ചക്ക ഇനി സീസണല്ലാത്തപ്പോഴും ലഭിക്കും; ശീതീകരിച്ച് സൂക്ഷിക്കാനൊരുങ്ങി കൃഷിവകുപ്പ്

ചക്ക ഇനി സീസണല്ലാത്തപ്പോഴും ലഭിക്കും; ശീതീകരിച്ച് സൂക്ഷിക്കാനൊരുങ്ങി കൃഷിവകുപ്പ്

സീസണല്ലാത്ത സമയങ്ങളിലും ചക്ക ഇനി ലഭിക്കും. സീസൺ സമയത്ത് ലഭിക്കുന്ന ചക്ക ശീതീകരിച്ച് കേടാവാതെ സൂക്ഷിക്കാൻ കൃഷിവകുപ്പ് ഒരുങ്ങുന്നു. ചക്കയ്ക്ക് മികച്ചവില ലഭ്യമാക്കി കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

2020-21 സാമ്പത്തികവർഷത്തിൽ 35 ടണ്ണോളം ചക്കയുടെ വിപണനം നടന്ന സാഹചര്യത്തിലാണ് കൃഷിവകുപ്പ് ഇത്തരത്തിൽ ഒരു നീക്കവുമായി മുന്നോട്ടുവന്നത്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയും (വി.എഫ്.പി.സി.കെ) കൃഷിവകുപ്പും ചേർന്ന് ചക്ക കർഷകർക്ക് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.

വി.എഫ്.പി.സി.കെ മുഖേന പഴവർഗ കൃഷിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തി മാത്രമാണ് നടക്കുന്നത്. വി.എഫ്.പി.സി.കെയുടെ കീഴിൽ ഇടുക്കിയിലെ കലയന്താനിയിലും വയനാട്ടിലെ മുട്ടിലിലും ചക്കവിപണന കേന്ദ്രം തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം വിപണനശൃംഖല വിപുലമാക്കുന്നതിനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിപണി കണ്ടെത്തുന്നതിനും വി.എഫ്.പി.സി.കെ ശ്രമിക്കുന്നു.

ചക്ക സംഭരണത്തിന് കിലോഗ്രാമിന് അഞ്ചുരൂപ നിരക്കിൽ വി.എഫ്.പി.സി.കെ. കർഷകർക്ക് സഹായം നൽകുന്നുണ്ട്. ചക്കയുടെ മൂല്യവർധനയ്ക്കുള്ള പരിശീലനം കർഷകർക്ക് നൽകുന്നതിനുള്ള പദ്ധതിയും നടത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.