'മഴ പെയ്തു മാനം തെളിഞ്ഞ നേരം...
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍...'
പ്രണയവും ഗൃഹാതുരത്തവും തുളുമ്പുന്ന ഈ ഗാനം
മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ പി.ജെ ജോസഫിന്റെയും ഡോ. ശാന്തയുടെയും ജീവിതവുമായി ഏറെ ബന്ധമുള്ളതാണ്. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു മാവിന്‍ ചുവട്ടിലെ പ്രണയനാളുകള്‍. ഇരുവരും വിവാഹിതരായിട്ട് ഇന്ന് 50 വര്‍ഷം. അരനൂറ്റാണ്ട് പിന്നിട്ട പ്രണയജീവിതം.
ഒരു മാമ്പഴക്കാലത്താണ് പി.ജെ. ജോസഫ് ആദ്യമായി ഡോ. ശാന്തയെ കാണുന്നത്. ആ മാമ്പഴക്കാലം പിന്നീട് പ്രണയത്തിന് വഴിമാറി. ഇപ്പോള്‍ ഒന്നിച്ചുള്ള ജീവിത യാത്ര അന്‍പതിന്റെ നിറവില്‍ എത്തി നില്‍ക്കുന്നു.
പി. ജോ ജോസഫിന്റെയും ഡോ. ശാന്തയുടെയും പ്രണയത്തിന് സാക്ഷിയായത് വയറ്റാട്ടിലെ പാലത്തിനാല്‍ വീട്ടുമുറ്റത്തെ മാവാണ്. 1967 ഫെബ്രുവരി മാസത്തിലെ ഒരു വൈകുന്നേരം. അന്ന് പി.ജെ ജോസഫ് തേവര എസ്.എച്ച് കോളേജില്‍ എം.എയ്ക്ക് പഠിക്കുകയാണ്. ഒരുദിവസം വീട്ടിലേക്ക് ചെല്ലുമ്പോള്‍ മാവിന്‍ ചുവട്ടില്‍ കുറേ കുട്ടികള്‍ മാമ്പഴം പെറുക്കുന്നുണ്ട്. കൂട്ടത്തില്‍ പരിചയമില്ലാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പി.ജെയെ കണ്ടപ്പോള്‍ ആ പെണ്‍കുട്ടി വീട്ടിലേക്ക് ഓടി കയറിപ്പോയി. കൊച്ചു കുട്ടികളുടെ കൂട്ടത്തിലെ ആ പെണ്‍കുട്ടിയെ ആദ്യ കാഴ്ചയില്‍ തന്നെ പി.ജെയുടെ കണ്ണില്‍ ഉടക്കി.
തൊടിയില്‍ ഓടിക്കളിക്കുന്ന പാവാടക്കാരി ആയിരുന്നില്ല ആ പെണ്‍കുട്ടി. പുറപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് പുതുതായി വന്ന ഡോക്ടറായിരുന്നു ആ പെണ്‍കുട്ടി- ഡോ. ശാന്ത. അവിടെയാണ് തുടക്കം. പി.ജെ.യുടെ മൂത്ത സഹോദരിയുടെ ജൂനിയറായിരുന്ന ശാന്ത പാലത്തിനാല്‍ വീട്ടില്‍ നിന്നാണ് ജോലിക്ക് പോയിരുന്നത്. രാത്രിയില്‍ വീട്ടില്‍ പി.ജെ പാട്ടുപാടും. ഒരു ദിവസം സുജാത എന്ന ഹിന്ദി സിനിമയിലെ 'ജല്‍ത്തേ ഹേ ജിസ്‌കെ ലിയേ' എന്ന പാട്ട് പാടി തിരിഞ്ഞുനോക്കിയപ്പോള്‍ പെട്ടെന്നൊരാള്‍ തല പിറകിലോട്ട് വലിച്ചിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പാട്ട് മുഴുവന്‍ കേട്ട ശാന്ത താന്‍ നോക്കിയപ്പോള്‍ ശ്രദ്ധിക്കുന്നില്ലെന്ന് വരുത്താനുള്ള ശ്രമമായിരുന്നു അതെന്ന് പി.ജെ തന്നെ പറയുന്നു.
ഏതാനും മാസം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പെണ്‍കുട്ടി സ്ഥലം മാറിപ്പോയി. ആദ്യം പണ്ടപ്പള്ളിയിലേക്കും പിന്നീട് മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്കും. പറമ്പിലെ ജോലിക്കാരനായ ദേവസ്യയുടെ ചികിത്സയ്ക്കായി മൂവാറ്റുപുഴയില്‍ പോയപ്പോള്‍ വീണ്ടും ഡോക്ടറെ കാണുന്നു. ആ കൂടിക്കാഴ്ച ഇരുവരുടേയും അടുപ്പത്തെ ഒന്നുകൂടി ഊഷ്മളമാക്കിയെന്ന് പി.ജെ.യും ശാന്തയും പുഞ്ചിരിയോടെ പറയുന്നു.
നിരന്തരം കത്തുകളെഴുതി. 1971 സെപ്റ്റംബര്‍ 15-ന് ആ പ്രണയം സഫലമായി. അവര്‍ വിവാഹിതരായി. ആ കാലത്ത് പി.ജെ ജോസഫ് ജനപ്രതിനിധി ആയിരുന്നു. അന്നുമുതല്‍ ഇന്നുവരെ തനിക്ക് ഏറ്റവും പിന്തുണ നല്‍കിയത് ഡോ. ശാന്തയാണെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. മാമ്പഴക്കാലം ഇരുവര്‍ക്കും എന്നും പ്രണയകാലമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.