അഫ്ഗാനില്‍ നിന്നെത്തുന്ന മയക്കുമരുന്ന് രാജ്യത്തിന് കനത്ത ഭീഷണി: മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍

അഫ്ഗാനില്‍ നിന്നെത്തുന്ന മയക്കുമരുന്ന് രാജ്യത്തിന് കനത്ത ഭീഷണി: മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍

പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ ഉറപ്പു വരുത്തുന്നതിന് മാത്രമാണ് മയക്കുമരുന്ന് വിതരണം നിരോധിക്കുമെന്ന് താലിബാന്‍ വാഗ്ദാനം ചെയ്തതെന്ന് അന്താരാഷ്ട്ര നയതന്ത്ര വിദഗ്ധര്‍. അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് ഉല്‍പാദനവും വ്യാപാരവും നേരിടാന്‍ അമേരിക്ക ചെലവഴിച്ചത് 63,525 കോടി രൂപ!

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് കടത്തിക്കൊണ്ടു വരുന്ന മയക്കുമരുന്ന് ഇന്ത്യയ്ക്ക് കനത്ത ഭീഷണി സൃഷ്ടിക്കുമെന്ന് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇപ്രകാരമെത്തുന്ന കോടിക്കണക്കിന് രൂപയുടെ മയക്കു മരുന്നുകള്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ താലിബാനുമായി രഹസ്യ ബന്ധം പുലര്‍ത്തുന്ന കണ്ണികള്‍ രാജ്യത്തുണ്ടെന്ന സംശയം ബലപ്പെട്ടു.

അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത് ഒരു മാസം പിന്നിടുന്ന വേളയിലാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും 3,000 കിലോ ഹെറോയിന്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ പിടിച്ചെടുത്ത ഹെറോയിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 21,000 കോടി വില വരും.

അഫ്ഗാനില്‍ നിന്നുമാണ് ഈ മയക്കുമരുന്ന് കയറ്റി അയച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പിടികൂടിയ ഹെറോയിന്‍ ഏതെങ്കിലും ഭീകര സംഘടനയ്ക്ക് വേണ്ടിയാണോ എന്നറിയാന്‍ ഗുജറാത്തില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം രാജ്യത്ത് മയക്കുമരുന്ന് ഉല്‍പാദനം നിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ഓഗസ്റ്റ് 18 ന് പറഞ്ഞിരുന്നു. ഒരു തരത്തിലുമുളള മയക്കുമരുന്നിന്റെ ഉത്പാദനവും അനുവദിക്കില്ലെന്ന് ജനങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും ഉറപ്പ് നല്‍കുന്നു.

ഈ നിമിഷം മുതല്‍ അഫ്ഗാനിസ്ഥാനില്‍ ഹെറോയിന്‍ കച്ചവടത്തിനോ മയക്കുമരുന്ന് കടത്തുന്നതിനോ ആരെയും അനുവദിക്കില്ലെന്നും മുജാഹിദ് വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ഹെറോയിന്റെയും കറുപ്പിന്റെയും വില ഏകദേശം ഇരട്ടിയോളം വര്‍ധിക്കുകയും ചെയ്തു.

എന്നാല്‍ തങ്ങള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ ഉറപ്പു വരുത്തുന്നതിന് മാത്രമാണ് മയക്കുമരുന്ന് വിതരണം നിരോധിക്കുമെന്ന് താലിബാന്‍ വാഗ്ദാനം ചെയ്തതെന്ന് അന്താരാഷ്ട്ര നയതന്ത്ര വിദഗ്ധര്‍ കരുതുന്നു. താലിബാന്‍ ഭീകരരുടെ നിലനില്‍പ്പിന്റെ ഏറ്റവും വലിയ ഉറവിടമായ മയക്കുമരുന്ന് കച്ചവടം അവര്‍ പെട്ടെന്നൊന്നും അവസാനിപ്പിക്കില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു

ഭീകരതയ്ക്കെതിരായ 20 വര്‍ഷത്തെ യുദ്ധത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കറുപ്പ് ഉല്‍പാദനവും മയക്കുമരുന്ന് വസ്തുക്കളുടെ വിതരണവും കുറയ്ക്കാന്‍ 2001 മുതല്‍ അമേരിക്ക ശ്രമിച്ചു വരുകയായിരുന്നു. 2018 ല്‍ യു.എസ് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് ഉല്‍പാദനവും വ്യാപാരവും നേരിടാന്‍ 2002 മുതല്‍ 2017 വരെ അമേരിക്ക ഏകദേശം 8.6 ബില്യണ്‍ ഡോളര്‍ (63,525 കോടി രൂപ) ചെലവഴിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത 21,000 കോടിയുടെ ഹെറോയിനുമായി ബന്ധപ്പെട്ട് നാല് അഫ്ഗാന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്.

പിടിച്ചെടുത്ത ഹെറോയിന്‍ കാണ്ഡഹാര്‍ ആസ്ഥാനമായുള്ള ഹസന്‍ ഹുസൈന്‍ ലിമിറ്റഡ് കയറ്റുമതി ചെയ്യുകയും വിജയവാഡ ആസ്ഥാനമായ ആഷി ട്രേഡിംഗ് കമ്പനി ഇറാനിലെ ബന്ദര്‍ അബ്ബാസ് പോര്‍ട്ട് വഴി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്യുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.