ന്യൂഡല്‍ഹി, 25 ഒക്ടോബര്‍ 2020 വിജിലന്‍സ്- അഴിമതിവിരുദ്ധ ദേശീയ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൊവ്വാഴ്ച (ഒക്ടോബര്‍ 27) വൈകിട്ട് 4.45ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. सतर्क भारत, समृद्ध भारत (ജാഗരൂകമായ ഇന്ത്യ, സമൃദ്ധമായ ഇന്ത്യ) എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ഉദ്ഘാടന സെഷന്‍ https://pmindiawebcast.nic.in/ എന്ന ലിങ്കിലൂടെ തത്സമയം കാണാനാകും. പശ്ചാത്തലം: എല്ലാ വര്‍ഷവും ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയില്‍ ആചരിക്കുന്ന 'വിജിലന്‍സ് ബോധവല്‍ക്കരണ വാര'ത്തോടനുബന്ധിച്ചാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഈ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പൊതുജനപങ്കാളിത്തത്തിലൂടെ ജീവിതത്തില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും വളര്‍ത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കലും സമ്മേളനം ലക്ഷ്യമിടുന്നു.
രാജ്യത്തിനു പുറത്തുള്ള അധികാരപരിധിയിലെ അന്വേഷണത്തിലെ വെല്ലുവിളികള്‍; അഴിമതിക്കെതിരായ നടപടികള്‍; ബാങ്ക് തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ തടയുന്നതിനുള്ള ചിട്ടയായ ക്രമീകരണങ്ങള്‍; വളര്‍ച്ചയുടെ ഊര്‍ജജ്ജമായി ഫലപ്രദമായ ഓഡിറ്റ്; അഴിമതിക്കെതിരായ പോരാട്ടത്തിന് പ്രേരണയായി അഴിമതി തടയുന്നതിനുള്ള നിയമത്തിലെ ഏറ്റവും പുതിയ ഭേദഗതികള്‍; കാര്യശേഷി വര്‍ദ്ധിപ്പിക്കലും പരിശീലനവും; വിവിധ ഏജന്‍സികളുടെ ഏകോപനത്തിലുടെ വേഗതയേറിയതും കൂടുതല്‍ ഫലപ്രദവുമായ അന്വേഷണത്തിനുള്ള പ്രാപ്തി കൈവരിക്കല്‍; സാമ്പത്തിക കുറ്റകൃത്യങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, അന്തര്‍ദ്ദേശീയ സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയിലെ ഉയര്‍ന്നുവരുന്ന പ്രവണതകള്‍; കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ക്കിടയിലെ വിവിധ സമ്പ്രദായങ്ങള്‍ പരസ്പരം മനസ്സിലാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മൂന്ന് ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യും. നയങ്ങള്‍ രൂപവല്‍ക്കരിക്കുന്നവരെയും നടപ്പാക്കുന്നവരെയും ഒരു പൊതുവേദിയില്‍ കൊണ്ടുവരാന്‍ ഈ സമ്മേളനത്തിനാകും. വ്യവസ്ഥാപരമായ മെച്ചപ്പെടുത്തലും പ്രതിരോധ ജാഗ്രതാ നടപടികളും അഴിമതിയെ ചെറുക്കാന്‍ സഹായിക്കും. അതുവഴി നല്ല ഭരണം കാഴ്ചവയ്ക്കാനാകും.
ഉത്തരവാദിത്തമുള്ള ഭരണനിര്‍വഹണത്തിനും സഹായകമാകും. ഉദ്ഘാടന സമ്മേളനത്തില്‍ വടക്കുകിഴക്കന്‍ മേഖലയുടെ വികസനം, പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്‌സണല്‍, പൊതു പരാതികളും പെന്‍ഷനുകളും മന്ത്രാലയം, ആണവോര്‍ജ വകുപ്പ്, ബഹിരാകാശ വകുപ്പ് എന്നിവയുടെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് സംസാരിക്കും. അഴിമതി വിരുദ്ധ ബ്യൂറോ, വിജിലന്‍സ് ബ്യൂറോ, സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ള സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന വിഭാഗങ്ങള്‍/സിഐഡി വിഭാഗങ്ങള്‍ എന്നിവയുടെ മേധാവികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സിബിഐ ഉദ്യോഗസ്ഥര്‍, വിവിധ കേന്ദ്ര ഏജന്‍സികളുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും. ഉദ്ഘാടന സെഷനില്‍ ചീഫ് സെക്രട്ടറിമാരും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഡിജിപിമാരും പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.