പാട്ന: അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ പണം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇട്ടുതന്നതാണെന്ന് യുവാവ്. ബിഹാറിലെ ഖഗരിയ സ്വദേശിയുടെ അക്കൗണ്ടിലേക്ക് അബദ്ധവശാല്‍ 5.5 ലക്ഷം രൂപ ക്രെഡിറ്റ് ആയി. തെറ്റ് മനസിലായ ബാങ്ക് അധികൃതര്‍ ആ പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ 'ഇതെന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇട്ടുതന്ന പണമാണ്. ഞാനിത് തിരികെ തരില്ല' എന്നായിരുന്നു യുവാവിന്റെ മറുപടി.
ഗ്രാമിണ്‍ ബാങ്കിന്റെ ഖഗരിയ ബ്രാഞ്ചിനാണ് ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞത്. ഭക്തിയാര്‍പൂര്‍ ഗ്രാമവാസിയായ രഞ്ജിത്ത് ദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് തെറ്റായി അഞ്ചര ലക്ഷം അയച്ചു കൊടുത്തത്. ഈ അബദ്ധം തിരിച്ചറിഞ്ഞ ശേഷം പ്രസ്തുത തുക തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കില്‍ നിന്ന് പലതവണ രഞ്ജിത്ത് ദാസിന് നോട്ടീസ് അയക്കുകയുണ്ടായെങ്കിലും ദാസ് ആ പണം തിരികെ നല്‍കാന്‍ തയ്യാറായില്ല. താന്‍ കിട്ടിയ ദിവസം തന്നെ അത് മുഴുവനും ചെലവാക്കിക്കളഞ്ഞു എന്നാണ് ദാസിന്റെ വിശദീകരണം.
'ഇക്കൊല്ലം മാര്‍ച്ചില്‍ ഈ പണം അക്കൗണ്ടില്‍ വന്നു ക്രെഡിറ്റായപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. ഈ തുക, പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരഞ്ഞെടുപ്പിന് മുമ്പ് ഓരോരുത്തരുടെയും അക്കൗണ്ടില്‍ ഇട്ടുതരാം എന്ന് വാഗ്ദാനം ചെയ്തിരുന്ന 15 ലക്ഷത്തിന്റെ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് ആണ് എന്നാണ് ഞാന്‍ കരുതിയത്.
കിട്ടി അധികം വൈകാതെ അത് മുഴുവന്‍ ഞാന്‍ ചെലവാക്കുകയും ചെയ്തു. തിരികെ കൊടുക്കണം എന്ന് പറഞ്ഞാല്‍ അതിന് ഇപ്പോള്‍ എന്റെ അക്കൗണ്ടില്‍ ഒരു നയാപൈസയും ബാക്കിയില്ല. ദാസ് പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എന്തായാലും ബാങ്ക് മാനേജരുടെ പരാതിയിന്മേല്‍ രണ്‍ജിത് ദാസിനെ അറസ്റ്റു ചെയ്തിരിക്കുകയാണ് ലോക്കല്‍ പൊലീസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.