ബീജിങ്: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സാത്താന്‍ ഷൂവിനു പിന്നാലെ പൈശാചിക ശക്തികളെ മഹത്വവല്‍ക്കരിക്കുന്ന പുതിയൊരു ഉല്‍പന്നം കൂടി വിപണിയില്‍. ഇക്കുറി ചൈനീസ് കമ്പനിയാണ് 'നരകത്തിലേക്കു സ്വാഗതം' എന്നെഴുതിയ കുറിപ്പുള്ള കുട്ടികളുടെ ഷര്‍ട്ട് പുറത്തിറക്കിയത്. മകനു വേണ്ടി ഷര്‍ട്ട് വാങ്ങിയ അമ്മയുടെ ഓണ്‍ലൈന്‍ പരാതി വൈറലായതിനു പിന്നാലെ ക്ഷമ ചോദിച്ച് കമ്പനി രംഗത്തെത്തി. വിവാദ എഴുത്തുകള്‍ അടങ്ങിയ ഷര്‍ട്ടുകള്‍ പിന്‍വലിക്കുകയും ചെയ്തു.
മരണത്തെ പ്രതിനിധീകരിക്കുന്ന ഗ്രിം റീപ്പര്‍ എന്ന പൈശാചിക കഥാപാത്രത്തിന്റെ ചിത്രങ്ങളും ഷര്‍ട്ടില്‍ ആലേഖനം ചെയ്തിരുന്നു.
പ്രശസ്ത ചൈനീസ് വസ്ത്ര ബ്രാന്‍ഡ് ആയ ജെ.എന്‍.ബി.വൈ ആണ് ഇത്തരത്തില്‍ കുട്ടികളെ മോശമായി സ്വാധീനിക്കും വിധമുള്ള വസ്ത്രങ്ങള്‍ നിര്‍മിച്ചത്. 'നരകത്തിലേക്ക് സ്വാഗതം' എന്ന എഴുത്തും 'ഞാന്‍ നിങ്ങളെ തൊടട്ടെ' എന്ന് ഗ്രിം റീപ്പര്‍ കുട്ടികളോട് ചോദിക്കുന്നതുമായ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയത്.
ചിത്രങ്ങളുടെയും എഴുത്തുകളുടെയും അര്‍ത്ഥം മനസിലാക്കാതെയാണ് താന്‍ നാല് വയസുള്ള മകനുവേണ്ടി ഷര്‍ട്ട് വാങ്ങിയതെന്ന് അമ്മ പറയുന്നു.
'നരകത്തിലേക്ക് സ്വാഗതം'. ക്ഷമിക്കണം? നിങ്ങള്‍ ആരെയാണ് സ്വാഗതം ചെയ്യുന്നത്? ഇത്തരം കുറിപ്പെഴുതിയ ഷര്‍ട്ട് ധരിച്ച നാല് വയസുകാരനെക്കുറിച്ചുള്ള ചിന്ത എന്നെ അസ്വസ്ഥയാക്കുന്നു- ചൈനയിലെ സമൂഹ മാധ്യമമായ വീബോയില്‍ അവര്‍ കുറിച്ചു.
ഹോങ്കോംഗ് ആസ്ഥാനമായ ജെഎന്‍ബിവൈ മുമ്പും ഇത്തരത്തിലുള്ള വിവാദ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കമ്പനി മുന്‍പ് നിര്‍മ്മിച്ച വസ്ത്രങ്ങളുടെ ചിത്രങ്ങളും ആളുകള്‍ പങ്കിട്ടു.
കമ്പനി പുറത്തിറക്കിയ കറുത്ത കോട്ടില്‍ അമ്പുകള്‍ തറച്ച ആളുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവരെ ഇന്ത്യക്കാരായാണ് വിശേഷിപ്പിക്കുന്നത്. 'ഈ സ്ഥലം മുഴുവന്‍ ഇന്ത്യക്കാരാണ്. ഞാന്‍ ഈ തോക്ക് എടുത്ത് അവരെ ചിന്നിച്ചിതറിക്കുമെന്ന എഴുത്തും ഉള്‍പ്പെടുത്തിയിരിക്കുന്നു.
കമ്പനിക്കെതിരേ ചൈനയില്‍നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ ബ്രാന്‍ഡിന് ഇതുവരെ പിഴ ചുമത്താത്തതെന്ന് പലരും വീബോയില്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്.
ഇത്തരം ഡിസൈനുകള്‍ മനപൂര്‍വ്വമല്ല എന്ന് വിശ്വസിക്കാനാകില്ല. ഈ എഴുത്തുകള്‍ മനസിലാക്കാന്‍ കഴിയുന്ന ആരെങ്കിലുമൊക്കെ തീര്‍ച്ചയായും കമ്പനിയില്‍ ഉണ്ടാകും.
ഇന്‍സ്റ്റഗ്രാമിനു സമാനമായ ചൈനീസ് ആപ്പിലാണ് കമ്പനി ക്ഷമാപണം നടത്തിയത്. അനുചിതമായ പ്രിന്റുകള്‍ വസ്ത്രത്തില്‍ പ്രിന്റ് ചെയ്തതു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ ഖേദിക്കുന്നുവെന്നും കമ്പനി വക്താക്കള്‍ പറഞ്ഞു.
ബ്രാന്‍ഡിന്റെ ഡിസൈനുകള്‍ തയാറാക്കുമ്പോള്‍ 'ഭാവനയ്ക്ക് സ്വാതന്ത്ര്യം' നല്‍കാറുണ്ടെന്നും അതിന്റെ ഉദ്ദേശ്യം കൂടുതല്‍ മികച്ച സൃഷ്ടികള്‍ പുറത്തെടുക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇത്തരം ഡിസൈനുകളിലൂടെ നല്ല മൂല്യങ്ങള്‍ കൈമാറുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് തങ്ങള്‍ മനസിലാക്കുന്നു. കമ്പനി ഈ സംഭവത്തെ ഒരു മുന്നറിയിപ്പായി പരിഗണിക്കുന്നു. ഭാവിയില്‍ നല്ല മൂല്യങ്ങളുള്ള സര്‍ഗാത്മകമായ ഡിസൈനുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.