ബഹിരാകാശത്തെ ആദ്യ ടൂറിസ്റ്റുകള്‍ തിരികെയെത്തി; പുതുചരിത്രം കുറിച്ച് സ്‌പേസ് എക്‌സ് സഞ്ചാരികള്‍

ബഹിരാകാശത്തെ ആദ്യ ടൂറിസ്റ്റുകള്‍ തിരികെയെത്തി; പുതുചരിത്രം കുറിച്ച് സ്‌പേസ് എക്‌സ് സഞ്ചാരികള്‍

ഫ്‌ളോറിഡ: ആകാശത്തിനുമപ്പുറമുള്ള വിനോദ സഞ്ചാരം സാധ്യമാക്കി ബഹിരാകാശ രംഗത്ത് പുതു ചരിത്രം കുറിച്ച്് സ്‌പേസ് എക്‌സ് പേടകം ഭൂമിയില്‍ തിരികെയെത്തി. ബഹിരാകാശം സാധാരണക്കാര്‍ക്കും പ്രാപ്യമെന്നു തെളിയിച്ച നാല് യാത്രികരും മൂന്നു ദിവസത്തെ ബഹിരാകാശ വിനോദ യാത്രയ്ക്കു ശേഷം സുരക്ഷിതരായി മടങ്ങിയെത്തി.


നാല് പാരച്യൂട്ടുകളുടെ സഹായത്തോടെ സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സൂള്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുന്നു

ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.06ന് സഞ്ചാരികളെ വഹിച്ചുള്ള പാരച്യൂട്ട് ഫ്‌ളോറിഡയ്ക്ക് സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിക്കുകയായിരുന്നു. നാല് കൂറ്റന്‍ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സൂള്‍ യാത്രികരെയും വഹിച്ച് സമുദ്രത്തെ തൊട്ടത്. കാത്തുനിന്ന സ്‌പേസ് എക്‌സ് ബോട്ടുകള്‍ സഞ്ചാരികളെ വഹിച്ചു. ഇവരെ പിന്നീട് കെന്നഡി സ്‌പേസ് സെന്ററിലെത്തിച്ചു.


ബഹിരാകാശ വിദഗ്ധരായ ഒരാള്‍ പോലുമില്ലാതെയാണ് യാത്ര പൂര്‍ത്തിയാക്കിയത്. അമേരിക്കന്‍ ബിസിനസുകാരനും ശതകോടീശ്വരനുമായ ജാരെഡ് ഐസാക്മാന്‍ അടക്കം രണ്ട് പുരുഷന്മാരും രണ്ട് വനിതകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ജാരെഡ് ഐസാക്മാന്‍ ആയിരുന്നു മിഷന്‍ കമാന്‍ഡര്‍.

കുട്ടിക്കാലത്ത് പിടികൂടിയ അര്‍ബുദത്തെ പൊരുതി ജയിച്ച 29-കാരി ഹാലി ആര്‍സെനോക്‌സും 51 വയസുകാരിയായ ജിയോ സയന്റിസ്റ്റ് സിയാന്‍ പ്രോക്ടറുമാണ് വനിതാ യാത്രക്കാര്‍. യു.എസ് വ്യോമസേന മുന്‍ പൈലറ്റും എയ്‌റോസ്‌പേസ് ഡേറ്റാ എന്‍ജനീയറുമായ ക്രിസ് സെബ്രോസ്‌കിയാണ് (42) നാലാമത്തെ യാത്രക്കാരന്‍.


സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സൂള്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിച്ചപ്പോള്‍.

'അതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ഇതൊരു തുടക്കം മാത്രം'-ജാരെഡ് ഐസാക്മാന്‍ പ്രതികരിച്ചു. ഭൂമിയില്‍ നിന്നും 575 കിലോമീറ്റര്‍ അകലെയാണ് ഇവര്‍ ബഹിരാകാശ സഞ്ചാരം നടത്തിയത്. ദിവസവും 15 തവണ ഭൂമിയെ വലംവെച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയെത്തേക്കാള്‍ വേഗതയിലായിരുന്നു പേടകത്തിന്റെ സഞ്ചാരം.

'അഭിനന്ദനങ്ങള്‍ ഇന്‍സ്പിരേഷന്‍4എക്‌സ്'-പേടകം സുരക്ഷിതമായി തിരിച്ചെത്തിയശേഷം സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് യാത്രക്കാരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.

'രണ്ടാം ബഹിരാകാശ യുഗത്തിലേക്ക് സ്വാഗതം' എന്നായിരുന്നു മിഷന്‍ ഡയറക്ടര്‍ ടോഡ് എറിക്‌സണിന്റെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണം. സാധാരണക്കാരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ബഹിരാകാശ യാത്ര കൂടുതല്‍ പ്രാപ്യമാകുന്നു.


ബഹിരാകാശത്ത് എത്തിയ സ്പേസ് എക്സിനുള്ളില്‍നിന്നു ഭൂമിയെ വീക്ഷിച്ചപ്പോള്‍

ബഹിരാകാശത്തുണ്ടായിരുന്ന സമയം യാത്രക്കാരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ്, ഉറക്കം, ശരീരത്തിലെ മറ്റ് സുപ്രധാന മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. വിദഗ്ധരല്ലാത്ത യാത്രികര്‍ക്ക് ബഹിരാകാശത്ത് ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും കൂടുതല്‍ പഠനം നടത്തും.

ഇന്‍സ്പിരേഷന്‍ 4 പദ്ധതിയുടെ ഭാഗമായുള്ള പേടകം നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ബുധനാഴ്ച്ചയാണ് വിജയകരമായി വിക്ഷേപിച്ചത്. ഫാല്‍ക്കണ്‍ 9 റോക്കറ്റ് ആണ് പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്. ആറു മാസം മുമ്പാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യഘട്ട യാത്രയാണിത്. 200 മില്യന്‍ ഡോളറാണ് നാലു പേര്‍ക്കും കൂടിയുള്ള ആകെ ചെലവ്. ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയാണ് സ്‌പേസ് എക്‌സ്. വര്‍ഷങ്ങളായി മനുഷ്യന്റെ ചൊവ്വാ പര്യവേക്ഷണത്തിനായുള്ള പരീക്ഷണങ്ങളിലാണ് കമ്പനി. ഭാവിയില്‍ ചന്ദ്രനിലേക്ക് മനുഷ്യരെയും 100 ടണ്ണിലധികം ഭാരം വഹിക്കുന്ന കാര്‍ഗോയും വഹിച്ചു പോകാനുള്ള ഭീമന്‍ റോക്കറ്റിന്റെ നിര്‍മാണത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.