മുടി വെട്ടിയപ്പോള്‍ പാളി; പിഴവിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം

മുടി വെട്ടിയപ്പോള്‍ പാളി; പിഴവിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം

ന്യുഡല്‍ഹി: മുടി വെട്ടിയതിലെ പിഴവിന് രണ്ട് കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ദേശിയ ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന്‍. പരാതിക്കാരിയായ യുവതിയുടെ നീളമുള്ള മുടി വെട്ടിയതില്‍ വീഴ്ച ഉണ്ടായപ്പോള്‍ മോഡലിംഗ് അടക്കമുള്ള അവളുടെ ലക്ഷ്യങ്ങളെ ബാധിച്ചതായി കമ്മീഷന്‍ വിലയിരുത്തി. സ്ത്രികള്‍ക്ക് മുടി എറെ പ്രധാനപ്പെട്ടതും ആത്മവിശ്വാസത്തിന്റെ ഭാഗവുമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. മുടി പരിപാലിക്കുന്നതിന്റെ ഭാഗമായി വെട്ടുമ്പോള്‍ ഉണ്ടാകുന്ന പിഴവുകള്‍ സ്ത്രീയുടെ വ്യക്തിത്വത്തെ ബാധിക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

2018ല്‍ ഏപ്രില്‍ 12ന് ഡല്‍ഹിയിലെ ഐടിസി മൗര്യാ ഹോട്ടലിലെ സലൂണിലാണ് പരാതിക്കാരി മുടിവെട്ടിയത്. മുടി ഉല്‍പന്നങ്ങളുടെ മോഡല്‍ ആയിരുന്നു യുവതി. സലൂണില്‍ ഉണ്ടാവാറുള്ള ഹെയര്‍സ്‌റ്റൈലിസ്റ്റിനു പകരം മറ്റൊരു ആളാണ് യുവതിയുടെ മുടി വെട്ടിയത്. വെട്ടിക്കഴിഞ്ഞപ്പോള്‍ വളരെ കുറച്ച് മുടി മാത്രമാണ് അവശേഷിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടും നാലിഞ്ച് മുടി മാത്രമേ അവര്‍ അവശേഷിപ്പിച്ചുള്ളൂ. ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ സലൂണ്‍ സൗജന്യ കേശ ചികിത്സ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. കേശ ചികിത്സ ചെയ്തപ്പോള്‍ മുടിക്ക് ഡാമേജുണ്ടായി. തലയോട്ടിക്ക് പൊള്ളല്‍ ഏല്‍ക്കുകയും ചൊറിച്ചില്‍ ഉണ്ടാവുകയും ചെയ്തു എന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ആര്‍.കെ അഗര്‍വാള്‍, ഡോ. എസ് എം കനിത്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മുടിയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ വളരെ ശ്രദ്ധാലുക്കളാണ്. അത് നല്ല രീതിയില്‍ സൂക്ഷിക്കാന്‍ അവര്‍ പണം ചെലവിടുന്നു. അവര്‍ മുടിയോട് വൈകാരിക അടുപ്പമുള്ളവരാണ്. പരാതിക്കാരി മുടി ഉല്‍പന്നങ്ങളുടെ മോഡലായിരുന്നു. പാന്റീനും വിഎല്‍സിസിക്കുമായി അവര്‍ മോഡലിംഗ് ചെയ്തിട്ടുണ്ട്. എന്നാല്‍ മുടി വെട്ടിയതിലെ പിഴവ് കാരണം അവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുകയും ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തു. അത് അവരുടെ ജീവിത രീതി അപ്പാടെ തകിടം മറിച്ചു. മികച്ച മോഡല്‍ ആവാനുള്ള യുവതിയുടെ സ്വപ്നങ്ങള്‍ തകര്‍ക്കുകയും ചെയ്തുവെന്ന് കോടതി വ്യക്തമാക്കി.

മാനസിക വിഷമവും ട്രോമയും അനുഭവിച്ച യുവതിക്ക് ജോലി നഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ വലിയ സാമ്പത്തിക നഷ്ടവും പരാതിക്കാരിക്ക് സംഭവിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.