കോവിഡ് മരണ നഷ്ടപരിഹാര പരിധിയില്‍ എട്ട് ലക്ഷത്തോളം കുടുംബങ്ങള്‍; ധന സഹായത്തിന് 4,000 കോടി വേണ്ടിവരും

കോവിഡ് മരണ നഷ്ടപരിഹാര പരിധിയില്‍ എട്ട് ലക്ഷത്തോളം കുടുംബങ്ങള്‍; ധന സഹായത്തിന് 4,000 കോടി വേണ്ടിവരും

ന്യൂഡല്‍ഹി: കോവിഡ് മരണത്തില്‍ എട്ടു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് കണക്കുകള്‍. കോവിഡ് ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്തവരെയും കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്. ഇതിനായി 4,000 കോടിയോളം രൂപ കരുതേണ്ടി വരും.

സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വഴി 50,000 രൂപ വീതമാണ് നിശ്ചിത കാലയളവില്‍ അത്മഹത്യ ചെയ്തവരുടെ ഉറ്റവര്‍ക്കും ധനസഹായമായി നല്‍കുന്നത്. കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളില്‍ ജീവനൊടുക്കിയവരുടെ കുടുംബത്തിനാണ് ധനസഹായം ലഭിക്കുകയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഔദ്യോഗിക കണക്കുപ്രകാരം നിലവില്‍ 4,45,768 പേരാണ് കോവിഡ് മൂലം മരിച്ചവരുടെ പട്ടികയിലുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിക്കുന്നവരെയും കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. അവരുടെ കുടുംബങ്ങള്‍ക്കും 50,000 രൂപ ലഭിക്കും. ഇതെല്ലാം പരിഗണിക്കുമ്പോഴാണ് ധനസഹായത്തിന് അര്‍ഹരാകുന്നവരുടെ എണ്ണം ഇരട്ടിയോളമാകുന്നത്.

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന നടപടി ലഘൂകരിക്കുന്നതിന് കഴിഞ്ഞ 11ന് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ കോവിഡ് ചികിത്സയിലിരിക്കെ വിഷം ഉള്ളില്‍ ചെന്നോ, ആത്മഹത്യ, കൊലപാതകം, അപകടം തുടങ്ങിയവയാലോ മരിക്കുന്നത് കോവിഡ് മരണമായി കണക്കാക്കില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഇത് പുനപരിശോധിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എം.ആര്‍.ഷാ, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളില്‍ ആശുപത്രിയിലോ പുറത്തോ ഏത് സാഹചര്യത്തില്‍ മരിച്ചാലും അത് കൊവിഡ് മരണമായി കണക്കാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.