കുടുംബത്തിൽ വറ്റിവരളുന്ന നീർച്ചാലുകൾ

കുടുംബത്തിൽ   വറ്റിവരളുന്ന   നീർച്ചാലുകൾ

ഏക മകന്റെ വിവാഹം കഴിഞ്ഞപ്പോൾ അപ്പനുമമ്മയ്ക്കും വലിയ ആനന്ദമായിരുന്നു. എന്നാൽ ഏറെ നാൾ കഴിയും മുമ്പേ ആ സന്തോഷം അസ്തമിച്ചു തുടങ്ങി. കുടുംബത്തിൽ അസ്വസ്ഥതകളും രൂപപ്പെട്ടു, അമ്മായിയമ്മയും മരുമകളും തമ്മിലായിരുന്നു പ്രധാന പ്രശ്നം. മരുമകൾ പറഞ്ഞതനുസരിച്ച്  കുറ്റം മുഴുവനും അമ്മായിയമ്മയുടേതാണ്. "ഞാൻ എന്തു ചെയ്താലും കുറ്റമാണ്. ഒരു നല്ല വാക്കുപോലും അമ്മ പറയില്ല. അമ്മയ്ക്കിപ്പോഴും എല്ലാം തനിയെ ചെയ്യണം എന്നാൽ ഞാൻ പണിയെടുക്കുകയും വേണം.അമ്മ ആഗ്രഹിക്കുന്നതു പോലെ കാര്യങ്ങൾ ചെയ്യാൻ എനിക്ക് കഴിയുന്നില്ലെന്നത് സത്യമാണ്. ഇങ്ങന പോയാൽ രമ്യതയിൽ കഴിയാൻ എന്തു ചെയ്യണമെന്നെനിക്കറിയില്ല." മരുമകളെക്കുറിച്ച് അമ്മായിയമ്മ പറഞ്ഞതിങ്ങനെ: "അച്ചാ അവൾക്ക് ഒരു പണിയും ശരിക്ക് ചെയ്യാനറിയില്ല. ഒന്നിനും ഒരു വൃത്തിയും വെടിപ്പുമില്ല. വേഗത്തിൽ പണി ചെയ്യാൻ കഴിവുമില്ല....."പരാതികൾ നീണ്ടപ്പോൾ ഞാൻ ചോദിച്ചു: "അമ്മച്ചി വിവാഹം കഴിഞ്ഞ് വന്നപ്പോൾ എല്ലാ പണികളും പഠിച്ചിട്ടാണോ വന്നത്? ഇപ്പോഴുള്ള വൃത്തിയും വേഗവുമെല്ലാം അന്നുണ്ടായിരുന്നോ?" ഉത്തരമൊന്നും പറയാതെ മൗനം പാലിച്ചപ്പോൾ ഞാൻ തുടർന്നു: "മരുമകളുടെ പാചകമോ, വൃത്തിയോ, വേഗമോ ഒന്നുമല്ല യഥാർത്ഥ പ്രശ്നം. മകന്റെ സ്നേഹം നഷ്ടപ്പെടുന്നു എന്നുള്ള ചിന്തയാണ് എല്ലാത്തിനും കാരണം. നിങ്ങളുടെ മരുമകൾ മകന്റെ കൂടെ ജീവിക്കേണ്ടതാണെന്നും അവനെ സ്നേഹിക്കേണ്ടതാണെന്നും തിരിച്ചറിയുക. അവളെ എപ്പോഴും ശകാരിക്കാതെ ശാന്തമായ് സമീപിക്കുക. മകനെപോലെ അവളെയും സ്നേഹിച്ച് തുടങ്ങുക. അപ്പോൾ മാറ്റം കാണും ...." അമ്മായിയമ്മയോട് ശാന്തതയും സ്നേഹത്തോടും ഇടപെടണമെന്നും ആത്മസംയമനം കൈവിടരുതെന്നും അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും മരുമകളോടും ഞാൻ പറഞ്ഞു. ചെറിയ കുറവുകൾ വലുതാക്കി കാണിച്ച് വ്യക്തി ബന്ധങ്ങളിലും കുടുംബ ജീവിതത്തിലും അസ്വസ്ഥതകൾ വിതയ്ക്കുന്ന സാത്താന്റെ പ്രവൃത്തികൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. മനസിൽ വിദ്വേഷവും വെറുപ്പും കൂടുകൂട്ടുമ്പോഴാണ് സ്‌നേഹം വറ്റിപ്പോകുന്നതെന്ന് നമ്മൾ തിരിച്ചറിയണം. അങ്ങനെയുള്ളപ്പോൾ നന്മകാണാനുള്ള കാഴ്ചയും നമുക്ക് നഷ്ടമാകും. അതുകൊണ്ടാണ് യഹൂദരെ നോക്കി ക്രിസ്തു ഇങ്ങനെ പറഞ്ഞത്: "യോഹന്നാന്‍ ഭക്‌ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായിവന്നു. അവന്‍ പിശാചുബാധിതനാണെന്ന്‌ അപ്പോള്‍ അവര്‍ പറയുന്നു. മനുഷ്യപുത്രന്‍ ഭക്‌ഷിക്കുന്നവനും പാനംചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു: ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍! എങ്കിലും ജ്‌ഞാനം അതിന്റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു" (മത്തായി 11 : 18-19). കൂടെ വസിക്കുന്നവരും ജോലി ചെയ്യുന്നവരുമെല്ലാം ഒരു പക്ഷേ നമ്മൾ ആഗ്രഹിക്കുന്ന പോലെ പൂർണ്ണരായിരിക്കണമെന്ന് നിർബന്ധമില്ല. ഹൃദയത്തിൽ സ്നേഹം നാമ്പിട്ടു തുടങ്ങുമ്പോൾ മാത്രമേ ക്ഷമിക്കാനും പൊറുക്കാനും നല്ലത് കാണാനും നമുക്ക് സാധ്യമാകൂ. സ്നേഹത്തിന്റെ നീരുറവകൾ വറ്റുമ്പോൾ വെറുപ്പുകൊണ്ട് നമ്മുടെ ഹൃദയങ്ങൾ വിണ്ടുകീറുമെന്ന സത്യം മറക്കാതിരിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.