വത്തിക്കാന്‍ സിറ്റി: ഓസ്ട്രേലിയയും അമേരിക്കയും യു.കെയും ചേര്‍ന്ന് രൂപീകരിച്ച ത്രിരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി ആണവ അന്തര്‍വാഹിനി കപ്പലുകള്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ ആശങ്കയുമായി വത്തിക്കാന്‍. കരാര്‍ പ്രകാരമുള്ള പദ്ധതികള്‍ ആണവ നിരായുധീകരണ ശ്രമങ്ങള്‍ക്ക് എതിരാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ അഭിപ്രായപ്പെട്ടു.
പരിശുദ്ധ സിംഹാസനം എല്ലായ്‌പ്പോഴും ആയുധീകരണത്തിന് എതിരാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആയുധങ്ങള്‍ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. കാരണം അവ ലോകത്ത് സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്താനുള്ള മാര്‍ഗമല്ല, മറിച്ച് ലോകസമാധാനത്തിന് ഭീഷണി സൃഷ്ടിക്കുകയും സംഘര്‍ഷത്തിനു കാരണമാവുകയും ചെയ്യുന്നു.
കഴിഞ്ഞയാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ ചേര്‍ന്നാണ് അന്തര്‍വാഹിനി കരാര്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
AUSUK അന്തര്‍വാഹിനി കരാര്‍ ഓസ്ട്രേലിയയും ഫ്രാന്‍സും തമ്മിലുള്ള ഭിന്നിപ്പിന് കാരണമായി. അമേരിക്കയും ബ്രിട്ടനുമായുണ്ടാക്കിയ സഖ്യത്തിന്റെ പേരില്‍ ഫ്രാന്‍സുമായുള്ള 90 ബില്യണ്‍ ഡോളറിന്റെ മുങ്ങിക്കപ്പല്‍ നിര്‍മാണ കരാര്‍ ഓസ്ട്രേലിയ റദ്ദാക്കി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന് വിഘാതം സൃഷ്ടിച്ചു.
ആണവ നിര്‍വ്യാപന കരാറിലെ വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആവര്‍ത്തിക്കുമ്പോഴും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ കരാര്‍ ആശങ്ക സൃഷ്ടിക്കുന്നു.
'ക്രിസ്ത്യന്‍ മൂല്യങ്ങളും യൂറോപ്പിന്റെ ഭാവിയും' എന്ന വിഷയത്തില്‍ നടത്തിയ സമ്മേളനത്തിലാണ് കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ആശങ്ക ഉന്നയിച്ചത്. യൂറോപ്യന്‍ യൂണിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും ലക്‌സംബര്‍ഗിലെ കര്‍ദിനാളുമായ ജീന്‍-ക്ലോഡ് ഹോളറിച്ച്, മാനവ വികസനം പ്രോത്സാഹിപ്പിക്കാനുള്ള സഭാ ഡികാസ്റ്ററി പ്രസിഡന്റ് കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.