ന്യൂയോര്‍ക്ക്: ബഹിരാകാശ രംഗത്ത് പുതു ചരിത്രം കുറിച്ച് ആകാശത്തിനുമപ്പുറമുള്ള വിനോദ സഞ്ചാര സാധ്യതകള്‍ തേടി സ്പെയ്സ് എക്സ് ഇന്‍സ്പിരേഷന്‍ 4 പേടകം കുതിച്ചുയര്‍ന്നു. നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. പേടകത്തില്‍ ബഹിരാകാശ വിദഗ്ധരല്ലാത്ത നാലുപേര്‍ മാത്രമാണുള്ളത്.
മൂന്നു ദിവസം ഇവര്‍ ഭൂമിയെ വലം വെയ്ക്കും. മൂന്നു ദിവസത്തെ യാത്രയ്ക്ക് ശേഷം പേടകം ശനിയാഴ്ച അറ്റ്ലാന്റിക് സമുദ്രത്തില്‍ ഇറങ്ങും. ബഹിരാകാശ ടൂറിസം ലക്ഷ്യം വെച്ചുള്ള യാത്രയ്ക്കായി 200 മില്യണ്‍ ഡോളര്‍ ആണ് ചെലവിട്ടത്.
ഷിഫ്റ്റ് ഫോര്‍ പേയ്‌മെന്റ്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥനും ശത കോടീശ്വരനുമായ ജാറെദ് ഐസക്മാനാണു യാത്രക്കാരിലെ പ്രധാനി. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും അടങ്ങിയ യാത്രാ സംഘത്തിലെ ഏറ്റവും ശ്രദ്ധേയയായ യാത്രിക, ടെന്നസിയിലെ സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച് ഹോസ്പിറ്റലില്‍ ഫിസിഷ്യന്‍ അസിസ്റ്റന്റായ ഹെയ്ലി (29) അര്‍സിനോയാണ്.
കുട്ടിയായിരിക്കെ ബോണ്‍ കാന്‍സര്‍ ബാധിതയായ ഹെയ്ലി നീണ്ട ചികിത്സയ്ക്കു ശേഷം രോഗത്തില്‍നിന്നു മുക്തി നേടുകയും കുട്ടികളുടെ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുകയുമാണ്. സിയാന്‍ പ്രോക്റ്ററാണ് (51) ദൗത്യ സംഘത്തിലെ രണ്ടാമത്തെ വനിത.
അരിസോണയിലെ സൗത്ത് മൗണ്ടെയ്ന്‍ കമ്യൂണിറ്റി കോളജില്‍ ജിയോസയന്‍സ് പ്രഫസറാണ് സിയാന്‍. ക്രിസ് സെംബ്രോസ്‌കി (42) എന്ന മുന്‍ യുഎസ് വ്യോമസേനാ ഓഫിസറാണ് യാത്രയിലെ നാലാമത്തെ സഞ്ചാരി.
തൊപ്പികള്‍, തൂവാലകള്‍, ജാക്കറ്റുകള്‍, പേനകള്‍, ഗിറ്റാറുകള്‍ തുടങ്ങി ധാരാളം വസ്തുക്കള്‍ ഇന്‍സ്പിരേഷന്‍ 4 ദൗത്യത്തിലെ അംഗങ്ങള്‍ ബഹിരാകാശത്തേക്കു കൊണ്ടുപോയിട്ടുണ്ട്. തിരികെ എത്തിയതിനു ശേഷം ഇവ ലേലം ചെയ്യും.
സ്‌പേസ് എക്‌സ് കമ്പനി തന്നെയാണ് യാത്രികര്‍ക്ക് സഞ്ചരിക്കാനായുള്ള ഡ്രാഗണ്‍ ക്യൂപ്‌സൂള്‍ നിര്‍മിച്ചിരിക്കുന്നത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്യാപ്‌സൂള്‍ ഉറപ്പിച്ചാണു യാത്ര. ഫാല്‍ക്കണ്‍ 9 ന്റെ നാലാമത്തെ സ്‌പേസ് ദൗത്യമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.