ഓസ്‌ട്രേലിയയില്‍ വീണ്ടും എലിശല്യം രൂക്ഷമാകും; കര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി ഗവേഷകര്‍

ഓസ്‌ട്രേലിയയില്‍ വീണ്ടും എലിശല്യം രൂക്ഷമാകും;  കര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി ഗവേഷകര്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഒരിടവേളയ്ക്കു ശേഷം എലിശല്യം വീണ്ടും രൂക്ഷമാകുന്നു. ശൈത്യകാലം പിന്നിടുന്നതോടെ കഴിഞ്ഞ മേയിലുണ്ടായതിനേക്കാള്‍ രൂക്ഷമായ എലി ശല്യമായിരിക്കും ഇക്കുറി ഉണ്ടാകുന്നതെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. കാര്‍ഷിക മേഖലയില്‍ അടക്കം വന്‍ പ്രതിസന്ധി സൃഷ്ടിച്ച എലി ശല്യമാണ് അന്ന് ഓസ്‌ട്രേലിയ നേരിട്ടത്. ന്യൂ സൗത്ത് വെയില്‍സ് അടക്കം രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് എലികള്‍ നിയന്ത്രണാതീതമായി പെരുകിയത്.

ശൈത്യകാലത്ത് കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നതിനാല്‍ എലികളില്‍നിന്ന് നേരിയ ആശ്വാസം ലഭിച്ചെങ്കിലും ഇപ്പോഴവ പെറ്റുപെരുകുകയാണെന്നു വിദഗ്ധര്‍ പറയുന്നു. ന്യൂ സൗത്ത് വെയില്‍സ്്, ക്വീന്‍സ് ലാന്‍ഡ്, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചൂടുള്ള പ്രദേശങ്ങളില്‍ എലികളുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണെന്നു ഗവേഷകര്‍ പറയുന്നു.

ഇക്കുറി വിളവെടുപ്പ് കാലത്ത് എലിശല്യം സാധാരണയേക്കാള്‍ രൂക്ഷമാകുമെന്നു എലികളെക്കുറിച്ചു ഗവേഷണം നടത്തുന്ന സ്റ്റീവ് ഹെന്റി പറഞ്ഞു. ക്വീന്‍സ് ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ്, പടിഞ്ഞാറന്‍ വിക്ടോറിയ, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ കാര്‍ഷിക മേഖലകളിലാണ് എലികള്‍ ഏറ്റവും വലിയ നാശമുണ്ടാക്കുന്നത്. താപനില ഉയരുന്നതിന് അനുസരിച്ച് തെക്കന്‍ മേഖകളിലും എലി ശല്യം രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്്. ചൂടുള്ള പ്രദേശങ്ങള്‍ ഇവയുടെ പ്രജനനത്തിന് അനുയോജ്യമാണ്.

എലിശല്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സഹായത്തോടെ കര്‍ഷകര്‍ നിരവധി നടപടികള്‍ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന സൂചനയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാര്‍ഷിക മേഖലയില്‍ എലികളുണ്ടാക്കുന്ന നാശത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കര്‍ഷകര്‍ നല്‍കിത്തുടങ്ങിയതായി സ്റ്റീവ് ഹെന്റി പറഞ്ഞു.

ഈ വര്‍ഷവും പ്രജനനത്തിന് അനുകൂലമായ സാഹചര്യമാണ് ഇവിടെയുള്ളത്. എലികളുടെ എണ്ണം പെരുകുന്നതിനു മുന്‍പ് അവയെ നശിപ്പിക്കുന്നതിനുള്ള നടപടികള്‍ കര്‍ഷകര്‍ സ്വീകരിക്കണമെന്ന് ഗവേഷകര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26