ബഹിരാകാശത്ത് ആദ്യമായി സിനിമ പിടിക്കാനൊരുങ്ങി റഷ്യ. സിനിമാ ചിത്രീകരണത്തിനായി സംവിധായകനും നായികയും അടക്കമുള്ള സംഘം ഉടന്‍ ബഹിരാകാശത്തേക്കു യാത്ര തിരിക്കും. ഭൂമിയില്‍ സിനിമയെടുക്കുന്നതു പോലെ എളുപ്പമല്ല ബഹിരാകാശത്തെ ഷൂട്ടിംഗ്. നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ സിനിമയ്ക്കും ചലഞ്ച് എന്ന അന്വര്‍ഥമായ പേരാണ് നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുക. ഒക്‌ടോബര്‍ അഞ്ചിന് കസാക്കിസ്ഥാനിലെ ബൈകോനൂര്‍ കോസ്‌മോഡ്രോം ബഹിരാകാശ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് സോയസ് എം.എസ്. 18 റോക്കറ്റിലാണ് സംഘം പുറപ്പെടുന്നത്.
ബഹിരാകാശ നിലയത്തില്‍ ഗുരുതരാവസ്ഥയിലായ യാത്രികന് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ നിയോഗിക്കപ്പെടുന്ന ഡോക്ടര്‍. അതിനായുള്ള സന്നാഹങ്ങളുമായി ഭൂമിയില്‍നിന്ന് ബഹിരാകാശത്തേക്കു പോകുന്നു. ശേഷമുള്ള സംഭവങ്ങള്‍ ബിഗ് സ്‌ക്രീനില്‍. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ചിത്രീകരിക്കാനൊരുങ്ങുന്ന സിനിമയുടെ കഥാപശ്ചാത്തലമാണിത്.
സീറോ ഗ്രാവിറ്റി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സിനിമാ സംഘം
ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്‌കാപ്ലെറോവിനൊപ്പം നടി യുലിയ പെരെസില്‍ഡ്, സംവിധായകനും നിര്‍മാതാവുമായ ക്ളിം ഷിപെന്‍കോ എന്നിവരാണ് സംഘത്തിലുള്ളതെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് അറിയിച്ചു. 12 ദിവസമാണ് ഷൂട്ടിംഗ് തീരുമാനിച്ചിരിക്കുന്നത്. ഭൂമിയില്‍ തിരിച്ചെത്താന്‍ കഴിയാത്തവിധം അസുഖംബാധിച്ച ബഹിരാകാശ യാത്രികനെ ശസ്ത്രക്രിയ നടത്താന്‍ നിയോഗിക്കപ്പെടുന്ന വനിതാ സര്‍ജന്റെ കഥയാണ് സിനിമയെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍.ഐ.എ. റിപ്പോര്‍ട്ട് ചെയ്യുന്നു.
ബഹിരാകാശ ജീവിതത്തെക്കുറിച്ചുള്ള മൂന്ന് മാസത്തോളം നീണ്ട ക്ലാസുകള്‍, മെഡിക്കല്‍ പരിശോധനകള്‍, സീറോ ഗ്രാവിറ്റി പരിശീലനം, ബഹിരാകാശ നിലയത്തിലുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങളിലെ പരിശീലനം എന്നിവ സംഘം പൂര്‍ത്തിയാക്കി.
പരിശീലനത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും വളരെ രസകരമായ അനുഭവമായിരുന്നുവെന്ന് യുലിയ പെരെസില്‍ഡ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങള്‍ അത്ഭുതകരമായ ലോകത്തായിരുന്നു. ഉറങ്ങാന്‍ പോലും സമയമില്ലാതെ ഞങ്ങള്‍ പരിശീലിച്ചുകൊണ്ടിരുന്നു.
ബഹിരാകാശത്തെ ആദ്യ അവസരത്തിനായി ആയിരത്തിലധികം പേരാണ് അപേക്ഷിച്ചത്. പക്ഷേ യുലിയക്കും ക്ളിം ഷിപെന്‍കോയ്ക്കും മാത്രമാണ് ഭാഗ്യം ലഭിച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍ ഇവര്‍ക്കു പിന്മാറേണ്ടി വന്നാല്‍ ഷൂട്ടിംഗ് മുടങ്ങാതിരിക്കാന്‍ രണ്ടു പേര്‍ക്കു കൂടി പരിശീലനം നല്‍കുന്നുണ്ട്. ഫോട്ടോഗ്രാഫി ഡയറക്ടര്‍ അലക്‌സി ഡുഡിന്‍, നടി അലീന മോര്‍ഡ്വിനോവ എന്നിവരാണവര്‍.
ആന്റണ്‍ ഷ്‌കാപ്ലെറോവ് ആണ് ബഹിരാകാശത്തേക്കു പോകുന്ന സിനിമാ സംഘത്തിന്റെ കമാന്‍ഡര്‍. ബഹിരാകാശ യാത്രയെ നയിക്കുന്നതിനൊപ്പം ഇദ്ദേഹം അഭിനയത്തിലും അരങ്ങേറ്റം കുറിക്കും.
പരിശീലനം പൂര്‍ത്തിയാക്കിയ സിനിമാ സംഘത്തിന്റെ കഠിനാധ്വാധത്തെക്കുറിച്ച് ഇദ്ദേഹത്തിന് നൂറു നാവാണ്. ഒന്നര മാസത്തോളം ഞങ്ങള്‍ ഒരുമിച്ച് പരിശീലിച്ചു. തിയറി ക്ലാസുകള്‍ക്കു പുറമേ സീറോ ഗ്രാവിറ്റിയില്‍ പറക്കാനും ബഹിരാകാശ പേടകത്തിലും ഉള്‍പ്പെടെ നിരവധി പരിശീലന ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി.
ചലഞ്ച് പദ്ധതിയിലെ ഓരോ അംഗവും ബഹിരാകാശത്ത് ഒന്നിലധികം റോളുകളാണ് കൈകാര്യം ചെയ്യുന്നത്. ബഹിരാകാശ യാത്രികന്‍ അഭിനേതാവു കൂടിയാകുമ്പോള്‍ സംവിധായകന്‍ ഛായാഗ്രാഹകന്റെ വേഷവും അണിയും. വസ്ത്രാലങ്കാരവും മേക്കപ്പും നടി യുലിയയുടെ ചുമതലയാണ്.
ഫെഡറല്‍ സ്‌പേസ് ഏജന്‍സി റോസ്‌കോസ്‌മോസിന്റെയും റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ചാനല്‍ വണ്ണിന്റെയും സംയുക്ത സംരംഭമാണ് സിനിമ. യാത്രികര്‍ക്കു മാത്രമല്ല താത്പര്യമുള്ള എല്ലാ വ്യക്തികള്‍ക്കും ബഹിരാകാശം ലഭ്യമാകുമെന്ന സന്ദേശം നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഏജന്‍സി വ്യക്തമാക്കി.
2017-ല്‍ പുറത്തിറങ്ങിയ ബഹിരാകാശ ആക്ഷന്‍ ചിത്രം സല്യൂട്ട് 7-ന്റെ സംവിധായകനാണ് ക്ളിം ഷിപെന്‍കോ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.