വീട്ടിലേക്കുള്ള വഴി മറന്ന അപ്പൻ

വീട്ടിലേക്കുള്ള വഴി മറന്ന അപ്പൻ

സമൂഹമാധ്യമങ്ങളിൽ നിന്നും വായിച്ച ഒരു കഥ ഹൃദയത്തെ സ്പർശിച്ചു. പുതിയതായി ഇരുനില വീടുവച്ച്  മകൻ താമസം മാറിയപ്പോൾ അച്ഛനെയും കൂടെ വിളിച്ചു. മകനും മരുമകളും ഏറെ നിർബന്ധിച്ചെങ്കിലും താൻ പണികഴിപ്പിച്ച ആ പഴയ വീടുപേക്ഷിച്ച് പോകാൻ അച്ഛൻ തയ്യാറായില്ല. എല്ലാ ദിവസവും മകനെയും മരുമകളെയും പേരക്കുട്ടികളെയും കാണാൻ അച്ഛൻ പോകുമായിരുന്നു. അവർ വളരെ സ്നേഹത്തോടെ അച്ഛനെ സ്വീകരിച്ചു. അവരുടെ ആത്മാർത്ഥ സ്നേഹം അച്ഛനെ വീർപ്പുമുട്ടിച്ചു. എങ്കിലും പഴയ വീടുപേക്ഷിച്ച് പോകാൻ എന്തുകൊണ്ടൊ അയാൾക്ക് മനസുവന്നില്ല. ഒരു ദിവസം മകന്റെ വീട്ടിൽ നിന്നിറങ്ങിയ അച്ഛൻ പാതി വഴിയെത്തിയപ്പോഴാണ് തന്റെ കുട മറന്നു വച്ച കാര്യമോർത്തത്. കുടയെടുക്കാൻ മകന്റെ വീട്ടിലേക്കയാൾ യാത്രയായി. മുറ്റത്തെത്തിയപ്പോഴാണ് അയാൾ മരുമകളുടെ സംസാരം കേട്ടത്: "നിങ്ങളുടെ അച്ഛന് ദിവസം കഴിയുന്തോറും ആരോഗ്യം കൂടി വരികയാണല്ലോ?" ഉടനെ മകന്റെ മറുപടി: "അതെ, കിളവന് ആരോഗ്യം കൂടി വരികയാണ്. അങ്ങേര് ചത്തിട്ട് വീടും സ്ഥലവും സ്വന്തമാക്കാമെന്നുവെച്ചാൽ എന്ന് നടക്കുമെന്നറിഞ്ഞു കൂടാ ...." മുന്നോട്ടു വച്ച കാൽ പിൻവലിച്ച് ആരോടും പറയാതെ തിണ്ണയിലിരുന്ന കുടയെടുത്ത് വീട്ടിലേക്കയാൾ യാത്രയായി. അയാളുടെ ഹൃദയഭാരമത്രയും മിഴികളിലൂടെ പുറത്തേക്കൊഴുകി. മൂന്നു ദിവസമായിട്ടും അച്ഛൻ വീട്ടിൽ വരാതായപ്പോൾ എന്താണ് കാര്യമെന്നറിയാൻ മകൻ തറവാട്ടിലേക്ക് നടന്നു. എന്നാൽ വീട് അടഞ്ഞു കിടക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ഉടൻ തന്നെ കവലയിൽ ചെന്ന് 'അച്ഛനെ കണ്ടോ' എന്നവൻ അന്വേഷിക്കാൻ തുടങ്ങി.
അവരിലൊരാൾ പറഞ്ഞു: "തന്റെ അച്ഛൻ തോളത്തൊരു സഞ്ചിയുമായ് രണ്ടു ദിവസം മുമ്പ് വീടുവിട്ടിറങ്ങുന്നത് കണ്ടിരുന്നു." "അച്ഛൻ എന്തെങ്കിലും പറഞ്ഞോ?" മകൻ ചോദിച്ചു. "മറന്നു വച്ച കുടയെടുക്കാൻ ഒരിക്കലും മറക്കരുത്" എന്നു മാത്രമാണദ്ദേഹം പറഞ്ഞത്! സമൂഹത്തിലെ ചില യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന കഥയാണിത്. മനുഷ്യർ പലരും നമ്മൾ പുറമെ കാണുന്ന പോലെയല്ല. ബന്ധുവാര് ശത്രുവാര് എന്ന ഗാനത്തിലെ വരികൾ പോലെ "പുറമേ പുഞ്ചിരിയുടെ പൂമാലകൾ എറിയുന്നൂ... അകമേ കുടിപ്പകയുടെ തീ ജ്വാലകൾ എരിയുന്നൂ ..." എന്നതാണ് പലപ്പോഴും യാഥാർത്ഥ്യം. വ്യക്തി ബന്ധങ്ങളുടെ കാര്യത്തിൽ മനുഷ്യൻ ഇങ്ങനെയായാൽ ദൈവവുമായുള്ള ബന്ധത്തിലും അവൻ ഇങ്ങനെ തന്നെയായിരിക്കും. അതുകൊണ്ടാണ്, "ഈ ജനം അധരംകൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്നു വളരെ അകലെയാണ്‌"
(മത്തായി 15 : 8) എന്ന ക്രിസ്തു മൊഴികൾക്ക് ഇന്നും ശോഭയേറുന്നത്. ആത്മാർത്ഥ സ്നേഹം അധര ശുശ്രൂഷയല്ലെന്ന തിരിച്ചറിവ് സ്വന്തമാകുമ്പോൾ മാത്രമേ ദൈവത്തിനും ബന്ധങ്ങൾക്കും ഹൃദയത്തിൽ സ്ഥാനം ലഭിക്കൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26