ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം നാളെ. അഅഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മൂന്ന് ദിവസത്തേയ്ക്കാണ് പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനം. ക്വാഡ് രാജ്യങ്ങളുടെ യോഗം സെപ്റ്റംബര്‍ 24 ന് വൈറ്റ് ഹൗസില്‍ ചേരും.
പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചര്‍ച്ച നടത്തുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ച അമേരിക്കയിലെത്തുന്നത്. വൈകുന്നേരം ന്യൂയോര്‍ക്കിലേക്കു മടങ്ങുന്ന മോഡി വ്യാഴാഴ്ച യു.എന്‍ പൊതുസഭയില്‍ പ്രസംഗിക്കും. ബൈഡന്‍ ഭരണകൂടം അധികാരത്തില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും എത്തും. അദ്ദേഹത്തെയും പ്രധാനമന്ത്രി കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേക്കുറിച്ച് ഇതുവരെ ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആപ്പിള്‍ സി.ഇ.ഒ. ടിം കുക്ക്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായും മോഡി കൂടിക്കാഴ്ച നടത്തും.
ആഗോള ഭീകരവാദ ഭീഷണി, അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങള്‍ എന്നിവയായിരിക്കും ഉഭയകക്ഷി കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തേക്കാള്‍ രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ഈ കൂടിക്കാഴ്ചയില്‍ പ്രതിഫലിക്കുമെന്ന് വൈറ്റ ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനു ശേഷമാണ് നാലു രാജ്യങ്ങളുടെയും ക്വാഡ് ഉച്ചകോടി വൈറ്റ് ഹൗസില്‍ നടക്കുക.
ഇതിനിടയില്‍ ക്വാഡ് ഉച്ചകോടിക്ക് മുന്‍പായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അമേരിക്കയിലെത്തിയിട്ടുണ്ട്. ഉച്ചകോടിക്ക് മുന്‍പായുള്ള അടിസ്ഥാന ചര്‍ച്ചകള്‍ക്കായാണ് വിദേശകാര്യ മന്ത്രി യുഎസിലെത്തിയത്. ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാ വിഷയം താലിബാന്‍ തന്നെയായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.