ചായയില്‍ പൊളോണിയം വിഷം കലര്‍ത്തി ലണ്ടനില്‍ മുന്‍ റഷ്യന്‍ ചാരനെ കൊന്നത് പുടിന്‍ ഭരണകൂടമെന്ന് കോടതി

 ചായയില്‍ പൊളോണിയം വിഷം കലര്‍ത്തി ലണ്ടനില്‍ മുന്‍  റഷ്യന്‍ ചാരനെ കൊന്നത് പുടിന്‍ ഭരണകൂടമെന്ന് കോടതി


ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരന്‍ അലക്‌സാണ്ടര്‍ ലിത്വിനെങ്കോയെ കൊന്നത് റഷ്യന്‍ ഭരണകൂടം തന്നെയെന്ന് യുറോപ്യന്‍ മനുഷ്യാവകാശ കോടതി കണ്ടെത്തി. കൊലപാതകത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നേരിട്ട് ഇടപെട്ടതായി ആരോപണമുള്ള സുപ്രധാന കേസിലാണ് കോടതി വിധി.മറീനയ്ക്ക് 1,22,500 പൗണ്ട് റഷ്യ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിലുണ്ട്.

2006 ല്‍ ലണ്ടനില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ലിത്വിനെങ്കോയുടെ വിധവ മറീന നല്‍കിയ കേസാണിത്.മരണത്തിന് മുമ്പ് ലിത്വിനെങ്കോ തന്നെ പുടിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ലണ്ടനിലെ മിലേനിയം ഹോട്ടലില്‍ ലിത്വിനെങ്കോയെ കാണാനെത്തിയവര്‍ ഗ്രീന്‍ ടീയില്‍ റേഡിയോ ആക്ടീവ് വിഷവസ്തുവായ പൊളോണിയം 210 കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് മനുഷ്യാവകാശ കോടതി ചൂണ്ടിക്കാട്ടി.

റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലിത്വിനെങ്കോ മൂന്ന് ആഴ്ച ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്ന ശേഷമാണ്് മരിച്ചത്. തന്നെ വധിക്കാന്‍ വ്‌ളാദിമിര്‍ പുടിന്‍ നേരിട്ട് ഉത്തരവ് നല്‍കിയതായി വിശ്വസിക്കുന്നുവെന്ന് ആശുപത്രികിടക്കയില്‍ വെച്ച് ലിത്വിനെങ്കോ പറഞ്ഞിരുന്നു. ലിത്വിനെങ്കോയെ സന്ദര്‍ശിച്ച കെജിബി മുന്‍ ജീവനക്കാരനായ ആന്ദ്രെ ലുഗോവോയും മറ്റൊരു റഷ്യക്കാരന്‍ ദിമിത്രി കോവ്തനും ഈ കൃത്യം നടത്തിയത് ഭരണകൂടത്തിന്റെ ഏജന്റുമാരായിട്ടായിരുന്നുവെന്ന ബിട്ടിഷ് ഉദ്യോഗസ്ഥരുടെ നിഗമനം യൂറോപ്യന്‍ കോടതി ശരിവച്ചു.

കൊലപാതകത്തിന്റെ ഉത്തരവാദിത്തം റഷ്യ ഇപ്പോഴും നിഷേധിക്കുന്നു. കെജിബി വിട്ട് ബ്രിട്ടനിലേക്കു കുടിയേറുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്ത ലിത്വിനെങ്കോ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ 6നു വേണ്ടി ജോലി ചെയ്തിരുന്നു.ഇതിനിടെ, മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനെ ലിത്വിനെങ്കോയെ കൊന്നതിന്റെ മാതൃകയില്‍ നോവിചോക് എന്ന രാസവിഷം ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ക്കെതിരെ കൂടി കുറ്റം ചുമത്തി.

ബ്രിട്ടനില്‍ താമസിക്കുന്ന സ്‌ക്രീപലിനെ റഷ്യയുടെ രഹസ്യങ്ങള്‍ ബ്രിട്ടനു വിറ്റതിനാലാണ് കൊല്ലാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. നോവിചോക് കൊണ്ടുപോകാനായി പ്രതികള്‍ ഉപയോഗിച്ച പഴയ സുഗന്ധദ്രവ്യക്കുപ്പി കിട്ടിയ ഒരു സ്ത്രീ വിഷബാധയേറ്റു മരിച്ചു.സ്‌ക്രീപലിന്റെ മകള്‍ യുലിയയ്ക്കും വിഷബാധയേറ്റിരുന്നു. ബ്രിട്ടനിലെ സോള്‍സ്ബ്രിയില്‍ 2018 മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ നേരത്തേ രണ്ടു പേര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.