പെര്‍ത്ത്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉല്‍പാദിപ്പിക്കുന്ന രാജ്യമെന്ന പദവി ഓസ്‌ട്രേലിയയ്ക്കു സ്വന്തം. തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തുനിന്ന ചൈനയെ മറികടന്നാണ് ഓസ്‌ട്രേലിയ ഈ ചരിത്ര പദവി സ്വന്തമാക്കുന്നത്.
2007 മുതല്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉത്പാദക രാജ്യം ചൈനയായിരുന്നു. ഒരു ദശകത്തോളം ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും.
ഈ വര്‍ഷം ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയ 157 ടണ്‍ സ്വര്‍ണമാണ് ഉത്പാദിപ്പിച്ചത്. ചൈന ഉത്പാദിപ്പിച്ചത് 153 ടണ്ണും.
അതേസമയം, ഓസ്‌ട്രേലിയയിലെ സ്വര്‍ണ ഉല്‍പാദനത്തിലുണ്ടായ വര്‍ധനയല്ല ഈ മാറ്റത്തിനു കാരണമെന്ന് റെഡ് ഫൈവ് മാനേജിംഗ് ഡയറക്ടര്‍ മാര്‍ക്ക് വില്യംസ് പറയുന്നു. ചൈനയിലെ ഖനികളില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്നു. തൊഴിലാളികള്‍ കൊല്ലപ്പെടുന്നു, അതിനാല്‍ ചില ഖനികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് അവിടെ അന്വേഷണം നടക്കുന്നുണ്ട്. അതിനാല്‍ ഉല്‍പാദനത്തില്‍ കുറവുണ്ടായി.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ ഓസ്‌ട്രേലിയന്‍ സ്വര്‍ണ്ണ ഉത്പാദകര്‍ക്ക് ഏറ്റവും മികച്ച സമയമായിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഓസ്‌ട്രേലിയന്‍ ഖനന മേഖലയില്‍ നിന്ന് 328 ടണ്‍ സ്വര്‍ണമാണ് കുഴിച്ചെടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 321 ടണ്ണായിരുന്നു.
പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ സംസ്ഥാനത്തെ സ്വര്‍ണ ഖനന മേഖലയായ കിംഗ് ഓഫ് ദി ഹില്ലില്‍നിന്ന് സ്വര്‍ണം ഖനനം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജം പകര്‍ന്ന് ഈ വാര്‍ത്ത എത്തുന്നത്. റെഡ് ഫൈവ് എന്ന കമ്പനിയാണ് ഖനനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കിംഗ് ഓഫ് ഹില്‍ ഖനിയില്‍ റെഡ് ഫൈവ് തൊഴിലാളികള്‍ സ്വര്‍ണം തേടി ഭൂമിക്കടിയില്‍ 400 മീറ്റര്‍ ആഴത്തില്‍ തുരക്കുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഈ മേഖലയില്‍ സ്വര്‍ണ ഖനനം ആരംഭിച്ചത്. ഏകദേശം ഏഴോ എട്ടോ മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഖനനം ചെയ്‌തെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മാര്‍ക്ക് വില്യംസ് പറയുന്നു.
വിലനിലവാരത്തിലും സ്വര്‍ണം മികച്ചുനില്‍ക്കുന്നു. വില ഒരു ഔണ്‍സിന് 1,800 ഡോളര്‍.
യു.എസ്, ആഫ്രിക്ക തുടങ്ങിയ മറ്റ് സ്വര്‍ണ്ണ ഖനന രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം ചെറിയ ഖനികള്‍ ഓസ്‌ട്രേലിയിലുണ്ട്. അതാണ് ഈ നേട്ടത്തിനു മറ്റൊരു കാരണം.
കിംഗ് ഓഫ് ഹില്‍ സ്വര്‍ണ ഖനി
അതേസമയം കോവിഡ് മഹാമാരി ലോകത്തിലെ സ്വര്‍ണ ഖനികളെയും പിടികൂടിക്കഴിഞ്ഞു. തൊഴിലാളികളുടെ ലഭ്യതക്കുറവും കുതിച്ചു കയറിയ ഉല്‍പാദനച്ചെലവും വിവിധ രാജ്യങ്ങളില്‍ പുതിയ ഖനികള്‍ തുറക്കുന്നതിനു തടസമാകുന്നു.
സ്വര്‍ണ പര്യവേക്ഷണത്തിനുള്ള നിക്ഷേപവും വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍ പാദത്തില്‍ ഇത് 19.3 ശതമാനം ഉയര്‍ന്ന് 429.8 ദശലക്ഷം ഡോളറായി വര്‍ധിച്ചതായി ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നു.
പെര്‍ത്ത് മിന്റ് കമ്പനിയില്‍ സ്വര്‍ണ്ണം ശുദ്ധീകരിക്കുന്ന പ്രക്രിയ
ആഭരണമെന്നതിനേക്കാള്‍ ഉപരി മികച്ച നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണം ആകര്‍ഷകമാകുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോമ്പോഴും സ്വര്‍ണ്ണവില ഉയര്‍ന്നുതന്നെ നില്‍ക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യങ്ങള്‍ ആടിയുലയുമ്പോള്‍ നിക്ഷേപകരെല്ലാം സ്വര്‍ണത്തിലാണ് പണമിറക്കുന്നതെന്ന് പെര്‍ത്ത് മിന്റ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് ഹെയ്‌സ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.