അമ്മയുടെ സ്വപ്നമായിരുന്നു സിവില്‍ സര്‍വീസ്; ഇനി നാടിനായി പ്രവര്‍ത്തിക്കേണ്ട സമയം: അഭിമാന നേട്ടത്തില്‍ മീര

അമ്മയുടെ സ്വപ്നമായിരുന്നു സിവില്‍ സര്‍വീസ്; ഇനി നാടിനായി പ്രവര്‍ത്തിക്കേണ്ട സമയം: അഭിമാന നേട്ടത്തില്‍ മീര

തൃശൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ തൃശൂര്‍ കോലാഴി സ്വദേശിനി കെ. മീരയ്ക്ക് ഇത് പരിശ്രമത്തിന് കിട്ടിയ പ്രതിഫലമാണ്. കഴിഞ്ഞ നാല് വര്‍ഷമായുള്ള പരിശ്രമത്തിന്റെ ഫലം. ഇത്രയും മികച്ച നേട്ടം പ്രതീക്ഷിച്ചില്ലെന്നാണ് മീര പറയുന്നത്. ടീച്ചറായ അമ്മയാണ് മീരയ്ക്ക് സിവില്‍ സര്‍വീസിലേക്കുള്ള വഴികാട്ടിയത്. സര്‍വീസിലേക്കെത്തിയാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന അമ്മയുടെ മാര്‍ഗനിര്‍ദേശമാണ് കാര്യങ്ങള്‍ ഇവിടെ വരെയെത്തിച്ചതെന്ന് മീര പറയുന്നു.

പരീക്ഷ എഴുതാനും റാങ്ക് നേടിയെടുക്കാനുമെല്ലാം അമ്മയായിരുന്നു പ്രചോദനം. എയര്‍ഫോഴ്സില്‍ പോകാനായിരുന്നു കുട്ടിക്കാലത്തുള്ള ആഗ്രഹം. എന്നാല്‍ മെഡിക്കല്‍ യോഗ്യത ലഭിച്ചില്ല.

പിന്നീട് ബെംഗളൂരുവില്‍ ജോലി ചെയ്യുന്നതിനിടെയാണ് നാട്ടിലേക്ക് തിരിച്ചുവരണമെന്നും എന്തെങ്കിലുമെല്ലാം നേടിയെടുക്കണമെന്നും അതിയായ ആഗ്രഹമുണ്ടായത്. 2017 നംവബറില്‍ ബെംഗളൂരുവിലെ എന്‍ജിനിയറിങ് ജോലി ഉപേക്ഷിച്ചാണ് സിവില്‍ സര്‍വീസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2018 മുതല്‍ തിരുവനന്തപുരത്ത് പരിശീലനം തുടങ്ങി. ആദ്യ മൂന്ന് തവണ നിരാശയായിരുന്നു ഫലം. എന്നാല്‍ അടുത്ത അവസരത്തില്‍ നേടിയെടുക്കാനാകുമെന്ന വിശ്വാസമുണ്ടായിരുന്നു. ചെയ്ത് കാണിക്കണമെന്നും ആഗ്രഹിച്ചു.

കേരള കേഡര്‍ വേണമെന്നാണ് ആഗ്രഹം. ഏത് മേഖലയിലായാലും ഏല്‍പ്പിക്കുന്ന ജോലികള്‍ നന്നായി ചെയ്യണമെന്നാണ് ആഗ്രഹം. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളും അവരുടെ ഉന്നമനത്തിനുമായും ഏറെ കാര്യങ്ങള്‍ നിറവേറ്റണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മീര പറഞ്ഞു. നാല് വര്‍ഷത്തെ പരിശ്രമത്തില്‍ ആഗ്രഹിച്ച നേട്ടത്തിലെത്തിയ മീരയ്ക്ക് ഇത് ആത്മാഭിമാനത്തിന്റെയും ഒരുപാട് കടമങ്ങള്‍ ചെയ്യാനുള്ള ആവേശത്തിന്റെയും അഭിനിവേശത്തിന്റെയും നിമിഷങ്ങളാണ്.

തൃശൂര്‍ തിരൂര്‍ സ്വദേശി കെ രാംദാസിന്റെയും കെ രാധികയുടെയും മൂത്ത മകളാണ് മീര. സഹോദരി:വൃന്ദ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.