വാഷിംഗ്ടണ്‍: ജനുവരി 6 ന് കാപ്പിറ്റോള്‍ കലാപത്തിന്റെ തലേന്ന് രാത്രിയില്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി, ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ആസ്ഥാനങ്ങള്‍ക്കു സമീപം സ്‌ഫോടകവസ്തുക്കള്‍ വച്ചതായി സംശയിക്കുന്ന വ്യക്തിയുടെ പുതിയ വീഡിയോ എഫ്ബിഐ വാഷിംഗ്ടണ്‍ ഫീല്‍ഡ് ഓഫീസ് പുറത്തുവിട്ടു.
പ്രതിയെന്നു സംശയിക്കുന്നയാള്‍ ബാക്ക്പാക്ക് പുറത്തു ധരിച്ച് ഒരു പാര്‍ക്ക് ബെഞ്ചില്‍ ഇരിക്കുന്നതും മറ്റൊരാളുമായി സന്ദേശമയക്കുന്ന മട്ടില്‍ സെല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കാണാം. ഒരു മുഴുവന്‍ ഫ്രണ്ട് വ്യൂ ഉള്‍പ്പെടുന്ന ദൃശ്യം ആദ്യമായാണ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളുടെ സഞ്ചാര പഥവും വീഡിയോയുടെ ഒപ്പമുണ്ട്. ഫോള്‍ഗര്‍ പാര്‍ക്കുമായി ബന്ധപ്പെട്ടാകാം പ്രതി പ്രവര്‍ത്തിച്ചതെന്നും കൂട്ടാളിയുമായാകാം ഫോണില്‍ ആശയവിനിമയം നടത്തിയതെന്നും മുന്‍ എഫ്ബിഐ ഏജന്റ് ടോം ഓകോണര്‍ വീഡിയോ പരിശോധിച്ചശേഷം പറഞ്ഞു.
ഫൂട്ടേജുകളിലും ക്യാപിറ്റോള്‍ ഹില്‍ അയല്‍വാസികളുമായുള്ള അഭിമുഖങ്ങളിലും നിന്ന് ലഭ്യമായ പ്രതിയുടെ പെരുമാറ്റ രീതിയുടെ അവലോകനങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്ബിഐ വിശ്വസിക്കുന്നത് അയാള്‍ ആ പ്രദേശത്തുള്ളയാളല്ല എന്നാണ്.
പ്രതി കണ്ണട ധരിച്ചിട്ടുണ്ട്.മുഖംമൂടി, ചാരനിറത്തിലുള്ള ഷര്‍ട്ട്, ഗ്ലൗസ്,മഞ്ഞ ലോഗോയും കറുപ്പ് -ഇളം ചാരനിറവുമുള്ള നൈക്ക് എയര്‍ മാക്‌സ് സ്പീഡ് ടര്‍ഫ് ഷൂസ് എന്നിവ ധരിച്ചിരുന്നതായി എഫ്ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രണ്ട് പൈപ്പ് ബോംബുകളും കണ്ടെത്തിയത് , രണ്ട് പാര്‍ട്ടി ആസ്ഥാനങ്ങളില്‍ നിന്നും കുറച്ച് ബ്ലോക്കുകള്‍ മാത്രം അകലെ. ആര്‍എന്‍സി കെട്ടിടത്തിന് സമീപം ഒരു വഴിയാത്രക്കാരന്‍ ഒരു പൈപ്പും വയറുകളുടെ ഭാഗവും കണ്ട് അധികൃതരെ അറിയിക്കുകയായിരുന്നു. കലാപത്തിനു ശേഷം മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ സെറ്റ് വീഡിയോയാണിത്. എഫ്ബിഐ ഒരു പ്രതിയെയും പരസ്യമായി തിരിച്ചറിഞ്ഞിട്ടില്ല.
വീഡിയോയിലൂടെ സംശയിക്കപ്പെടുന്ന വ്യക്തികളുടെ വിശദാംശങ്ങളുമായി മുന്നോട്ട് വരാന്‍ പൊതുജനങ്ങളോട് എഫ്ബിഐ ആവശ്യപ്പെട്ടു. ജനുവരി 5 വൈകുന്നേരം ഫോള്‍ഗര്‍ പാര്‍ക്കില്‍ സംശയാസ്പദമായ അല്ലെങ്കില്‍ അസാധാരണമായ നിലയില്‍ ആരെയെങ്കിലും കണ്ടെങ്കില്‍ എഫ്ബിഐയെ വിളിക്കാനും അഭ്യര്‍ത്ഥനയുണ്ട്.
ജനുവരി മുതല്‍ എഫ്ബിഐ 800 ല്‍ അധികം പെരെ ഇതുമായി ബന്ധപ്പെട്ട് കണ്ടു സംസാരിച്ചു. 23,000 വീഡിയോ ഫയലുകള്‍ ശേഖരിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട 300 ല്‍ ഏറെ 'നുറുങ്ങുകള്‍' വിലയിരുത്തി -എഫ്ബിഐയുടെ വാഷിംഗ്ടണ്‍ ഫീല്‍ഡ് ഓഫീസിന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ സ്റ്റീവന്‍ എം ഡി അന്റൂണോ പറഞ്ഞു. ബോംബുകള്‍ സ്ഥാപിച്ചതായി സംശയിക്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ക്ക് 100,000 ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.