കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുള്ള 'ബ്ലാക്ക്​ ഫ്രൈഡേ മാര്‍ച്ച്‌​' ഡല്‍ഹി പൊലീസ്​ തടഞ്ഞു

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുള്ള  'ബ്ലാക്ക്​ ഫ്രൈഡേ മാര്‍ച്ച്‌​' ഡല്‍ഹി പൊലീസ്​ തടഞ്ഞു

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌ നടത്താനുള്ള നീക്കം തടഞ്ഞ് ഡല്‍ഹി പോലിസ്. കേന്ദ്രസര്‍ക്കാറിന്റെ മൂന്ന്​ കാര്‍ഷിക നിയമങ്ങ​ള്‍ക്കെതിരെയുള്ള ശിരോമണി അകാലിദളിന്റെ 'ബ്ലാക്ക്​ ഫ്രൈഡേ' മാർച്ചാണ് ഡല്‍ഹി പൊലീസ്​ തടഞ്ഞത്.

അകാലിദള്‍ ​നേതാവ്​ സുഖ്​ബീര്‍ ബാദല്‍, ലോക്​സഭ എം.പി ഹര്‍സിമ്രത്​ കൗര്‍ ബാദല്‍, മറ്റു നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരെ പൊലീസ്​ കസ്റ്റഡിയിലെടുത്തു​.

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌​ ഹര്‍സിമ്രത്​ കൗര്‍ ബാദല്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അകാലിദള്‍ എന്‍.ഡി.എ സഖ്യം വിടുകയും ചെയ്​തിരുന്നു. നഗരത്തില്‍ പ്രവേശിക്കുന്നത്​ തടഞ്ഞ ഡല്‍ഹി പൊലീസ്​ നടപടിയെ മുന്‍ ​കേന്ദ്രമന്ത്രി ശക്തമായി അപലപിച്ചു.

കര്‍ഷകര്‍ മാര്‍ച്ച്‌​ ആഹ്വാനം ചെയ്​തതിനെ തുടര്‍ന്ന്​ ഡല്‍ഹിയില്‍ വന്‍ പൊലീസ്​ സന്നാഹത്തെ​ നിയോഗിച്ചിരുന്നു. രാജ്യതലസ്​ഥാനത്തേക്ക്​ പ്രവേശിക്കുന്ന റോഡുകളും രണ്ടു മെട്രോ സ്​റ്റേഷനുകളും ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌​ അടച്ചിട്ടു.

അതേസമയം ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തികളും പൊലീസ്​ അടച്ചതായും പഞ്ചാബില്‍നിന്നുള്ള വാഹനങ്ങളെ അധികൃതര്‍ തടയുകയാണെന്നും ശിരോമണി അകാലിദള്‍ ട്വീറ്റ്​ ചെയ്​തിരുന്നു.

ഇന്ന് രാവിലെയാണ് കര്‍ഷകരും പാര്‍ട്ടി പ്രവര്‍ത്തകരും ഗുരുദ്വാര രാകേബ്​ ഗഞ്ച്​ സാഹിബില്‍നിന്ന്​ പാര്‍ലമെന്‍റ്​ മന്ദിറിലേക്ക്​ മാര്‍ച്ച്‌​ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ മാര്‍ച്ച്‌​ നടത്താന്‍ അനുമതിയില്ലെന്ന്​ വ്യക്തമാക്കിയ ​പൊലീസ്​ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.