ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ദുരന്തം ഇരുപതു വയസ്സ് പിന്നിടുന്നു

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ദുരന്തം ഇരുപതു വയസ്സ് പിന്നിടുന്നു


ന്യൂയോര്‍ക്ക്: ഒസാമ ബിന്‍ ലാദന്റെ അല്‍ ഖ്വയ്ദ സംഘം അഴിച്ചുവിട്ട ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് ഇന്ന് 20 വയസ്സ്.മുന്‍പ് അധികമാരും കേള്‍ക്കാതിരുന്ന കൊടും ഭീകര പ്രസ്ഥാനത്തിന്റെ പേര് കുപ്രസിദ്ധിയാര്‍ജ്ജിച്ച് തുടങ്ങിയ ദിവസമായി മാറി 2001 സെപ്റ്റംബര്‍ 11.അന്നാണ്് ലോക പോലീസ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അമേരിക്കയുടെ അഭിമാനത്തിന് മുകളിലേക്ക് ആഗോള ഭീകരവാദത്തിന്റെ വിമാനങ്ങള്‍ ഇടിച്ചിറങ്ങിയത്.

അമേരിക്കയുടെ സഹായത്തോടെ രഹസ്യമായി വളര്‍ന്ന കൊടുംഭീകരനെന്ന വിശേഷണവുമുള്ള ഒസാമ ബിന്‍ ലാദന്‍ ഏറ്റവും വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ലോകവ്യാപാര ഭൂപടത്തില്‍ തല ഉയര്‍ത്തി നിന്ന ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ എന്ന ഇരട്ട ഗോപുരത്തില്‍ വിമാനം ഇടിച്ചിറക്കി ആയിരുന്നു. ലാദന് വേണ്ടി തുടങ്ങിയ അഫ്ഗാന്‍ മണ്ണിലെ അമേരിക്കയുടെ സൈനിക നടപടികള്‍ അവസാനിപ്പിച്ചതും ഭീകരസംഘടനയായ താലിബാന്‍ വീണ്ടും അഫ്ഗാനില്‍ ഭരണത്തിലേറിയതും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്നിട്ട് 20 വര്‍ഷം ആകുന്നതും ഒരേ സമയത്താണെന്നതും ശ്രദ്ധേയം.

ആക്രമണത്തിലെ ആകെ മരണം 2977. ഹൈജാക്ക് ചെയ്യപ്പെട്ടത് നാല് വിമാനങ്ങള്‍. അതില്‍ ആദ്യത്തേത്, ഫ്ളൈറ്റ് 11, രാവിലെ 8:46 -ന്, വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവറിലേക്ക് ഇടിച്ചു കയറ്റപ്പെടുന്നു. രണ്ടാമത്തേത്, ഫ്ളൈറ്റ് 175, രാവിലെ 9:03 -ന് സൗത്ത് ടവറിലേക്കും ക്രാഷ് ചെയുന്നു.രാവിലെ 9:59 അടുപ്പിച്ച് സൗത്ത് ടവര്‍ നിലം പൊത്തുന്നു. 10:28 -ന് നോര്‍ത്ത് ടവറും തകര്‍ന്നടിയുന്നു. രണ്ടു ടവറുകളിലുമായി ഉണ്ടായിരുന്ന 2,595 പേര്‍ കൊല്ലപ്പെടുന്നു, ഒപ്പം രണ്ടു വിമാനങ്ങളിലുമായി ഉണ്ടായിരുന്ന 157 പേരും.കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും തീപ്പിടത്തില്‍ നിന്നുണ്ടായ പുക നിറഞ്ഞു.

അതൊരു വിമാനാപകടം മാത്രമാണ് എന്നായിരുന്നു ആദ്യ ധാരണ.പല നിലകളിലെയും ജനാലകളില്‍ രക്ഷിക്കാന്‍ ആരെങ്കിലും വരും എന്ന പ്രതീക്ഷയോടെ പലരും പുറത്തേക്ക് നോക്കി നിന്നിരുന്നത്രേ.തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് കൂമ്പാരത്തിനുള്ളില്‍ നിന്ന് ഒന്നൊന്നായി മൃതദേഹങ്ങള്‍ പുറത്തേക്കെടുക്കുക ഏറെ ശ്രമകരമായ പ്രവൃത്തിയായിരുന്നു.മരിച്ചവരില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ നിരവധി അഗ്‌നിശമന സേനാംഗങ്ങളുമുണ്ടായിരുന്നു. പെന്റഗണിനു നേരെയും ആക്രമണ ശ്രമം നടന്നു. 9:37 -ന് പോട്ടോമാക്ക് നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന പെന്റഗണ്‍ ടവേഴ്‌സിലേക്ക് വിമാനം ഇടിച്ചിറക്കി. അതോടെ അടിയന്തര നടപടികള്‍ ഉണ്ടായി. പ്രസിഡന്റ് ജോര്‍ജ് ബുഷിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വൈറ്റ് ഹൗസ് ഒഴിപ്പിക്കപ്പെട്ടു.

അതേസമയം 110 നിലകളുള്ള രണ്ടു ടവറുകള്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ തകര്‍ന്നടിഞ്ഞ് നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും, ആ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ കാര്യമായ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ട ചിലരുണ്ട്. സ്റ്റെയര്‍വെ ബി എന്നറിയപ്പെട്ട ആ ഒരു കോണിപ്പടിയില്‍ ചെന്ന് നിന്ന 16 പേര്‍ ആ ആക്രമണത്തെ അത്ഭുതകരമായി അതിജീവിച്ചു. 'അതിജീവനത്തിന്റെ കോണിപ്പടി' എന്നറിയപ്പെടുന്ന ആ ഭാഗം ഇന്ന് ദേശീയ 9/11 മ്യൂസിയത്തിന്റെ ഭാഗമാണ്.

ഭീകരാക്രമണങ്ങളും ഭീകരരും അതിനു മുന്‍പ് പലരാജ്യങ്ങളിലും പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു സംഭവമില്ലായിരുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും രക്തരൂക്ഷിതമായ ഭീകരാക്രമണങ്ങളില്‍ ഒന്നായി 9/11 എന്ന വാക്കിനാല്‍ പിന്നീട് അടയാളപ്പെടുത്തപ്പെട്ട ഈ തീവ്രവാദ ആക്രമണം മാറുന്നു. തങ്ങളുടെ ജനതയ്ക്ക് കൊടുംവില്ലനായി തീര്‍ന്ന ഉസാമ ബിന്‍ ലാദനെ തേടി അമേരിക്ക അഫ്ഗാനിലെത്തി. പിന്നീട് യുദ്ധം.

ലാദന്റെ തീവ്ര നിലപാടുകളില്‍ ആകൃഷ്ടരായ മുഹമ്മദ് ആറ്റ എന്ന ഈജിപ്തുകാരന്‍ ആയിരുന്നു ലോകത്തെ ഞെട്ടിച്ച ആക്രമണത്തിലെ ചാവേര്‍ നായകന്‍. നാല് വിമാനങ്ങളാണ് സംഘം തട്ടിയെടുത്ത് ആക്രമണത്തിനുപയോഗിച്ചത്.വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ഒസാമ ബിന്‍ ലാദന്‍ അമേരിക്കയ്ക്കുമേല്‍ നടത്തുന്ന ആദ്യ ആക്രമണമായിരുന്നില്ല. 1992 യമനില്‍ യുഎസ് സൈനികര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ആക്രമണം നടത്തിയതും 1995 സൗദി അറേബ്യയിലെ യുഎസ് സൈനിക പരിശീലന ക്യാമ്പില്‍ നടത്തിയ കാര്‍ബോംബ് സ്ഫോടനവുമെല്ലാം അല്‍ഖ്വയ്ദ അമേരിക്കയ്ക്ക് നേരെ ഉയര്‍ത്തിയ വെല്ലുവിളികള്‍ ആയിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെ കുപ്രസിദ്ധി ആര്‍ജ്ജിച്ചത് ബിന്‍ലാദന്‍ ആണെങ്കിലും ആക്രമണത്തിന്റെ യഥാര്‍ത്ഥ ശിരസ് എന്ന് അമേരിക്ക പോലും വിലയിരുത്തിയിരുന്നത് ഖാലിദ് മുഹമ്മദ് എന്ന ഭീകരനെയാണ്. 2003ല്‍ അമേരിക്ക ഇയാളെ പിടികൂടി.

ആക്രമണം നടന്ന സെപ്റ്റംബര്‍ 11ന് രാത്രി തന്നെ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 14 ന് ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം നടത്തിയ പ്രസംഗം അമേരിക്കയുടെ തിരിച്ചടി വ്യക്തമാക്കുന്നതായിരുന്നു.2001 ഒക്ടോബര്‍ 26 ന് അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ അഫ്ഗാന്റെ മണ്ണില്‍ പറന്നിറങ്ങി. പഞ്ച്ശിര്‍ പ്രവിശ്യയില്‍ ബോംബ് വര്‍ഷിച്ചായിരുന്നു അമേരിക്കയുടെ അഭിമാന ഗോപുരം തകര്‍ത്ത കൊടും ഭീകരനു വേണ്ടിയുള്ള വേട്ട അമേരിക്ക ആരംഭിക്കുന്നത്. പിന്നീട് നീണ്ട 20 വര്‍ഷം.

അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിനെ സൈനിക നടപടിയിലൂടെ അമേരിക്ക പുറത്താക്കി. അമേരിക്കന്‍ ആക്രമണത്തില്‍ ശക്തി ക്ഷയിച്ച അല്‍-ഖ്വയ്ദയും നേതാവ് ഒസാമ ബിന്‍ ലാദനും പാക്കിസ്താനില്‍ സുരക്ഷിത താവളം കണ്ടെത്തിയിരുന്നു.പത്തു വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പാകിസ്താനിലെ അബട്ടാബാദില്‍ ഉസാമ ബിന്‍ ലാദന്‍ ഒളിവില്‍ കഴിയുന്നതായി അമേരിക്കന്‍ സേന കണ്ടെത്തിയത്. 2011 മെയ് രണ്ടിന് അബട്ടാബാദിലെ ഒളി സങ്കേതത്തില്‍ എത്തി അമേരിക്കന്‍ സൈനികര്‍ രാജ്യത്തിന്റെ ഉറക്കം കെടുത്തിയ ലാദനെ കൊലപ്പെടുത്തി പിന്നീട് മൃതദേഹം കടലില്‍ ഒഴുക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.