വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുമായി സഹകരണം ശക്തമാക്കാന്‍ ഓസ്ട്രേലിയ; ഹൈക്കമ്മീഷണര്‍ കേന്ദ്ര മന്ത്രിയെ കണ്ടു

വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുമായി സഹകരണം ശക്തമാക്കാന്‍ ഓസ്ട്രേലിയ; ഹൈക്കമ്മീഷണര്‍ കേന്ദ്ര മന്ത്രിയെ കണ്ടു


ന്യൂഡല്‍ഹി: വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഉന്നത തലത്തില്‍ ധാരണ.ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ബാരീ ഒ ഫാരെല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇതിനായുള്ള സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായി.

'ഇന്ത്യയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണറുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. ബാരി ഒ ഫാരെലിന്റെ സന്ദര്‍ശനം ഏറെ സന്തോഷം പകരുന്ന ഒന്നാണ്. എല്ലാ മേഖലയിലും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സമഗ്രമായ പങ്കാളിത്തമാണ് ചര്‍ച്ച ചെയ്തത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി തന്നെ ഓസ്ട്രേലിയയുമായുള്ള സഹകരണത്തിന് വലിയ മാനങ്ങളാണ് കൈവരുന്നത്. ഗവേഷണം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, വൊക്കേഷണല്‍ ട്രെയിനിംഗ്, വിദ്യാര്‍ത്ഥികളെ പരസ്പരം കൈമാറല്‍, പാഠ്യപദ്ധതികളുടേയും വിഷയങ്ങളുടേയും കാലോചിതമായ പരിഷ്‌ക്കാരം, അദ്ധ്യാപന രീതിയില്‍ ആവിഷ്‌ക്കരിക്കേണ്ട മാറ്റങ്ങള്‍ എല്ലാം സഹകരിക്കാവുന്ന മേഖലയായി കണ്ടെത്തിയിട്ടുണ്ട്.'- ധര്‍മ്മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയും ചൈനയുമാണ് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ കൂടുതലായി എത്തിച്ചിരുന്നത്.അതേസമയം, ഏതാനും വര്‍ഷങ്ങളായി ചൈനയുമായുള്ള അസ്വാരസ്യം ഓസ്ട്രേലിയയുടെ എല്ലാ നയത്തിലും പ്രകടമാണ്. വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവുമധികം മുതല്‍ മുടക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയെ വിശ്വാസത്തിലെടുക്കുന്നുണ്ട് ഓസ്ട്രേലിയ. ഒപ്പം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മികവിലും ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തിലും ഓസ്ട്രേലിയ്ക്ക് വിശ്വാസവുമുണ്ട്. ഈ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസരംഗത്തെ സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനത്തെ സുപ്രധാന ചുവടുവയ്പ്പായി വിദ്യാഭ്യാസ വിദഗ്ധര്‍ വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.