തീവ്രവാദ ഗ്രൂപ്പുകളെ സൃഷ്ടിക്കുന്ന വിശ്വാസ വിധ്വംസകരെ അതാത് മതനേതൃത്വങ്ങള്‍ നിരാകരിക്കണം: ഫാ.ചാക്കോ കുടിപ്പറമ്പില്‍

തീവ്രവാദ ഗ്രൂപ്പുകളെ സൃഷ്ടിക്കുന്ന വിശ്വാസ വിധ്വംസകരെ അതാത് മതനേതൃത്വങ്ങള്‍ നിരാകരിക്കണം: ഫാ.ചാക്കോ കുടിപ്പറമ്പില്‍

തലശേരി: തീവ്രവാദഗ്രൂപ്പുകളെ സൃഷ്ടിക്കുന്ന വിശ്വാസ വിധ്വംസകരെ അതാത് മത നേതൃത്വങ്ങള്‍ നിരാകരിക്കണമെന്ന് കെ.സി.ബി.സി മുക്തിശ്രീ തലശേരി അതിരൂപതാ ഡയറക്ടര്‍ ഫാ.ചാക്കോ കുടിപ്പറമ്പില്‍.

സാമൂഹിക ഐക്യത്തിനും സമാധാനത്തിനും ഭീഷണിയായവരുടെ പ്രവര്‍ത്തനങ്ങളെ അതത് മത സമൂഹങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കണമെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ മതത്തെത്തന്നെയാണ് സമൂഹമധ്യേ പരിഹാസ്യമാക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കെ.സി.ബി.സി മുക്തിശ്രീയുടെ തലശേരി അതിരൂപതാ തല തീവ്രവാദ വിരുദ്ധ ദിനാചരണം പേരാവൂരില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഫാ.ചാക്കോ കുടിപ്പറമ്പില്‍.

ലോക മതങ്ങളെല്ലാം തന്നെ മനുഷ്യ നന്മയേയും ലോക സമാധാനത്തേയും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ പേര് കൊണ്ടുമാത്രം വിശ്വാസികളായ ദുഷ്ട മനസുകളാണ് തീവ്രവാദ ശൈലി സ്വീകരിച്ച് ജനത്തെ വകവരുത്തുന്നതും ചൊല്‍പ്പടിയില്‍ നിര്‍ത്തി ഭീകരത സൃഷ്ടിക്കുന്നതും. അത്തരക്കാര്‍ തങ്ങളുടെ വിശ്വാസ കൂട്ടായ്മയുടെ ഭാഗമല്ലാത്തതിനാല്‍ അവരെ നിയമത്തിന് മുന്നിലെത്തിക്കുവാന്‍
സാധ്യമായവ ചെയ്യുന്നത് മഹത്തായ പുണ്യ കര്‍മ്മമാണ് എന്ന പരമാര്‍ത്ഥം എല്ലാ മത നേതൃത്വങ്ങളും മനസിലാക്കണം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും വിശ്വാസത്തിന്റെ മറപിടിച്ച് ഇതര മത വിശ്വാസികളെ തെരഞ്ഞു പിടിച്ച് നശിപ്പിക്കുന്ന കിരാത ജന്മങ്ങള്‍ക്കെതിരെ ജനാധിപത്യ സര്‍ക്കാരും രാഷ്ട്ര പൗരന്മാരും നിതാന്ത ജാഗ്രത പുലര്‍ത്തണം. അത്തരക്കാരെ നിയമത്തിന് മുമ്പില്‍ എത്തിക്കുന്നതില്‍ നിന്ന് പിന്മാറുന്നത് രാജ്യഭദ്രതക്ക് തന്നെ വരുംകാലങ്ങളില്‍
ഭീഷണിയാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ പത്തിന് നടന്ന സമ്മേളനം ഫാ.ചാക്കോ കുടിപ്പറമ്പിലും ഉച്ചകഴിഞ്ഞ് നടന്ന മേഖലാ ഭാരവാഹികളുടെ സമ്മേളനം റവ.ഡോ.തോമസ് കൊച്ചുകരോട്ടും ഉദ്ഘാടനം ചെയ്തു. അതിരൂപതാ ജനറല്‍ സെക്രട്ടറി സാബു ചിറ്റേത്ത്, മേഖലാ പ്രസിഡന്റ് തങ്കം മൂക്കനോലിക്കല്‍, കോഡിനേറ്റര്‍ ജോജോ കൊട്ടാരംകുന്നേല്‍, ജെയിംസ് അറയ്ക്കല്‍, ഷാജി പാമ്പാടി, അന്ന ജോളി എന്നിവര്‍ പ്രസംഗിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.