തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ പ്ലസ് വണ്‍ പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാർഗ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
സാനിറ്റൈസര്‍ പ്രവേശന കവാടത്തില്‍ തന്നെ നല്‍കാനും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും. അനധ്യാപക ജീവനക്കാര്‍, പിടിഎ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എസ്‌എസ്‌കെ ജീവനക്കാര്‍ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും.
അതേസമയം പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ലെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്താനാണ് തീരുമാനം. പരീക്ഷാ ഹാള്‍, ഫര്‍ണിച്ചര്‍, സ്‌കൂള്‍ പരിസരം തുടങ്ങിയവ ശുചിയാക്കാനും 22ന് മുൻപ് അണുവിമുക്തമാക്കാനുള്ള നടപടിയെടുക്കാനും തീരുമാനമായി. ഇതിനായി ആരോഗ്യവകുപ്പ്, പിടിഎ, സന്നദ്ധസംഘടനകള്‍, ഫയര്‍ഫോഴ്‌സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായം പ്രയോജനപ്പെടുത്തും.
പരീക്ഷാ ദിവസങ്ങളില്‍ സ്‌കൂള്‍ കോമ്പൗണ്ടിൽ കുട്ടികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. കുട്ടികള്‍ക്ക് പരസഹായം കൂടാതെ പരീക്ഷാഹാളില്‍ എത്തിച്ചേരാനായി പ്രവേശന കവാടത്തില്‍ തന്നെ എക്‌സാം ഹാള്‍ ലേ ഔട്ട് പ്രദര്‍ശിപ്പിക്കും. പരീക്ഷയ്ക്ക് മുൻപും ശേഷവും വിദ്യാര്‍ഥികള്‍ കൂട്ടം കൂടില്ലെന്നു ഉറപ്പാക്കും.
കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കും ബന്ധപ്പെട്ട ഇന്‍വിജിലേറ്റര്‍മാര്‍ക്കും പി പി ഇ കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാര്‍ സ്വീകരിക്കണം. ഈ കുട്ടികള്‍ പ്രത്യേക ക്ലാസ് മുറിയില്‍ ആയിരിക്കും പരീക്ഷ എഴുതേണ്ടത്. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാര്‍ഥികളും ക്വാറന്റൈനില്‍ ഉള്ള വിദ്യാര്‍ഥികളും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികളില്‍ പരീക്ഷ എഴുതണം.
ക്ലാസ്മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കുന്നതല്ല. ശീതീകരിച്ച ക്ലാസ് മുറികള്‍ പരീക്ഷയ്ക്ക് ഉപയോഗിക്കുന്നതല്ല. വായുസഞ്ചാരം ഉള്ളതും വെളിച്ചം ഉള്ളതുമായ ക്ലാസ് മുറികളാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.