അഫ്ഗാനില്‍ ഒരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനവും പാടില്ല; താക്കീതുമായി യു.എന്നില്‍ ഇന്ത്യ

  അഫ്ഗാനില്‍ ഒരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനവും പാടില്ല; താക്കീതുമായി യു.എന്നില്‍ ഇന്ത്യ


ന്യൂയോര്‍ക്ക്: അഫ്ഗാനിസ്താന്റെ മണ്ണ് ഒരു തരത്തിലുള്ള ഭീകരവാദത്തിനും അനുവദിക്കരുതെന്ന് വീണ്ടും താലിബാന് താക്കീത് നല്‍കി ഇന്ത്യ. സ്വന്തം മണ്ണിലെ ഭീകരവാദം തടയുമെന്ന താലിബാന്റെ പ്രതിജ്ഞ അര്‍ത്ഥവത്താക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ 76 ാം പൊതുസമ്മേളന ഭാഗമായി ന്യൂയോര്‍ക്കില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം അഫ്ഗാന് താക്കീത് നല്‍കിയത്.

അഫ്ഗാനില്‍ ഭരണം നടത്തേണ്ടത് അവിടത്തെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാരാകണം. അഫ്ഗാനിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ആഗോള സമൂഹം ഒത്തുചേരണമെന്നും ജയ്ശങ്കര്‍ നിര്‍ദ്ദേശിച്ചു. സഹായം ചെയ്യുന്നവര്‍ക്ക് തടസ്സമില്ലാതെ നേരിട്ടുള്ള പ്രവേശനം നല്‍കണം.അഫ്ഗാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വിശാലമായ ഒരു ഉള്‍ക്കൊള്ളലാണ് ലോകം പ്രതീക്ഷിക്കുന്നത് എന്ന് ട്വിറ്ററിലൂടെ ജയ്ശങ്കര്‍ പിന്നീട് ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്ത താലിബാനെ ലോകരാജ്യങ്ങളില്‍ ഏറിയ പങ്കും അംഗീകരിക്കാതിരിക്കുന്നത് ഭരണകൂടത്തിന് തിരിച്ചടിയായിരിക്കുകയാണ്. സാര്‍ക് ഉച്ചകോടിയില്‍ അംഗത്വം നേടാന്‍ ശ്രമം നടത്തിയെങ്കിലും രാജ്യങ്ങള്‍ അംഗീകരിച്ചില്ല.പാകിസ്താനാണ് താലിബാന് വേണ്ടി ആവശ്യം അറിയിച്ചത്.

മറ്റ് രാജ്യങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ പാകിസ്താന്റെ താലിബാന്‍ അനുകൂല നീക്കം വിഫലമായി. ഇപ്പോള്‍ യുഎന്നില്‍ അഭിസംബോധന ചെയ്ത് സംസാരിക്കണം എന്ന ആവശ്യവുമായാണ് താലിബാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഐക്യരാഷ്ട്ര സഭാ സമ്മേളനം അവസാനിക്കുന്ന തിങ്കളാഴ്ച തങ്ങളുടെ പുതിയ പ്രതിനിധിയെ സംസാരിക്കാന്‍ അനുവദിക്കണം എന്നതാണ് ആവശ്യം. എന്നാല്‍ ഇത് യുഎന്‍ അംഗീകരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.