കോവിഡ് വാക്സിന്‍ രണ്ടു ഡോസും എടുത്തവരില്‍ മരണനിരക്ക് 25 ശതമാനം കുറവെന്ന് ഗവേഷകര്‍

കോവിഡ് വാക്സിന്‍ രണ്ടു ഡോസും എടുത്തവരില്‍ മരണനിരക്ക് 25 ശതമാനം കുറവെന്ന് ഗവേഷകര്‍

വാഷിംഗ്ടണ്‍: കോവിഡ് വാക്‌സിനേഷനില്‍ വലിയ പുരോഗതി കൈവരിച്ച അമേരിക്കയില്‍ ഡെല്‍റ്റ വകഭേദം പിടിമുറുക്കുമ്പോള്‍, രോഗബാധിതരിലെ ലക്ഷണങ്ങള്‍ സാധാരണ കണ്ടുവന്നിരുന്ന കോവിഡ് ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമെന്ന് ഗവേഷകര്‍.

പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ കോവിഡിന്റെ പ്രധാനരോഗലക്ഷണമായ രുചി, ഗന്ധം എന്നിവ നഷ്ടമാകുന്നത് ഇപ്പോള്‍ രോഗികളില്‍ കുറയുകയാണ്. തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി, തുമ്മല്‍ എന്നിവയാണ് ഡെല്‍റ്റ വകഭേദം മൂലമുണ്ടാകുന്ന പ്രധാന ലക്ഷണങ്ങളായി ഗവേഷകര്‍ പറയുന്നത്. ആദ്യകാല കോവിഡ് കേസുകളില്‍ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം അല്ലായിരുന്നുവെന്നും എന്നാല്‍ ഡെല്‍റ്റ വകഭേദം ബാധിച്ച കോവിഡ് രോഗികളില്‍ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നും ഗവേഷകര്‍ പറയുന്നു. പനി ബാധിച്ചതായി എളുപ്പം തെറ്റിദ്ധരിക്കപ്പെടാനും ഇതു കാരണമാകുന്നു.

രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ചെറുപ്പക്കാരുടെ എണ്ണവും ആശങ്കാജനകമാം വിധം വര്‍ധിക്കുകയാണ്. പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 50 വയസില്‍ താഴെയുള്ള മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഡെല്‍റ്റ ബാധിക്കാനുള്ള സാധ്യത രണ്ടര ഇരട്ടി കൂടുതലാണ്.

40 വയസ് പ്രായപരിധിയുള്ള കൂടുതല്‍ പേരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന്് മെതഡിസ്റ്റ് റിച്ചാര്‍ഡ്‌സണ്‍ മെഡിക്കല്‍ സെന്ററിലെ പള്‍മോണോളജിസ്റ്റ് ഡോ. മൈക്കിള്‍ ഫോസ്റ്റര്‍ പറയുന്നു. ഇവര്‍ക്ക് മറ്റു രോഗങ്ങള്‍ ഒന്നുമില്ല. സങ്കീര്‍ണതകള്‍ ഒന്നുമില്ല.

പൊതുവായുള്ള മറ്റൊരു കാര്യം രോഗം ബാധിച്ചവരില്‍ ഭൂരിപക്ഷം പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല എന്നതാണ്. സമീപകാല കണക്കുകള്‍ അനുസരിച്ച്, കുത്തിവയ്പ് എടുത്തവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത എട്ട് മടങ്ങ് കുറവാണ്. ഇതുകൂടാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ രോഗബാധ മൂലം മരിക്കാനോ ഉള്ള സാധ്യത 25 മടങ്ങ് കുറവാണ്.

ഡെല്‍റ്റ വകഭേദം മരണകാരണമാകുമെന്ന് തെളിയിക്കുന്ന ഡേറ്റകളൊന്നുമില്ലെങ്കിലും, തീവ്ര വ്യാപനശേഷിയുള്ള പകര്‍ച്ചവ്യാധിയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. യഥാര്‍ഥ കൊറോണ വൈറസിനേക്കാള്‍ 1260 മടങ്ങ് അധികം വൈറല്‍ ലോഡ് രോഗികളില്‍ ഉണ്ടാക്കാന്‍ ഡെല്‍റ്റ വകഭേദത്തിന് സാധിക്കും. രോഗബാധിതരുടെ രക്തത്തില്‍ കാണപ്പെടുന്ന വൈറസ് കണങ്ങളുടെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്. ഇതിനര്‍ഥം നേരിയ സമ്പര്‍ക്കം പോലും നിങ്ങളെ കോവിഡ് രോഗിയാക്കാന്‍ പര്യാപ്തമാണ് എന്നാണ്.

യു.എസിലുള്ള ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ പത്തില്‍ ഒമ്പതും ഡെല്‍റ്റ വകഭേദം ആയിരിക്കുമെന്ന് ഡോ. മൈക്കിള്‍ ഫോസ്റ്റര്‍ പറയുന്നു. ഈ കേസുകളെല്ലാം കൂടുതല്‍ പകര്‍ച്ചവ്യാധി ശേഷിയുള്ളതുമാണ്. ആളുകള്‍ മാസ്‌ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കുന്നതില്‍ വിമുഖത കാട്ടുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

കൊറോണ വൈറസിന് അതിവേഗം ജനിതക മാറ്റം സംഭവിക്കാനിടയുള്ളതിനാല്‍ പ്രതിരോധ കുത്തിവയ്പ് രണ്ട് ഡോസ് എടുത്തവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ശരത്കാലത്ത് ജലദോഷവും പനിയും പെട്ടെന്നു ബാധിക്കും. വൈറസിന്റെ വ്യാപനം തടയുന്നതിലും ഈ സീസണ്‍ വലിയ വെല്ലുവിളി ഉയര്‍ത്തും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍, പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെങ്കിലും പരിശോധിച്ച് സ്വയം സുരക്ഷ ഉറപ്പു വരുത്തണം. ഡെല്‍റ്റ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് ജലദോഷമോ മറ്റെന്തെങ്കിലുമോ ആണെന്ന് തെറ്റിദ്ധരിക്കുന്നത് വിഡ്ഡിത്തമാണ്, പ്രത്യേകിച്ചും വാക്‌സിനേഷന്‍ ലഭിച്ചിട്ടില്ലെങ്കില്‍-ഡോ. ഫോസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. അലര്‍ജി രോഗികള്‍ ഈ സീസണില്‍ കൂടുതല്‍ ജാഗത്ര പുലര്‍ത്തണം.

പ്രതിരോധ വാക്‌സിനെടുക്കുന്നത് രോഗം ഗുരുതരമാകുന്നതില്‍നിന്നും മരണത്തില്‍ നിന്നും ആളുകളെ സംരക്ഷിക്കും.

കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതു പോലെയാണ് കോവിഡ് വാക്‌സിന്‍. സീറ്റ് ബെല്‍റ്റ് ധരിക്കുന്ന ഒരാള്‍ക്ക് അപകടത്തില്‍ പരുക്കേല്‍ക്കാം. എന്നാല്‍ അത് മരണത്തില്‍നിന്ന് നിങ്ങളെ രക്ഷിക്കുമെന്ന് ഡോ. ഫോസ്റ്റര്‍ വിശദീകരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.