ലോക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭ ആക്രമണം: പോലീസുകാര്‍ 'പഞ്ചിംഗ് ബാഗായി' മാറിയെന്ന് വിക്ടോറിയന്‍ പോലീസ് അസോസിയേഷന്‍

ലോക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭ ആക്രമണം: പോലീസുകാര്‍ 'പഞ്ചിംഗ് ബാഗായി' മാറിയെന്ന് വിക്ടോറിയന്‍ പോലീസ് അസോസിയേഷന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ലോക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം ആക്രമിക്കപ്പെടുന്നതിലും പരുക്കേല്‍ക്കുന്നതിലും കടുത്ത ആശങ്കയും അമര്‍ഷവും പ്രകടിപ്പിച്ച് വിക്ടോറിയ പോലീസ് യൂണിയന്‍. ആര്‍ക്കും തട്ടാവുന്ന 'പഞ്ചിംഗ് ബാഗുകളായി' പോലീസ് ഉദ്യോഗസ്ഥര്‍ മാറുന്നത് സേനയ്ക്കുള്ളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ശനിയാഴ്ച മെല്‍ബണില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്ത പ്രക്ഷോഭം അക്രമാസക്തമായതിനെതുടര്‍ന്ന് പത്ത് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ഗുരുതരമായി പരുക്കേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പ്രക്ഷോഭകരുടെ ആക്രമണത്തില്‍ ചില ഉദ്യോസ്ഥരുടെ എല്ലുകള്‍ ഒടിയുകയും മുഖത്തിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ് പോലീസുകാരെയും കഴിഞ്ഞ ദിവസം വിട്ടയച്ചതായി കമാന്‍ഡര്‍ മാര്‍ക്ക് ഗാലിയറ്റ് അറിയിച്ചു.

സമരക്കാര്‍ പോലീസിനു നേരേ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞപ്പോള്‍ പോലീസ് കുരുമുളക് സ്‌പ്രേ ഉപയോഗിച്ചാണ് ആക്രമിക്കാനെത്തിയവരെ നേരിട്ടത്.

ലോക്ഡൗണിനെതിരേ ഓസ്‌ട്രേലിയയില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ തീവ്ര സ്വഭാവത്തില്‍ കടുത്ത ആശങ്കയാണ് വിക്ടോറിയന്‍ പോലീസ് അസോസിയേഷന്‍ സെക്രട്ടറി വെയ്ന്‍ ഗാട്ട് പങ്കുവച്ചത്.

ശനിയാഴ്ച നടന്നത് നിയമാനുസൃതമായ പ്രതിഷേധ പ്രകടനമല്ലെന്ന് വെയ്ന്‍ ഗാട്ട് പറഞ്ഞു. പ്രതിഷേധക്കാരില്‍ കണ്ടത് കുറ്റവാളികളുടെ സ്വഭാവരീതികളാണ്. അവ പ്രതിഷേധമായി കാണാനാവില്ല, മറിച്ച് ക്രിമിനല്‍ പ്രവര്‍ത്തനമാണ്. ഇതിനു വേണ്ടി നിലകൊള്ളാന്‍ തങ്ങള്‍ക്കു കഴിയില്ല. പോലീസ് സേനയ്ക്കു നേരേ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഇനിയും സഹിച്ചുനില്‍ക്കാനാവില്ല. ഇത്തരം പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് വെയ്ന്‍ ഗാട്ട് പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെതുടര്‍ന്ന് അസാധാരണമായ ഒരു നടപടിയും വിക്‌ടോറിയ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായി. പ്രതിഷേധ പ്രകടത്തിനായി ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നത് കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന ഭയത്തെതുടര്‍ന്ന് തിരക്കേറിയ സിബിഡിയിലേക്കുള്ള പൊതുഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

റിച്ച്മണ്ടില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ 700 പേരോളം പങ്കെടുത്തതായി പോലീസ് കണക്കാക്കുന്നു. 230 ലധികം പേരെ അറസ്റ്റ് ചെയ്തു. സമരത്തെ നേരിടാന്‍ രണ്ടായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചത്.

സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമിട്ട് നടത്തുന്ന സമരങ്ങളുടെ ബലിയാടുകളായി പോലീസ് ഉദ്യോഗസ്ഥര്‍ മാറുകയാണെന്ന് വെയ്ന്‍ ഗാട്ട് പറഞ്ഞു.

പ്രതിഷേധത്തിനിടെ ധാരാളം പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റ സാഹചര്യത്തില്‍ അവരെ കൂടുതല്‍ സുരക്ഷിതരാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പ്രതിഷേധ പ്രവര്‍ത്തനങ്ങളുടെ പ്രോട്ടോക്കോളുകള്‍ ഭാവിയില്‍ മാറ്റുന്നതിനെക്കുറിച്ച് വിക്ടോറിയ പോലീസ് യൂണിയന്‍ ചര്‍ച്ച ചെയ്യും.

അതേസമയം, പ്രക്ഷോഭകരില്‍ ചിലരെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴപ്പെടുത്തിയെന്ന ആക്ഷേപങ്ങള്‍ അദ്ദേഹം നിഷേധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26