'കുറ്റവാളികളുടെ കൈ ഛേദിക്കും; ആരും ഇടപെടേണ്ട': താലിബാന്റെ പ്രമുഖനായ സ്ഥാപക നേതാവ്

  'കുറ്റവാളികളുടെ കൈ ഛേദിക്കും; ആരും ഇടപെടേണ്ട': താലിബാന്റെ പ്രമുഖനായ സ്ഥാപക നേതാവ്

കാബൂള്‍: 'കുറ്റവാളികളുടെ കൈ ഛേദിക്കും; തൂക്കിക്കൊല്ലും. മറ്റു രാജ്യങ്ങള്‍ ഞങ്ങളുടെ നിയമത്തില്‍ ഇടപെടേണ്ടതില്ല. അവരുടെ നിയമങ്ങളില്‍ ഞങ്ങളും ഇടപെടുന്നില്ല '- താലിബാന്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ മുല്ല നൂറുദ്ദീന്‍ തുറബി അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത് ഒട്ടും മയമില്ലാത്ത വാക്കുകളിലൂടെ.

അഫ്ഗാനിലെ പുതിയ ഭരണകൂടത്തിന്റെ നയങ്ങള്‍ ലോകം ഉറ്റുനോക്കുന്നതിനിടെയാണ് വധശിക്ഷയടക്കമുള്ള കടുത്ത ശിക്ഷകള്‍ നിലവില്‍ വരുത്തുമെന്ന് താലിബാന്റെ മുന്‍ ഭരണകാലത്ത്, മതപരമായ പ്രതിരോധത്തിന്റെയും പ്രചാരണ മന്ത്രാലയത്തിന്റെയും തലവനായിരുന്ന തുറബി ചൂണ്ടിക്കാട്ടിയത്.താലിബാന്‍ പുരാതന ഇസ്ലാമിക വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമായി തുറബിയുടെ അഭിപ്രായം.

'നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. സ്റ്റേഡിയത്തില്‍ ശിക്ഷകള്‍ നടപ്പാക്കുന്നതിന്റെ പേരില്‍ എല്ലാവരും ഞങ്ങളെ വിമര്‍ശിച്ചു. പക്ഷേ അവരുടെ നിയമങ്ങളെക്കുറിച്ചും അവരുടെ ശിക്ഷകളെക്കുറിച്ചും ഞങ്ങള്‍ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല'- തുറബി പറഞ്ഞു. 'ഞങ്ങളുടെ നിയമങ്ങള്‍ എന്തായിരിക്കണമെന്ന് ആരും ഞങ്ങളോട് പറയേണ്ടതില്ല. ഞങ്ങള്‍ ഇസ്ലാമിനെ പിന്തുടരും, ഞങ്ങള്‍ ഖുറാനില്‍ നിന്ന് നിയമങ്ങള്‍ ഉണ്ടാക്കും.' സുരക്ഷയ്ക്കായി കൈകള്‍ വെട്ടേണ്ടത് അത്യാവശ്യം തന്നെയാണ്. അത്തരം ശിക്ഷകള്‍ ഭയം സൃഷ്ടിക്കും. ശിക്ഷകള്‍ പരസ്യമായി ചെയ്യണോ എന്ന് മന്ത്രിസഭ പഠിക്കുകയാണ്. അതിനായുള്ള നയം വികസിപ്പിക്കുമെന്നും തുറബി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.