സര്‍ക്കാര്‍ എന്നു കനിയും? ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത് 45000 പേര്‍

സര്‍ക്കാര്‍ എന്നു കനിയും? ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത് 45000 പേര്‍

കാന്‍ബറ: വിദേശത്തുനിന്നും സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ സര്‍ക്കാര്‍ സഹായം കാത്തിരിക്കുന്ന ഓസ്ട്രേലിയന്‍ പൗരന്മാരുടെ എണ്ണം 45,000 കവിഞ്ഞു. കോവിഡിനു പിന്നാലെ ഓസ്ട്രേലിയയില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും അഫ്ഗാന്‍ പ്രശ്നം രൂക്ഷമായതുമാണ് വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്താന്‍ പൗരന്മാര്‍ക്കു പ്രതിബന്ധമായി നില്‍ക്കുന്നത്. അഫ്ഗാനിസ്ഥാനും ഇന്ത്യയും ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളിലാണ് ഇത്രയധികം ഓസ്ട്രേലിയന്‍ പൗരന്മാര്‍ കുടുങ്ങിക്കിടക്കുന്നത്. ഔദ്യോഗിക കണക്കുകള്‍.

ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രാലയം മറ്റു രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 38,000 പേരുടെ പട്ടിക നേരത്തെ തയാറാക്കിയിരുന്നു. അഫ്ഗാന്‍ താലിബാന്‍ നിയന്ത്രണത്തിലായതോടെയാണ് തിരിച്ചുമടങ്ങാന്‍ സഹായം തേടുന്ന പൗരന്മാരുടെ എണ്ണം 45000-ത്തില്‍ അധികമായത്.

നാട്ടിലേക്കു മടങ്ങിയെത്താന്‍ സര്‍ക്കാര്‍ സഹായം തേടുന്നവര്‍ ഏറ്റവുമധികമുള്ളത് അഫ്ഗാനിസ്ഥാനിലാണ്. ബ്രിട്ടണ്‍, ഇന്ത്യ, അമേരിക്ക പാകിസ്താന്‍ എന്നിവിടങ്ങളിലും അനേകായിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അടക്കമുള്ള വിമാന സര്‍വീസുകള്‍ ഓസ്ട്രേലിയയിലേക്കുള്ള യാത്രകള്‍ വെട്ടിച്ചുരുക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

നിലവില്‍ 45,200 പേരാണ് രാജ്യത്തേക്കു മടങ്ങാന്‍ കാത്തിരിക്കുന്നത്. ഇതില്‍ 4700 പേര്‍ പ്രായമായവരോ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരോ ആണ്.

ഓഗസ്റ്റ് 27-നാണ് അഫ്ഗാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ഓസ്ട്രേലിയ അവസാനിപ്പിച്ചത്. എന്നാല്‍ എത്ര പേര്‍ അതിനു ശേഷം അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.

കോവിഡ് ബാധിത രാജ്യങ്ങളില്‍നിന്ന് സ്വന്തം പൗരന്മാര്‍ക്കു പോലും നാട്ടിലേക്കു മടങ്ങാന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതില്‍ ഓസ്ട്രേലിയ വലിയ തോതില്‍ വിമര്‍ശനം നേരിട്ടിരുന്നു.

അഫ്ഗാന്‍ പൗരന്മാര്‍ അടക്കം 4100 പേരെ ഒഴിപ്പിച്ചെന്നാണ് സര്‍ക്കാരിന്റെ പക്കലുള്ള കണക്ക്. മാസങ്ങള്‍ പിന്നിട്ടിട്ടും സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്ന നടപടിക്കെതിരേ കഴിഞ്ഞ ഞായറാഴ്ച്ച ഓസ്ട്രേലിയന്‍ പൗരന്മാര്‍ ലണ്ടനില്‍ പ്രതിഷേധിച്ചിരുന്നു. ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണറുടെ ഓഫീസിനു മുന്നിലായിരുന്നു പ്രതിഷേധം.

ഓസ്‌ട്രേലിയയില്‍ നിലവില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാരുടെ എണ്ണം ആഴ്ചയില്‍ 2,285 പേരാണ്. പല അന്താരാഷ്ട്ര വിമാനക്കമ്പനികളും ഓസ്‌ട്രേലിയയിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. പല വിമാനങ്ങളും ഒഴിഞ്ഞ സീറ്റുകളുമായാണ് സര്‍വീസ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.