ക്ലാസ് മുറികളില്‍ ക്രൂശിതരൂപം പ്രദര്‍ശിപ്പിക്കാം: അത് ഇറ്റലിയുടെ വിശാലമായ പൈതൃകത്തിന്റെ ഭാഗമെന്നും ഇറ്റാലിയന്‍ സുപ്രീം കോടതി

ക്ലാസ് മുറികളില്‍ ക്രൂശിതരൂപം പ്രദര്‍ശിപ്പിക്കാം: അത് ഇറ്റലിയുടെ വിശാലമായ പൈതൃകത്തിന്റെ ഭാഗമെന്നും ഇറ്റാലിയന്‍ സുപ്രീം കോടതി

റോം: ഇറ്റാലിയന്‍ സ്‌കൂളുകളിലെ ക്ലാസ് മുറികളില്‍ ക്രൂശിത രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഇറ്റലിയിലെ പരമോന്നത കോടതിയുടെ വിധി. വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുമിച്ചിരുന്നു മാന്യമായ രീതിയില്‍ ജനാധിപത്യപരമായി തീരുമാനിക്കുന്നിടത്തോളം കാലം എല്ലാ മതങ്ങളുടേയും പ്രതീകങ്ങളും ക്ലാസ് മുറികളില്‍ പ്രദര്‍ശിപ്പിക്കാമെന്നും വിധിയില്‍ പറയുന്നു.

ക്രൂശിതരൂപം എന്നാല്‍ ഇറ്റലിയുടെ വിശാലമായ പൈതൃകത്തിന്റെ ഭാഗമാണെന്നും കുരിശും ക്രിസ്തുവിന്റെ പീഡാസഹനവും നിരീശ്വര വാദികള്‍ക്ക് പോലും മാനുഷികാന്തസ്, സമാധാനം, സാഹോദര്യം, ഐക്യം തുടങ്ങിയ ആഗോള മൂല്യങ്ങളെ പ്രദാനം ചെയ്യുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

ക്ലാസ് മുറികളില്‍ ക്രൂശിതരൂപം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഒരു ഇറ്റാലിയന്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ നല്‍കിയ അപ്പീലിലാണ് പരമോന്നത നീതിപീഠമായ സുപ്രീം കോര്‍ട്ട് ഓഫ് കാസേഷന്റെ വിധി.

താന്‍ പഠിപ്പിക്കുമ്പോള്‍ തന്റെ പിറകില്‍ തൂങ്ങിക്കിടക്കുന്ന ക്രൂശിതരൂപം തന്റെ മനസാക്ഷിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്ന പരാതിയുമായിട്ടാണ് ഇറ്റാലിയന്‍ ലിറ്ററേച്ചര്‍ അധ്യാപകന്‍ കോടതിയെ സമീപിച്ചത്. താന്‍ ക്രൂശിതരൂപം അംഗീകരിക്കാത്തതിനാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശമ്പളം നല്‍കാതെ 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് തനിക്കെതിരെ വിവേചനപരമായി പെരുമാറിയെന്നും അധ്യാപകന്‍ ആരോപിച്ചിരിന്നു.

എന്നാല്‍ ക്ലാസ് റൂമില്‍ പ്രവേശിക്കുന്ന അധ്യാപകന്‍ ആദ്യം കുരിശുരൂപം എടുത്ത് മാറ്റിയ ശേഷമാണ് പഠിപ്പിക്കുവാന്‍ തുടങ്ങുന്നതെന്നും പഠിപ്പിക്കലിന് ശേഷം കുരിശുരൂപം പഴയ പടി തൂക്കിയതിന് ശേഷം ക്ലാസ്സ് വിടുകയാണ് പതിവെന്നുമാണ് റിപ്പോര്‍ട്ട്.

ക്ലാസ് മുറിയില്‍ കുരിശുരൂപം പ്രദര്‍ശിപ്പിക്കുന്നത് ഒരു വിവേചനപരമായ പ്രവര്‍ത്തിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അധ്യാപകന്റെ വാദം തള്ളിക്കളഞ്ഞു. കേസ് 2013 ല്‍ കീഴ് കോടതിയും, 2014ല്‍ അപ്പീല്‍ കോടതിയും തള്ളിക്കളഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.