എന്റെ സുഹൃത്തിന്റെ അനുഭവം. അദ്ദേഹത്തിന്റെ മകൾക്ക് ഒരു വിവാഹാലോചന വന്നു. ചെറുക്കന് അത്യാവശ്യം സാമ്പത്തികവും ദൈവ വിശ്വാസവും നല്ല ജോലിയുമുണ്ട്. രണ്ടു പേർക്കും പരസ്പരം ഇഷ്ടമായപ്പോൾ അടുത്ത നടപടികളിലേക്ക് നീങ്ങൻ ധാരണയായി. യുവതിയുടെ വീട്ടിൽ നിന്നും യുവാവിന്റെ വീട്ടിലേക്ക് ഏതാനും പേർ വിരുന്നിനെത്തി. അവിടെ നിന്ന് തിരിച്ച് വീടെത്തിയപ്പോൾ യുവതിയുടെ അപ്പൻ ആ വിവാഹം വേണ്ടെന്ന തീരുമാനമാണെടുത്തത്. ഇതു കേട്ട എല്ലാവരും ഞെട്ടി. "ഇത്രയും നല്ല ചെക്കനെ ഇനി എവിടന്നു കിട്ടാനാണ്? എന്ത് കാരണത്താലാണ് ഈ വിവാഹം വേണ്ടന്നു വയ്ക്കുന്നത്?" എല്ലാവർക്കും പറയാനുള്ളത് മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹമിങ്ങനെ മറുപടി നൽകി: "നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. നിങ്ങളെപ്പോലെ തന്നെ ഇത് വേണ്ടെന്നുവച്ചതിൽ എനിക്കും വിഷമമുണ്ട്. അതിന്റെ കാരണം ഞാൻ പറയാം. ആ വീട്ടിൽ ആർക്കും തന്നെ അപ്പനോടും അമ്മയോടും ബഹുമാനമില്ല. രോഗിയായ് കഴിയുന്ന അപ്പനെ കാണണമെന്ന് നമ്മൾ പറഞ്ഞപ്പോൾ അവരാരും അതിന് താത്പര്യം പ്രകടിപ്പിച്ചില്ലല്ലോ? 'അപ്പനെയൊന്നു എഴുന്നേൽപിച്ച് കസേരയിലിരുത്താൻ' അമ്മ ആവശ്യപ്പെട്ടപ്പോൾ 'അപ്പനവിടെ കിടക്കട്ടെ ഇവിടെ വന്നിരുന്നിട്ട് എന്ത് ചെയ്യാനാണ്' എന്നായിരുന്നു മകന്റെ മറുപടി. നിങ്ങളത് ശ്രദ്ധിച്ചോ? രോഗവും ക്ഷീണവും വരുമ്പോൾ ആദരിക്കേണ്ടവരെ അവഗണിക്കുന്ന കുടുംബത്തിലേക്ക് എങ്ങനെ മകളെ വിവാഹം ചെയ്ത് കൊടുക്കും? നാളെ ഈ അവസ്ഥ അവൾക്ക് നേരിട്ടാലും ഇങ്ങനെയല്ലെ സംഭവിക്കുക?" കാര്യങ്ങൾ ഇത്രയേറെ സൂക്ഷ്മതയോടെ നിരീക്ഷിച്ച അപ്പന്റെ തീരുമാനത്തിനു മുമ്പിൽ മറ്റാരുടെയും ശബ്ദം പിന്നീടുയർന്നില്ല. നമ്മുടെ ജീവിതത്തിൽ ഓരോ വ്യക്തിയ്ക്കും കൊടുക്കേണ്ട ആദരവും പരിഗണനയും നൽകാൻ കഴിയുകയെന്നത് ദൈവീകമാണ്. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്: "ആരും വിളക്കുകൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനടിയില്‍ വയ്‌ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തു പ്രവേശിക്കുന്നവര്‍ക്ക് വെളിച്ചം കാണാന്‍ അത് പീഠത്തിന്‍മേല്‍ വയ്‌ക്കുന്നു. മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല...." (ലൂക്കാ 8 : 16-17). ജീവിതത്തിൽ തെളിച്ചമാകേണ്ട വിളക്കുകൾ ഏതെന്ന് തിരിച്ചറിയണം. അങ്ങനെയുള്ള വിളക്കുകൾ സ്ഥാനം തെറ്റുമ്പോഴാണ് ജീവിതം അന്ധകാരമയമാകുന്നതെന്ന സത്യം മറക്കാതിരിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26