ഓസ്‌ട്രേലിയയില്‍നിന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ മുതല്‍; ആദ്യം ആറു രാജ്യങ്ങളിലേക്ക്

ഓസ്‌ട്രേലിയയില്‍നിന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍  ഡിസംബര്‍ മുതല്‍; ആദ്യം ആറു രാജ്യങ്ങളിലേക്ക്

സിഡ്‌നി: ക്രിസ്മസിനോടനുബന്ധിച്ച് ഓസ്‌ട്രേലിയയുടെ രാജ്യാന്തര അതിര്‍ത്തികള്‍ തുറക്കുമെന്ന ടൂറിസം മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഡിസംബറില്‍ രാജ്യാന്തര വിമാന സര്‍വീസുകളും പുനഃരാരംഭിക്കുമെന്ന് അറിയിച്ച് ക്വാണ്ടസ് എയര്‍ലൈന്‍സ്. ഡിസംബര്‍ 18 മുതല്‍ ആറ് രാജ്യാന്തര റൂട്ടുകളിലേക്കുള്ള സര്‍വീസുകളാണ് ആരംഭിക്കുന്നത്. ഇവിടങ്ങളിലേക്കുള്ള ബുക്കിംഗ് സ്വീകരിക്കാന്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചു.

ഓസ്‌ട്രേലിയയില്‍നിന്ന് യുകെ, അമേരിക്ക, സിംഗപ്പൂര്‍ ഉള്‍പ്പെടെ ആറു റൂട്ടുകളിലേക്കുള്ള സര്‍വീസുകളാണ് ആരംഭിക്കുന്നത്. 18 മാസത്തിനു ശേഷമാണ് ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടസ് സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത്.

ഓസ്ട്രേലിയന്‍ നഗരങ്ങളായ മെല്‍ബണ്‍, ബ്രിസ്ബന്‍, സിഡ്‌നി എന്നിവിടങ്ങളില്‍ നിന്നായിരിക്കും ഫ്‌ളൈറ്റുകള്‍ പുറപ്പെടുക. ചില സര്‍വീസുകള്‍ പെര്‍ത്തില്‍നിന്നും ആരംഭിക്കും. ഓസ്‌ട്രേലിയയില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ നിരക്ക് 80 ശതമാനത്തിലെത്തിയാല്‍ ക്രിസ്മസിന് മുന്‍പായി രാജ്യാന്തര അതിര്‍ത്തികള്‍ തുറക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്വാണ്ടസ് എയര്‍ലൈന്‍സ് ബുക്കിംഗ് ആരംഭിച്ചത്.

ലണ്ടന്‍, ലോസ് ഏഞ്ചല്‍സ്, സിംഗപ്പൂര്‍ എന്നിവയ്ക്കു പുറമേ വാന്‍കൂവര്‍, ജപ്പാന്‍, ഫിജി എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

കോവിഡ് മഹാമാരി രൂക്ഷമായതിനെതുടര്‍ന്ന് ഫെഡറല്‍ സര്‍ക്കാര്‍ രാജ്യാന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനു ശേഷം വിദേശ സര്‍വീസുകള്‍ പ്രവര്‍ത്തിച്ചിട്ടില്ല.

എല്ലാ എയര്‍ലൈന്‍ ജീവനക്കാര്‍ക്കും നവംബര്‍ 15-നകം പൂര്‍ണമായ പ്രതിരോധ കുത്തിവയ്പ് നല്‍കാനാണ് ക്വാണ്ടസ് ലക്ഷ്യമിടുന്നത്. 22,000 ജീവനക്കാരാണ് കമ്പനിക്കു കീഴിലുള്ളത്.

കോവിഡ് മൂലം ഈ വര്‍ഷം 20 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ വരുമാന നഷ്ടമാണ് കമ്പനി കണക്കാക്കുന്നതെന്ന് ക്വാണ്ടാസ് സി.ഇ.ഒ അലന്‍ ജോയ്‌സ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.