പാരിസ് : തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ നടത്തിയ സ്വീകാര്യമല്ലാത്ത അഭിപ്രായത്തെത്തുടർന്ന് തുർക്കിയിലെ അംബാസിഡറെ തിരിച്ചു വിളിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. കിഴക്കൻ മെഡിറ്ററേനിയൻ, ലിബിയ, സിറിയ എന്നിവിടങ്ങളിലെ സമുദ്രാവകാശവും നാഗൊർനോ-കറാബാക്കിനെച്ചൊല്ലി അർമേനിയയും അസർബൈജാനും തമ്മിൽ വർദ്ധിച്ചുവരുന്ന പോരാട്ടവും ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ഫ്രാൻസ് ഉൾപ്പെടുന്ന നാറ്റോ സഖ്യവും തുർക്കിയും തമ്മിൽ തർക്കമുണ്ട്.
മുസ്ളീം പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ തന്റെ ക്‌ളാസിൽ കാണിച്ച ഒരു അദ്ധ്യാപകന്റെ കൊലപാതകത്തിന് പ്രചോദനമായ ഇസ്ലാമിക തീവ്രവാദത്തിനെതിരെ , ഫ്രാൻസിന്റെ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ഫ്രഞ്ച് പ്രസിഡണ്ട് മാക്രോൺ മുന്നോട്ടുവച്ച പ്രചാരണമാണ് തുർക്കിയെ പ്രകോപിപ്പിച്ചത്. മാക്രോൺ ഇസ്ലാമിക തീവ്രവാദത്തിനെതിരെ എടുത്ത കടുത്ത നടപടികളെക്കുറിച്ചു തുർക്കി പ്രസിഡണ്ട് എർദോഗാൻ അഭിപ്രായപ്പെട്ടത് ഫ്രഞ്ച് പ്രസിഡണ്ടിന്റെ മാനസിക നില പരിശോധിക്കണം എന്നാണ് .ഫ്രഞ്ച് സാധനങ്ങൾ ബഹിഷ്‌കരിക്കണമെന്ന് തുർക്കി ആഹ്വാനം ചെയ്തിട്ടുണ്ട് .
എർദോഗന്റെ അഭിപ്രായത്തോട് ഫ്രാൻസ് വളരെ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. എല്ലാ അർത്ഥത്തിലും അപകടകരമായ തുർക്കിയുടെ നയങ്ങൾ മാറ്റണം എന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു .സാമുവൽ പാറ്റിയെ ശിരഛേദം ചെയ്ത സംഭവത്തിനുശേഷം തുർക്കി പ്രസിഡണ്ട് യാതൊരു അനുശോചനവും പിന്തുണയും അറിയിച്ചിട്ടില്ല എന്നത് ഫ്രാൻസ് ശ്രദ്ധിച്ചിട്ടുണ്ടെന്നു പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട പ്രസിഡണ്ടിന്റെ ഓഫിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്‌കൂളുകളുടെ നടത്തിപ്പിൽ കർശനമായ മേൽനോട്ടവും മോസ്കുകളുടെ വിദേശ ധനസഹായത്തിന്മേൽ ശക്തമായ നിയന്ത്രണവും മാക്രോൺ പ്രഖ്യാപിച്ചു.
അസർബൈജാനും അർമേനിയായും തമ്മിലുള്ള തർക്കത്തിൽ, തുർക്കി അസിർബൈജാൻ പക്ഷം പിടിച്ചുകൊണ്ടു അർമേനിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നതായി ഫ്രാൻസ് ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയൻ ആരോപിക്കുന്നു. അസർബൈജാനെ തുർക്കി ശക്തമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും അവരെ സഹായിക്കാൻ തുർക്കി നൂറുകണക്കിന് സിറിയൻ ജിഹാദികളെ അയച്ചിട്ടുണ്ടെന്ന മാക്രോണിന്റെ ആരോപണം നിഷേധിച്ചു.
തുർക്കിയുടെ നിലപാടിൽ മാറ്റം വരുത്തണമെന്ന ആവശ്യത്തിന് മറുപടി നൽകാൻ രണ്ട് മാസം സമയമുണ്ടെന്നും അതിനുള്ളിൽ മാറ്റം വരുത്തിയില്ലെങ്കിൽ കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തെ “അപകടകരമായ സാഹസങ്ങളും" കരാബാക്കിനെതിരായ “നിരുത്തരവാദപരമായ പെരുമാറ്റങ്ങളും" അവസാനിപ്പിക്കുമെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.