കില്‍, ആ പ്രദേശത്തെ സന്തുലിതാവസ്ഥ തകരുകയും പാരിസ്ഥിതികമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
കാര്‍ഷിക മേഖലകളില്‍ ഇത്തരം വിഷപ്രയോഗം സാധാരണമാണ്. എന്നാല്‍ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു പ്രദേശത്ത് വിഷം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ആസൂത്രണം ഞെട്ടിക്കുന്നതാണെന്ന് കെയ്‌ലി കെയ്ന്‍സ് പറഞ്ഞു.
ഡിങ്കോ നായ്ക്കള്‍
ഡിങ്കോകളുടെ സാന്നിധ്യം കങ്കാരുക്കള്‍ പെരുകുന്നത് തടയുമെന്നും ഇത് സസ്യങ്ങളെയും സസ്യഭുക്കായ ചെറു ജീവികളെയും സന്തുലിതമായ രീതിയില്‍ വളരാന്‍ അനുവദിക്കുമെന്നും അവര്‍ പറഞ്ഞു. ആവാസവ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഡിങ്കോ നായ്ക്കള്‍ സഹായിക്കുന്നു.
അതേസമയം കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ കാട്ടുതീ ഈ മേഖലയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചതായും അതിനാല്‍ ഡിങ്കോ നായ്ക്കളെയും കുറക്കന്മാരെയും കൊല്ലേണ്ടത് അനിവാര്യമാണെന്നും സെന്റര്‍ ഫോര്‍ ഇന്‍വേസീവ് സ്പീഷീസ് സൊല്യൂഷനിലെ വൈല്‍ഡ് ഡോഗ് മാനേജ്‌മെന്റ് കോര്‍ഡിനേറ്ററായ ഗ്രെഗ് മിഫ്‌സുദ് പറയുന്നു. സങ്കീര്‍ണമായ ഭൂപ്രദേശത്ത് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ ആകാശ മാര്‍ഗം മാത്രമേ വിഷപ്രയോഗം സാധ്യമാകൂ.
ഡിങ്കോകള്‍ മറ്റു വന്യജീവികള്‍ക്ക് വലിയ ഭീഷണിയാണ്. അതിനാല്‍ ഇവയെ കൊല്ലുന്നത് അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു.
ഡിങ്കോകളെയും കുറുക്കന്മാരെയും വിഷം നല്‍കി കൊല്ലുന്നത് ക്രൂരതയാണെന്ന് ലോക പൈതൃക മേഖലയുടെ വലിയൊരു ഭാഗം ഉള്‍ക്കൊള്ളുന്ന ബ്ലൂ മൗണ്ടന്‍സ് സിറ്റി കൗണ്‍സിലിന്റെ മേയര്‍ മാര്‍ക്ക് ഗ്രീന്‍ഹില്‍ പറഞ്ഞു. വിഷം കൊടുത്ത് മൃഗങ്ങളെ കൊല്ലുന്നതിന്റെ അധാര്‍മികത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ വിഷം മറ്റു മൃഗങ്ങളെയും കൊല്ലില്ലെന്ന് യാതൊരു ഉറപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26