കാബൂളില്‍ സ്ത്രീകളുടെ പ്രതിഷേധം കണ്ടുനിന്ന മാദ്ധ്യമ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച് താലിബാന്‍

 കാബൂളില്‍ സ്ത്രീകളുടെ പ്രതിഷേധം കണ്ടുനിന്ന മാദ്ധ്യമ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച് താലിബാന്‍


കാബൂള്‍: അഫ്ഗാനില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും താലിബാന്റെ ക്രൂരമര്‍ദനം. കാബൂള്‍ നഗരത്തില്‍ ഭീകരതയ്ക്കെതിരെയുള്ള സ്ത്രീകളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെയാണ് ഭീകരര്‍ മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ് നേമത് നഖ്ദിയും താഖി ദര്യാബിയും ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനമേറ്റ ശരീര ഭാഗങ്ങളുടെ ചിത്രം ഇവരുടെ സുഹൃത്തുക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

അഫ്ഗാനിലെ താലിബാന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു നഖ്ദിയും ദര്യാബിയും. ഇരുവരേയും ഭീകരര്‍ തടഞ്ഞുവെയ്ക്കുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഒരു ദിവസത്തിലേറെ ലോക്കപ്പിലിട്ടശേഷമാണ് വിട്ടയച്ചത്.നേരത്തെ ടോളോ ന്യൂസിലെ മാദ്ധ്യമപ്രവര്‍ത്തകന്‍ വാഹിദ് അഹമ്മദിനേയും താലിബാന്‍ തടഞ്ഞുവെച്ചിരുന്നു.കാബൂളില്‍ നിന്നുള്ള എറ്റിലാട്രോസ് എന്ന പ്രാദേശിക ദിനപത്രത്തിന്റെ അഞ്ച് ലേഖകരെ നേരത്തെ താലിബാന്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാള്‍ക്കും ക്രൂരമര്‍ദ്ദനമേറ്റു. നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇയാള്‍.

അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും താലിബാന്‍ അവരുടെ തനിനിറം കാട്ടിത്തുടങ്ങിയെന്നാണ് അഫ്ഗാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാദ്ധ്യമ സ്വാതന്ത്ര്യം വിലക്കിയും, സ്ത്രീകളെ അടിച്ചമര്‍ത്തിയും അവരുടെ സ്വാതന്ത്ര്യവും അടിസ്ഥാന അവകാശങ്ങളും നിഷേധിച്ചുകൊണ്ടുള്ള ഭരണ രീതി തന്നെ വീണ്ടും. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും അഫ്ഗാനില്‍ നിന്നു പുറത്തുവരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.