ബുഡാപെസ്റ്റ്: ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപന വേളയിലെ തിരുബലിയര്‍പ്പണത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കാനും വചന സന്ദേശമേകാനും ഫ്രാന്‍സിസ് മാര്‍പാപ്പ ഹംഗറിയിലെത്തി. അതിനു മുമ്പായി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും.ദേശീയവാദിയും കുടിയേറ്റ വിരുദ്ധനുമായ ഓര്‍ബനുമായി മാര്‍പാപ്പയ്ക്കുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നേരത്തെ വാര്‍ത്തയായിരുന്നു.
രാജ്യ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഏഴ് മണിക്കൂര്‍ മാത്രമേ മാര്‍പാപ്പ ചെലവഴിക്കൂ. തുടര്‍ന്ന് സ്ലോവാക്യയിലേക്ക് പോകും. അവിടെ നാല് നഗരങ്ങള്‍ സന്ദര്‍ശിച്ചശേഷം ബുധനാഴ്ച റോമിലേക്കു മടങ്ങും.പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനു പുറമേ പ്രസിഡന്റ് ജാനോസ്, ആഡര്‍ മെത്രാന്മാര്‍, ചില ജൂത സമുദായ പ്രതിനിധികള്‍ എന്നിവര്‍ക്കും മാര്‍പാപ്പയെ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ജൂലൈയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം മാര്‍പാപ്പയുടെ ആദ്യ വിദേശ യാത്രയാണിത്.
'നമ്മള്‍ യാത്രകള്‍ പുനരാരംഭിക്കുകയാണ്.ഇത് വളരെ പ്രധാനമാണ്.കാരണം വാക്കുകളും ആശംസകളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ കഴിയണം' - ബുഡാപെസ്റ്റിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കോവിഡ് -19 നെ പരാമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമീപകാല ശസ്ത്രക്രിയയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, തനിക്ക് ഇപ്പോള്‍ അസുഖങ്ങള്‍ ഒന്നുമില്ല എന്നായിരുന്നു മറുപടി.
ലാന്‍ഡിംഗിന് ശേഷം, പൈലറ്റുമാര്‍ ഹംഗറിയുടെ ചുവപ്പ്-വെള്ള-പച്ച ദേശീയ പതാകയും വത്തിക്കാന്റെ പതാകയും അലിറ്റാലിയ ജെറ്റിന്റെ കോക്പിറ്റ് ജനാലകളില്‍ നിന്ന് പറത്തി. വിമാനത്താവളത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഹംഗേറിയന്‍ ഉപപ്രധാനമന്ത്രി സോള്‍ട്ട് സെംജെന്‍, കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോ, ഹംഗേറിയന്‍ ബിഷപ്പുമാര്‍ എന്നിവര്‍ സ്വീകരിച്ചു.അഭിവാദ്യം ചെയ്യാന്‍ അണിനിരന്ന കുട്ടികള്‍ക്കു നേരെ മാര്‍പാപ്പ ഹൃദ്യസ്മിതവുമായി കൈവീശി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26