പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വെടിവയ്പ്പ്: ഗര്‍ഭിണി അടക്കം നാല് പേര്‍ക്ക് പരിക്ക്; ദേവാലയം കത്തിക്കാനും ശ്രമം

പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വെടിവയ്പ്പ്: ഗര്‍ഭിണി അടക്കം നാല് പേര്‍ക്ക് പരിക്ക്; ദേവാലയം കത്തിക്കാനും ശ്രമം

ലാഹോര്‍: ആയുധധാരികളായ മുസ്ലിം ഭീകരര്‍ ലാഹോറിലെ ക്രൈസ്തവ ദേവാലയത്തിനും ക്രൈസ്തവരുടെ വീടുകള്‍ക്കും നേരെ നടത്തിയ വെടിവയ്പില്‍ ആറു മാസം ഗര്‍ഭിണിയായ യുവതിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ലാഹോര്‍ നഗരത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.

ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് വെടിവയ്പ്പിന്റെ ശബ്ദം കേട്ടതെന്നും കുട്ടികളോട് വീടിനുള്ളില്‍ തന്നെ കഴിയാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ആക്രമണത്തില്‍ പരിക്കേറ്റ ക്രൈസ്തവനായ ആസിഫ് മസിഹ പറഞ്ഞു. അപ്പോഴേയ്ക്കും അക്രമികള്‍ തന്നെ കണ്ടുവെന്നും തുടയ്ക്ക് വെടിയേറ്റുവെന്നും ആസിഫ് പറഞ്ഞു.

തന്നെ വലിച്ചിഴച്ചുകൊണ്ടുപോയി തീ കൊളുത്താനായിരുന്നു ശ്രമമെന്നും ദൈവാനുഗ്രഹത്താലാണ് രക്ഷപെട്ടതെന്നും അദ്ദേഹം അറിയിച്ചു. ലാഹോര്‍ നഗര പ്രാന്തത്തിലെ ക്രൈസ്തവര്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് ഭീകരരുടെ ആക്രമണമുണ്ടായത്.

ഇവിടെ സ്ഥിതി ചെയ്യുന്ന ദേവാലയം അഗ്‌നിക്കിരയാക്കാനും പദ്ധതിയുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 2.30 നാണ് സംഭവം നടന്നത്. പരിസരവാസികള്‍ അപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചിരുന്നുവെങ്കിലും പോലീസ് എത്തിയത് രാത്രി എട്ടു മണിയ്ക്കായിരുന്നു.

ഭീകരപ്രവര്‍ത്തനമാണ് ഇവിടെ നടന്നതെങ്കിലും പോലീസ് എഫ്‌ഐആറില്‍ അത് ചേര്‍ത്തിട്ടില്ലെന്നും ക്രൈസ്തവ കുടുംബങ്ങള്‍ ആരോപിച്ചു. 17 മില്ല്യണ്‍ ജനസംഖ്യയുള്ള പാക്കിസ്ഥാനില്‍ 1.6 ശതമാനം മാത്രമുള്ള ക്രൈസ്തവ സമൂഹത്തിന് നേരെ ഇസ്ലാം മത തീവ്രവാദികളുടെ ആക്രമണം പതിവാണ്. ക്രൈസ്തവ കുടുംബങ്ങളിലെ നിരവധി പെണ്‍കുട്ടികളെ ബലമായി പിടിച്ചു കൊണ്ടുപോയി മതം മാറ്റുകയും ലൈംഗിക അടിമകളാക്കുകയും ചെയ്യുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.