ന്യൂയോര്‍ക്ക്: യു.എന്‍ പൊതുസഭയില്‍ സംസാരിക്കവേ കശ്മീര്‍ വിഷയം പരാമര്‍ശിച്ച് ഇന്ത്യക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ശക്തമായ വിമര്‍ശനവുമായി ഇന്ത്യ. മേഖലയില്‍ ഇന്ത്യ അക്രമം വളര്‍ത്തുന്നുവെന്ന അസത്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനാണ് ജമ്മു കശ്മീരിലും അഫ്ഗാനിസ്ഥാനിലും ഉള്‍പ്പെടെ ഭീകരതയെ മറയില്ലാതെ പ്രോല്‍സാഹിപ്പിക്കുന്നതെന്നത് ലോക രാഷ്ട്രങ്ങള്‍ക്കെല്ലാം അറിവുള്ള കാര്യമാണെന്ന് ഇന്ത്യന്‍ പ്രതിനിധി സ്‌നേഹ ദുബെ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ ചൂണ്ടിക്കാട്ടി. അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്താന്‍ ഉടന്‍ ഒഴിഞ്ഞുപോകണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു.
ഇന്ത്യയില്‍ സമാധാനം പുലരണമെന്നാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് കശ്മീര്‍ വിഷയം ഇമ്രാന്‍ ഖാന്‍ സൂചിപ്പിച്ചത്. ദക്ഷിണേഷ്യയിലെ സുസ്ഥിരമായ സമാധാനം കശ്മീര്‍ തര്‍ക്കത്തിലെ പരിഹാരത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഈ വാദങ്ങളൊന്നും ആത്മാര്‍ത്ഥതയോടെയല്ലെന്ന് ഇന്ത്യന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു.അഫ്ഗാന്‍ പിടിച്ചെടുക്കാന്‍ താലിബാന്‍ പോരാളികള്‍ക്ക് പാക് സൈന്യത്തിന്റെ സഹായം ലഭിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. പഞ്ച്ശിറില്‍ ഉള്‍പ്പെടെ ഈ സഹായങ്ങള്‍ക്ക് തെളിവുകളും പുറത്തുവന്നിരുന്നു.
അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിന് വേണ്ടി ഇമ്രാന്‍ ഖാന്‍ നടത്തിയ വാദവും ഭീകരതയോടുള്ള ആഭിമുഖ്യമാണ് വ്യക്തമാക്കിയതെന്ന് സ്‌നേഹ ദുബെ പറഞ്ഞു.അഫ്ഗാനിലെ നിലവിലെ സര്‍ക്കാരിനെ സ്ഥിരപ്പെടുത്താനും ശക്തമാക്കാനും അന്താരാഷ്ട്ര സമൂഹം ഒരുമിക്കണമെന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്. അഫ്ഗാനെ അസ്ഥിരപ്പെടുത്തുന്നതും കുഴപ്പങ്ങള്‍ തുടരുന്നതും കൂടുതല്‍ അന്താരാഷ്ട്ര തീവ്രവാദികളെ സൃഷ്ടിക്കുക മാത്രമേ ചെയ്യൂവെന്ന് ഇമ്രാന്‍ ഖാന്‍ വാദിച്ചു.അഫ്ഗാനെ ഈ സാഹചര്യത്തില്‍ അവഗണിക്കരുത്.
വെര്‍ച്വല്‍ രീതിയിലായിരുന്നു ഇമ്രാന്‍ ഖാന്‍ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്തത്. അഫ്ഗാനെ അവഗണിച്ചാല്‍ പ്രത്യാഘാതമുണ്ടാകുന്നത് അയല്‍ക്കാര്‍ക്ക് മാത്രമാകില്ല, ലോകത്തിന് മുഴുവന്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരും. അഫ്ഗാനില്‍ പൗരാവകാശങ്ങളെ മാനിക്കുമെന്ന താലിബാന്റെ വാഗ്ദാനവും പാക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യു.എന്‍ കണക്ക് പ്രകാരം നിലവില്‍ അന്‍പത് ശതമാനത്തോളം അഫ്ഗാനികള്‍ ഈ ഭരണമാറ്റത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നുണ്ട്. മാനുഷികമായ സഹായങ്ങള്‍ അഫ്ഗാനില്‍ എത്താതിരുന്നാല്‍ അടുത്ത വര്‍ഷത്തോടെ 90 ശതമാനം ആളുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ നിര്‍ണായക സമയത്ത് സമയം പാഴാക്കരുതെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.
അഫ്ഗാന്‍ വിഷയവുമായി ബന്ധപ്പെട്ട് യു.എസിലും യൂറോപ്പിലും പാകിസ്താനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും ഇമ്രാന്‍ ഖാന്‍ മറുപടി നല്‍കി. യുഎസിലെയും യൂറോപ്പിലെയും ചില നേതാക്കള്‍ പാകിസ്താനെ കുറ്റപ്പെടുത്തി. പക്ഷെ 9/11 ആക്രമണത്തിന് ശേഷം അഫ്ഗാന് പിന്നാലെ ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ നേരിട്ട രാജ്യമാണ് പാകിസ്താനെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.