ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാംങ്മൂലം നല്‍കി. അല്ലാത്തപക്ഷം നിരവധി കുട്ടികള്‍ക്ക് അവസരം നഷ്ടമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇന്റര്‍നെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്ത നിരവധി കുട്ടികളുണ്ടെന്നും, ഓണ്‍ലൈന്‍ പരീക്ഷയാണെങ്കില്‍ ഇവരില്‍ പലര്‍ക്കും അവസരം നഷ്ടമാകും. വീടുകളില്‍ ഇരുന്ന് കുട്ടികള്‍ എഴുതിയ മോഡല്‍ പരീക്ഷയുടെ അടിസ്ഥനത്തില്‍ പ്ലസ് വണ്‍ മൂല്യനിര്‍ണയം നടത്താനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി.
പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് പ്ലസ് വണ്‍ പരീക്ഷ. പരീക്ഷ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒക്ടോബറില്‍ മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. കോവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോള്‍ നേരിട്ടുള്ള പരീക്ഷാ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീം കോടതി നേരത്തേ സ്വീകരിച്ച നിലപാട്. സുപ്രീം കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കും.
അതിനിടെ അടുത്ത ആഴ്ചയോടെ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ലഭിച്ചേക്കും. നിയന്ത്രണം വാര്‍ഡ് തലത്തില്‍ നിന്നും മൈക്രോ കണ്ടെയിന്മെന്റ് തലത്തിലേക്ക് നീങ്ങും. കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്നാണ് പ്രഖ്യാപനം. വിദ്യാര്‍ത്ഥികള്‍ വാക്‌സിന് അതാത് പ്രദേശത്തെ ആശാ വര്‍ക്കറെ ബന്ധപ്പെടണം. കോളേജിലെത്തും മുന്‍പ് വിദ്യാര്‍ത്ഥികള്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വാക്‌സിനെടുക്കാത്ത വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറും. ഇതനുസരിച്ച് തുടര്‍ വാക്‌സിന്‍ നടപടി സ്വീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.