ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട ആറ് ഭീകരരെ ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ പിടികൂടി. പിടിയിലായവരില്‍ രണ്ട് പേര്‍ പാകിസ്ഥാനില്‍ പരിശീലനം നേടിയവരാണ്. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളടക്കം ആയുധ ശേഖരവും പിടിച്ചെടുത്തു. ഡല്‍ഹിയിലും മുംബൈയിലും ഇവര്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നാണ് വിവരം.
നവരാത്രി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് ഡല്‍ഹി മുംബൈ അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പും ലക്ഷ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ നീക്കങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് ചുമതലപ്പെടുത്തിയ പ്രത്യേക സംഘം ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി നടത്തിയ റെയ്ഡിലാണ് സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്.
പിടിയിലായവരില്‍ മുഹമ്മദ് ഒസാമ, സീഷാന്‍ ഖമര്‍ എന്നീ രണ്ട് ഭീകരര്‍ക്കാണ് പാകിസ്ഥാനില്‍ പരിശീലനം ലഭിച്ചത്. മസ്‌ക്കറ്റ് വഴി പാകിസ്ഥാനിലെത്തിയാണ് ഇവര്‍ ഭീകര പ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയത്. സ്‌ഫോടക വസ്തു നിര്‍മാണത്തിലാണ് പാകിസ്ഥാനില്‍ ഇവര്‍ക്ക് പരിശീലനം ലഭിച്ചത്.
അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം ഇവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് അനീസ് ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയത്. ഹവാല പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ട സഹായമാണ് ഇയാള്‍ നല്‍കിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
ആര്‍ഡിഎക്‌സ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുകളുണ്ടാകുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.