വാഷിംഗ്ടണ്‍: ഒരു രാജ്യത്തെയും ആക്രമിക്കാന്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കരുതെന്നും ഭീകരര്‍ക്ക് പരിശീലനവും പണവും അഫ്ഗാനിസ്ഥാന്‍ വഴി നല്‍കരുതെന്നും ക്വാഡ് രാജ്യങ്ങളുടെ സംയുക്തപ്രസ്താവന. ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ ഉച്ചകോടിയിലാണ് പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ചുള്ള പ്രസ്താവന പുറത്തു വന്നത്.
ഭീകരരെ ഉപയോഗിച്ചുള്ള നിഴല്‍ യുദ്ധം അനുവദിക്കാനാകില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഒറ്റക്കെട്ടായി ചെറുക്കാന്‍ യോഗത്തില്‍ തീരുമാനമായി.
അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ സഹകരിച്ച് നീങ്ങാന്‍ ഉച്ചകോടിയില്‍ ക്വാഡ് രാജ്യങ്ങള്‍ ധാരണയിലെത്തി. ഭീകരസംഘടനകള്‍ക്ക് ഒരു രാജ്യവും സൈനിക സഹായം നല്‍കരുതെന്നു പ്രസ്താവനയില്‍ ക്വാഡ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു.
അഫ്ഗാനിലെ സാധാരണ പൗരന്‍മാര്‍ക്കൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നത്. അഫ്ഗാനിസ്ഥാന്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അതിനുള്ള സൗകര്യമൊരുക്കാന്‍ തയ്യാറാവണമെന്ന് താലിബാനോട് ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും അവരുടെ എല്ലാ സ്വാതന്ത്രവും അവകാശവും ഉറപ്പാക്കണം.
വൈറ്റ് ഹൗസില്‍ ചേര്‍ന്ന ക്വാഡ് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ സംസാരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആദ്യം ക്ഷണിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെയാണ്. അഫ്ഗാനിസ്ഥാനിലെ സാഹചര്യം തന്നെയാണ് ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ചയായതെന്ന് പിന്നീട് മാധ്യമങ്ങളെ കണ്ട ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വ്യക്തമാക്കി.
അഫ്ഗാനിസ്താനിലെ പാകിസ്താന്റെ ഇടപെടലും തീവ്രവാദത്തിന് അവര്‍ പ്രോത്സാഹനം നല്‍കുന്നതും ഇന്ത്യ ചൂണ്ടിക്കാണിച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്‌ല പറഞ്ഞു.
ജോ ബൈഡനുമായുള്ള മോഡിയുടെ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ക്വാഡ് രാജ്യത്തലവന്മാര്‍ ആദ്യയോഗം ചേര്‍ന്നത്. ഇന്ത്യയും അമേരിക്കയും ഓസ്‌ട്രേലിയയും ജപ്പാനും ചേര്‍ന്നതാണ് ക്വാഡ് സഖ്യം. ജോ ബൈഡന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ആഗോള നന്മക്കായുള്ള സേനയായി പ്രവര്‍ത്തിക്കാന്‍ ഈ ചതുര്‍രാഷ്ട്ര സഖ്യത്തിനാകണമെന്ന് ബൈഡന്‍ പറഞ്ഞു.
നാല് ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മാണിത്. കോവിഡ് മുതല്‍ കാലാവസ്ഥ വ്യതിയാനം വരെയുള്ള വിഷയങ്ങളില്‍ സഹകരിച്ച് പോരാടാനാകണം. ഇന്തോ-പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു. ലോകത്ത്, വിശിഷ്യാ ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും ഐശ്വര്യവും കൊണ്ടുവരാന്‍ ക്വാഡ് രാഷ്ട്രങ്ങളുടെ സഹകരണംകൊണ്ട് സാധിക്കുമെന്ന് സഖ്യം പ്രത്യാശ പ്രകടിപ്പിച്ചു. ആരോഗ്യരംഗത്തും അടിസ്ഥാന സൗകര്യവികസനത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.