വില കൂടാന്‍ കാരണം സംസ്ഥാനങ്ങള്‍: ഇന്ധന വില വര്‍ധനവില്‍ സംസ്ഥാനങ്ങളെ പഴിച്ച് കേന്ദ്ര മന്ത്രി

വില കൂടാന്‍ കാരണം സംസ്ഥാനങ്ങള്‍: ഇന്ധന വില വര്‍ധനവില്‍ സംസ്ഥാനങ്ങളെ പഴിച്ച് കേന്ദ്ര മന്ത്രി

ന്യുഡല്‍ഹി: രാജ്യത്ത് ഇന്ധന വില കൂടാന്‍ കാരണം സംസ്ഥാനങ്ങള്‍ ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. പശ്ചിമബംഗാളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ കാരണം തൃണമൂല്‍ സര്‍ക്കാര്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതാണെന്നും ഹര്‍ദീപ് കുറ്റപ്പെടുത്തി. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി സംസ്ഥാനങ്ങളെ പഴിചാരിയത്.

ഇന്ധന വില കുറയണം എന്ന് തന്നെയാണ് നിലപാട്. എന്നാല്‍ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നത് കൊണ്ടാണ് ഇത് ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതും വില കൂടി തന്നെ ഇരിക്കാന്‍ കാരണമെന്നുമാണ് ഹര്‍ദീപ് സിങ് പുരി പറയുന്നു. ക്രൂഡ് ഓയില്‍ ബാരലിനു 19 ഡോളര്‍ ആയിരുന്നപ്പോഴും 75 ഡോളര്‍ ആയപ്പോഴും 32 രൂപ നികുതി തന്നെയാണ് കേന്ദ്രം ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തില്‍ മാത്രം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 3.51 രൂപ പെട്രോളിന് കൂട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മമതാ ബാനര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ പശ്ചിമ ബംഗാളിലെ ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു കേന്ദ്രമന്ത്രി. നേരത്തെയും ഇതേ വാദവുമായി ബിജെപി രംഗത്തെത്തിയിരുന്നു. 

കഴിഞ്ഞ ജി എസ് ടി കൗണ്‍സിലിലും ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും ബിജെപി ഭരിക്കുന്ന യുപിയില്‍ ഉള്‍പ്പടെ സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.