ന്യൂയോര്‍ക്ക്:ഇന്ത്യയില്‍ പുതിയതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍ കാര്‍ഡിനെ വിലക്കിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് യു.എസ് ധനകാര്യ വകുപ്പ്. ഇത് 'പരിഭ്രാന്തി' ഉണ്ടാക്കുന്ന 'കടുത്ത' നീക്കമാണെന്ന് യുഎസ് സര്‍ക്കാരിലെ ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥന്‍ റിസര്‍വ് ബാങ്കിനയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ആര്‍.ബി.ഐയുടെ ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എങ്കിലും നിലവില്‍ മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകുന്നുണ്ട്. ആവശ്യത്തിന് സമയം അനുവദിച്ചിട്ടും റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ജൂലൈ മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ആര്‍.ബി.ഐ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. മുന്‍പ് സമാനമായ രീതിയില്‍ അമേരിക്കന്‍ എക്സ്പ്രസ് ബാങ്കിങ് കോര്‍പ്, ഡൈനേഴ്സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കാര്‍ഡുകളും ആര്‍.ബി.ഐ. വിലക്കിയിരുന്നു.
2018ല്‍ പുറത്തിറക്കിയ ഒരു സര്‍ക്കുലറില്‍ എല്ലാ കാര്‍ഡ് ദാതാക്കളോടും പേയ്മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട ഡാറ്റ ഇന്ത്യയിലുള്ള സിസ്റ്റത്തില്‍ ശേഖരിച്ച് രേഖപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആറ് മാസത്തെ സമയപരിധിയാണ് ഇതിനായി നല്‍കിയത്. സര്‍ക്കുലര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
ആര്‍ബിഐ സ്വീകരിച്ച കടുത്ത നടപടികളെക്കുറിച്ച് പലരും പരാതി പറഞ്ഞതായി ദക്ഷിണ, മധ്യേഷ്യയിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് യുഎസ് ട്രേഡ് പ്രതിനിധി ബ്രണ്ടന്‍ എ ലിഞ്ച് പറഞ്ഞു.മാസ്റ്റര്‍കാര്‍ഡ് വിഷയത്തില്‍ യുഎസ് സര്‍ക്കാര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. ആര്‍ബിഐ യുടെ പ്രതികരണവും വന്നിട്ടില്ല. അതേസമയം ഇന്ത്യ, യുഎസ് സര്‍ക്കാരുകളുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിവരുന്നുണ്ടെന്നും വൈകാതെ പ്രശ്‌ന പരിഹാരമുണ്ടാകുമെന്നും ഒരു മാസ്റ്റര്‍കാര്‍ഡ് വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.