പുനരൈക്യത്തിന്റെ രക്തസാക്ഷി: മാര്‍ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ചരമദിനം ഇന്ന്

പുനരൈക്യത്തിന്റെ രക്തസാക്ഷി: മാര്‍ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ചരമദിനം ഇന്ന്

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ ഒന്നിപ്പിക്കാന്‍ തന്റെ ജീവിതം വിലയായി നല്‍കിയ ധീര സഭാസ്‌നേഹിയായ മാര്‍ യൗസേഫ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ചരമദിനം ഇന്ന് ആചരിക്കുന്നു. പുരാതന രൂപതയായ കൊടുങ്ങല്ലൂരിന്റെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയാണ് മാര്‍ യൗസേഫ് കരിയാറ്റി.

1742 മേയ് അഞ്ചിന് പൈലി-മറിയം ദമ്പതികളുടെ നാലാമത്തെ മകനായി എറണാകുളം ജില്ലയിലെ ആലങ്ങാട്ട് ഗ്രാമത്തിലാണ് ജനനം. കൂര്‍മ്മബുദ്ധിയും വിശ്വാസകാര്യത്തില്‍ അതീവ ശ്രദ്ധാലുവുമായ കരിയാറ്റിയില്‍ ജോസഫ് പതിമൂന്നാം വയസില്‍ റോമിലേക്ക് പഠനത്തിനായി അയക്കപ്പെട്ടു.

അറിവ്, ദൈവഭയം, അനുസരണം, സത്സ്വഭാവം ആത്മാര്‍ഥത എന്നീ വിശേഷഗുണങ്ങളുടെ വിളനിലമായിരുന്നു അദ്ദേഹം.

1766 മാര്‍ച്ചില്‍ 15-ന് റോമിലെ ലാറ്ററന്‍ ബസിലിക്കയില്‍ വച്ച് വൈദിക പട്ടം സ്വീകരിച്ചതിനുശേഷം ഇന്ത്യയിലേക്കു മടങ്ങി. ആലങ്ങാട് സെമിനാരിയില്‍ സുറിയാനി മല്‍പാനായി നിയമിതനായി.

കൂനന്‍ കുരിശുസത്യത്തിലൂടെ ഭിന്നിച്ചുപോയ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ (പുത്തന്‍കൂറ്റുകാര്‍) മാതൃസഭയിലേക്കു തിരിച്ചുകൊണ്ടുവരാനും കേരളത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്ക് വിദേശികളായ മതമേലധ്യക്ഷന്മാരുടെ ഭരണത്തിന്‍ കീഴില്‍നിന്നു മോചനം നേടാനും നടത്തിയ പരിശ്രമങ്ങളുടെ ഭാഗമാണ് അദ്ദേഹം നടത്തിയ റോമ്മാ യാത്ര.

1778 നവംബര്‍ 14 ന് കരിയാറ്റിയും പാറേമാക്കല്‍ തോമ്മാക്കത്തനാരും രണ്ട് മ്ശംശാനമാരും റോമിലേക്ക് കപ്പല്‍ യാത്ര ആരംഭിക്കുകയും 1780 ജനുവരി 30-ന് റോമില്‍ എത്തിചേരുകയും ചെയ്തു. 1782 ജൂലൈ 16 ന് പോര്‍ച്ചുഗീസ് രാജ്ഞി കരിയാറ്റിയെ കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തയായി നിയമിച്ചു. ആ വര്‍ഷംതന്നെ മാര്‍ച്ച് 17നു കരിയാറ്റി പിതാവിന് പാലിയം (റോമാ സഭയുടെ ആചാരമനുസരിച്ചു മെത്രാപ്പോലീത്ത സ്ഥാനത്തിന്റെ പൂര്‍ത്തീകരണമായ തിരുവസ്ത്രം) ലഭിച്ചു.

ഇതേസമയം കേരളത്തിലെ ലത്തീന്‍ മിഷണറിമാരില്‍ ചിലര്‍ കരിയാറ്റി മെത്രാപ്പോലീത്തയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് തടയാനുള്ള കുതന്ത്രങ്ങള്‍ മെനഞ്ഞു. നാട്ടുമെത്രാന്‍ വന്നുകഴിഞ്ഞാല്‍ യൂറോപ്യന്മാര്‍ക്കു ഇവിടെയുള്ള അധികാരം നഷ്ടപ്പെടും എന്നതിനാലായിരുന്നു ഈ നീക്കം. മാര്‍ തോമ ആറാമനെയും പുത്തന്‍കൂര്‍ വിഭാഗത്തെയും കത്തോലിക്കാസഭയില്‍ ഒന്നിപ്പിക്കാനുള്ള എല്ലാ പദവികളും അധികാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

തിരികെ കേരളത്തിലേക്കുള്ള യാത്രാമധ്യേ ഗോവയില്‍ ഇറങ്ങേണ്ടി വന്ന അദ്ദേഹം 1786 സെപ്റ്റംബര്‍ 9 ന് രാത്രി 9:30 ന് ദുരൂഹസാഹചര്യത്തില്‍ ആകസ്മികമായി ചരമം പ്രാപിച്ചു. ഗുരുതരമായ പനിയും ശ്വാസസംബന്ധമായ ഉണ്ടായ അസ്വസ്ഥതയുമാണ് മരണത്തിനു കാരണമെന്ന് പ്രചരിച്ചിരുന്നു. എങ്കിലും മാമ്പഴം കഴിച്ചപ്പോള്‍ ഉണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് വര്‍ത്തമാനപുസ്തകത്തില്‍ പാറേമാക്കല്‍ പറഞ്ഞു വയ്ക്കുന്നു. ഗോവന്‍ ആര്‍ച്ച് ബിഷപ്പിന്റെ വസതിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. പിറ്റേന്ന് ഗോവയിലെ സെന്റ് കാതറിന്‍ സിംഹാസനപള്ളിയില്‍ കബറടക്കവും നടത്തി. ചരിത്ര വിസ്മൃതി യിലേക്ക് ആണ്ടുപോയ ഈ കബറിടം ഒരു ആകസ്മിക സംഭവത്തെ തുടര്‍ന്ന് കണ്ടെത്തുകയായിരുന്നു. 1932-ല്‍ കോട്ടയം അതിരൂപത മെത്രാനായിരുന്ന മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ സെന്റ് കാതറിന്‍ കത്തീഡ്രല്‍ പള്ളിയില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടെന്ന് ധൂപക്കുറ്റി മറിഞ്ഞ് താഴെ വീഴുകയും മദ്ബഹായിലെ കയറ്റുപായ കത്തിപ്പോകുകയും ചെയ്തപ്പോള്‍ അത്ഭുതമെന്നപോലെ അവിടെ മാര്‍ കരിയാറ്റിയുടെ കബറിടം കാണപ്പെട്ടു . അന്നുവരെ അജ്ഞാതമായിരുന്ന ആ കബറിടം അങ്ങനെ വീണ്ടും ജനശ്രദ്ധയിലേക്കു കടന്നു വന്നു. 1960 ല്‍ കബറിടം തുറക്കുകയും ശേഷിപ്പുകളും രക്തം അലിഞ്ഞു ചേര്‍ന്ന മണ്ണും ഏതാനും ചില അസ്ഥികളും അംശവസ്ത്രത്തിന്റെ ഭാഗങ്ങളും പേടകത്തിനുള്ളിലാക്കി. 1960 ഡിസംബറില്‍ പിതാവിന്റെ ഭൗതിക ശേഷിപ്പുകള്‍ അടങ്ങിയ പേടകവുമായി കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ഗോവയില്‍നിന്ന് മടങ്ങി. എറണാകുളത്ത് എത്തിച്ചേര്‍ന്ന തിരുശേഷിപ്പ് പേടകം മാര്‍ പാറേക്കാട്ടിലിന്റെ റോമാ സന്ദര്‍ശനം മൂലം താത്കാലികമായി എറണാകുളം അരമനയില്‍ സൂക്ഷിച്ചു.

1961 ഏപ്രില്‍ 11 ന് സഭാ തലവനെ സ്വീകരിക്കുന്ന അതേ ആദരവോടെയും ആഘോഷങ്ങളോടുകൂടിയും മാര്‍ കരിയാറ്റില്‍ പിതാവിന്റെ തിരുശേഷിപ്പ് ആലങ്ങാട് പള്ളിയിലേക്ക് ആനയിച്ചു. എണ്ണമറ്റ പൊന്‍ - വെളളി കുരിശുകളുടെയും ജനസഹസ്രങ്ങളുടെയും സാന്നിധ്യത്തില്‍ പിതാവിന് ജീവനോടെയിരിക്കുമ്പോള്‍ എന്ന പോലെയുളള സ്വീകരണമായിരുന്നു അന്ന് നടന്നത്. ഇതിനായി 33 അടി നീളവും 16 അടി ഉയരമുള്ള 'സ്റ്റെല്ലാ മേരിസ്' എന്ന പേരില്‍ ഒരു പായ്ക്കപ്പല്‍ ലോറിയില്‍ നിര്‍മ്മിച്ച് തയാറാക്കി. ഏപ്രില്‍ 11 ചൊവ്വാഴ്ച രാവിലെ ആലങ്ങാട് പള്ളിയില്‍ വിവിധ സഭകളിലെ മേല്‍പ്പട്ടക്കാരുടെയും പട്ടക്കാരുടെയും സാന്നിധ്യത്തില്‍ സ്വീകരണം. ആഘോഷമായ റാസ കുര്‍ബാനയെ തുടര്‍ന്ന് വൈകുന്നേരം മൂന്നിന് പിതാവിന്റെ കബറടക്കം നടത്തപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26