സിപിഐയ്‌ക്കെതിരെ പരാതിയുമായി ജോസ് കെ മാണി; സിപിഎം ശാസനയെ പരിഹസിച്ച് ബാബു ജോസഫ്

സിപിഐയ്‌ക്കെതിരെ പരാതിയുമായി ജോസ് കെ മാണി; സിപിഎം ശാസനയെ പരിഹസിച്ച് ബാബു ജോസഫ്

കോട്ടയം: സിപിഐക്ക് എതിരെ സിപിഎമ്മിന് പരാതി നല്‍കാനൊരുങ്ങി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് പരാതി.

മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്നാണ് സിപിഐയുടെ പേടി. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ല. സിപിഐയുടെ അവലോകന റിപ്പോര്‍ട്ട് അനാവശ്യ വിവാദം ഉണ്ടാക്കാനാണെന്നും കേരള കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളിലുറച്ച് നില്‍ക്കുകയാണ് സിപിഐ. പാര്‍ട്ടി ചര്‍ച്ച ചെയ്തതെടുത്ത നിലപാടാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. കേരള കോണ്‍ഗ്രസിന് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അവലോകന റിപ്പോര്‍ട്ടില്‍ യാതൊരു മാറ്റവും വരുത്തില്ല. എല്‍ഡിഎഫില്‍ ചര്‍ച്ച വന്നാല്‍ അപ്പോള്‍ നിലപാട് പറയുമെന്നും സിപിഐ വ്യക്തമാക്കി.

അതിനിടെ പെരുമ്പാവൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വീഴ്ചയില്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സ്വീകരിച്ച നടപടിയെ പരിഹസിച്ച് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വിഭാഗം എറണാകുളം ജില്ലാ പ്രസിഡന്റുമായ ബാബു ജോസഫ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് വീഴ്ചയില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍.സി മോഹനനെ താക്കീത് ചെയ്തിരുന്നു. ഗുരുതരമായ വീഴ്ചയില്‍ നടപടി താക്കീതിലൊതുക്കിയതിനെതിരെയാണ് ബാബു ജോസഫിന്റെ പരിഹാസം.

പ്രധാനപ്പെട്ട ചില നേതാക്കളുടെ ഭാഗത്ത് നിന്നും തനിക്കെതിരായ നീക്കങ്ങളുണ്ടായി. യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന പഞ്ചായത്തുകളില്‍ അവരുടെ ഭൂരിപക്ഷം കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞു. ആ അവസരത്തില്‍ എല്‍ദോസ് കുന്നപ്പള്ളി പോലും പരാജയം സമ്മതിച്ച് തനിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കി പുറത്തേക്ക് പോയി.

എന്നാല്‍ പിന്നീട് സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ നാല് പഞ്ചായത്തുകളിലെത്തിയപ്പോള്‍ അവിടെ എല്‍ദോസ് കുന്നപ്പള്ളി ലീഡ് ചെയ്യുന്ന സാഹചര്യം ഉണ്ടായി. സിപിഎമ്മിന്റെ ഉരുക്ക് കോട്ടകളിലാണ് വോട്ട് ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. ചില നേതാക്കളുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുണ്ടായി എന്ന വിമര്‍ശനമാണ് ബാബു ജോസഫ് ഉന്നയിക്കുന്നത്.

ശാസനയാണ് പാര്‍ട്ടി നല്‍കുന്ന കഠിന തടവെങ്കില്‍ നന്ന്. ശാസന അത്ര ഗൗരവമുള്ളകാര്യമാണെന്നാണ് പലരും പറഞ്ഞത്. ഗൗരവമില്ലെങ്കില്‍ പാര്‍ട്ടി ആ നിലക്കേ കണ്ടിട്ടുള്ളൂവെന്ന് മാത്രം. എന്തായാലും തനിക്ക് പരാതിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഘടക കക്ഷി എന്ന നിലയില്‍ ഞാന്‍ ചെലവാക്കിയതല്ലാതെ മറ്റാരും സഹായിച്ചിട്ടില്ല. ഘടക കക്ഷി മത്സരിക്കുന്നിടത്തൊക്കെ സ്ഥാനാര്‍ഥി തന്നെ ചിലവ് വഹിക്കണമെന്നാണ് പറഞ്ഞത്. എന്നോട് ഇത് പറയുമ്പോഴും മറ്റ് മണ്ഡലങ്ങളില്‍ സഹായിച്ചിട്ടുണ്ട്. താന്‍ മത്സരിച്ച മണ്ഡലത്തില്‍ താന്‍ തന്നെ മുഴുവന്‍ തുകയും മുടക്കേണ്ടി വന്നു.

സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ സഹായവും ലഭിച്ചില്ല. ഒരു ഘടക കക്ഷി എന്ന നിലയില്‍ സിപിഎമ്മാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നത്. തന്നെ സംരക്ഷിക്കേണ്ടത് സിപിഎം ആയിരുന്നു. എന്നാല്‍ അത്തരത്തിലൊരു സഹകരണവും സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ബാബു ജോസഫ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.